ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: പോലീസിന് പിടികൊടുക്കാതെ ഒളിവിൽക്കഴിയുന്ന ബ്ലേഡ് കേസിൽ പ്രതി മടിക്കൈ കണ്ടംകുട്ടിച്ചാലിലെ സുനിൽ കടവത്തിനെ 46, പാർട്ടി സംരക്ഷിക്കുന്നുവെന്ന ആരോപണം മടിക്കൈ നാട്ടിൽ ഒന്നു കൂടി മുറുകി. രണ്ട് വീട്ടമ്മമാരുടെ പരാതികളിൽ നീലേശ്വരം, ഹോസ്ദുർഗ്ഗ് പോലീസ് സ്റ്റേഷനുകളിൽ രണ്ട് കേസ്സുകളാണ് സുനിലിനെ പ്രതി ചേർത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മുൻകൂർ ജാമ്യത്തിന് പോലും ശ്രമിക്കാതെ ഈ വൻകിട ബ്ലേഡുകാരൻ പോലീസിനെയും, നാട്ടുകാരെയും വെല്ലുവിളിച്ച് ഒരു മാസമായി മടിക്കൈ നാട്ടിൽ തന്നെ ഒളിവിൽക്കഴിയുകയാണ്.
സുനിലിന്റെ അടുത്ത ബന്ധു ഒരുക്കിയ ഒളിത്താവളത്തിലാണ് സുനിൽ രാപ്പാർക്കുന്നതെങ്കിലും, പകൽ നേരങ്ങളിൽ സുനിൽ തന്റെ സ്വന്തം കാറിൽ ബങ്കളത്തും, ആലിൻകീഴിലും പ്രത്യക്ഷപ്പെടുന്നുണ്ട്. സുനിലിന് പാർട്ടി സംരക്ഷണമൊരുക്കുകയാണെന്ന് മടിക്കൈയിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി യോഗങ്ങളിൽ പാർട്ടി പ്രവർത്തകർ നേതൃത്വത്തോട് ആരാഞ്ഞത് കഴിഞ്ഞ ദിവസമാണ്. മലപ്പച്ചേരി, ചാളക്കടവ്, കീക്കാംകോട്ട് തുടങ്ങിയ പാർട്ടി ബൂത്ത് കമ്മിറ്റി യോഗങ്ങളിലാണ് പാർട്ടി എന്തിന് ബ്ലേഡുകാരനെ സംരക്ഷിക്കുന്നുവെന്ന ന്യായമായ ചോദ്യം പാർട്ടി മെമ്പർമാർ ചോദിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള പാർട്ടി ബൂത്ത് തല യോഗത്തിലാണ് അണികളുടെ ചോദ്യമുയർന്നത്.
സുനിലിനെ അറസ്റ്റ് ചെയ്യേണ്ടത് പോലീസാണെന്നും, പോലീസിന് മേൽ സുനിൽ വിഷയത്തിൽ പാർട്ടിക്ക് നിയന്ത്രണമൊന്നിമില്ലെന്നും ബൂത്ത് തലയോഗത്തിൽ സിപിഎം പ്രാദേശിക നേതൃത്വം അണികളോട് വിശദീകരിച്ചുവെങ്കിലും അവർ ഒട്ടും തൃപ്തരല്ല. മടിക്കൈ കണ്ടംകുട്ടിച്ചാലിലെ പരേതനായ അമ്പാടിയുടെ മൂത്ത മകനാണ് സുനിൽ. കുറച്ചു വർഷങ്ങൾ സുനിൽ ഗൾഫിലായിരുന്നു. നാട്ടിൽ തിരിച്ചെത്തിയ ശേഷം ചെറിയ രീതിയിൽ തുടങ്ങിയ ബ്ലേഡ് വ്യാപാരം ഇന്ന് പടർന്നു പന്തലിച്ചു നിൽക്കുന്നു. മടിക്കൈ നാട്ടിലെ രാഷ്ട്രീയ പ്രമുഖരുടെ സമ്പാദ്യം ബ്ലേഡിന് നൽകുന്ന സുനിലിന് പ്രദേശത്തെ ബാങ്കിലുള്ള 3 കോടി രൂപയുടെ നിക്ഷേപം ബ്ലേഡ് പണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.