ബ്ലേഡിൽ കുതിർന്ന 2 പവൻ സ്വർണ്ണം സിപിഎം പാർട്ടിക്ക് നാണക്കേട്

കാഞ്ഞങ്ങാട്: മാവോയിസ്റ്റ് സഖാക്കളെപോലും വെല്ലുന്ന രീതിയിൽ പോലീസിന് കീഴടങ്ങാതെ, മടിക്കൈ നാട്ടിൽ ഒളിവിൽ കഴിയുന്ന ബ്ലേഡ് മാഫിയാ തലവൻ സുനിൽ കടവത്തിൽ നിന്ന് സിപിഎം ജില്ലാ സിക്രട്ടറി പാർട്ടി സൗധം പണിയാൻ സംഭാവനയായി സ്വീകരിച്ച രണ്ട് പവൻ സ്വർണ്ണം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വരുത്തിയത് വല്ലാത്ത കളങ്കവും നാണക്കേടും. സിപിഎം നൂറുകോടി രൂപ ചിലവിൽ കാസർകോട് വിദ്യാനഗറിൽ നിർമ്മാണം തുടങ്ങിയ ബഹുനില മന്ദിരത്തിനാണ് ബ്ലേഡ് കേസ്സുകളിൽ പ്രതിയായ മടിക്കൈയിലെ സുനിൽ കടവത്ത് 2019-ൽ രണ്ട് പവൻ സ്വർണ്ണം പാർട്ടി വേദിയിൽ സംഭാവന നൽകിയത്.

പാർട്ടി ജില്ലാ സിക്രട്ടറി എം. വി. ബാലകൃഷ്ണൻ മാഷാണ് സുനിലിൽ നിന്ന് ഈ സ്വർണ്ണം പാർട്ടി സൗധത്തിന് ഏറ്റുവാങ്ങിയത്. സുനിൽ കടവത്തിന്റെ മൂർഛയേറിയ ബ്ലേഡ് കൊണ്ട് മുറിവേറ്റ കണ്ണീരുമായാണ് നീലേശ്വരത്തേയും, കാഞ്ഞങ്ങാട്ടേയും വീട്ടമ്മമാരായ സമീറയും, ഷീബയും പരാതിയുമായി പോലീസിലെത്തിയത്. ഇരു സ്ത്രീകളുടെയും പരാതിയിൽ പോലീസ് കേസ്സ് രജിസ്റ്റർ ചെയ്തതോടെ, പ്രതി സുനിൽ കടവത്ത് മടിക്കൈ നാട്ടിൽ പാർട്ടി സംരക്ഷണത്തിൽ ഒരു മാസമായി ഒളിവിലാണ്.

വിപ്ലവ പ്രസ്ഥാനത്തിന് ചൂടും ചൂരും നൽകിയ ചുവന്ന മണ്ണാണ് മടിക്കൈ.
പാവങ്ങളുടെ പടത്തലവനായ ഏകെജി, കറകളഞ്ഞ കമ്മ്യൂണിസ്റ്റ് ഇ. കെ. നായനാർ, എൻ. ജി. കമ്മത്ത്, കെ. മാധവൻ തുടങ്ങിയ മഹാരഥൻമാർ സ്വന്തം പ്രസ്ഥാനത്തിന്റെ ആദർശം മുറുകെപ്പിടിച്ച് ഒളിവിൽക്കഴിഞ്ഞ കർഷകസമരങ്ങളുടെ ചുവപ്പുമേലാപ്പുള്ള സമകാലിക മടിക്കൈയിലാണ് ഇപ്പോൾ ബ്ലേഡ് കച്ചവടക്കാരനായ, കേരള പോലീസ് തേടുന്ന പ്രതി സുനിൽ ഒളിവിൽക്കഴിയുന്നതെന്ന കാര്യം വൈരുദ്ധ്യവും വിരോധാഭാസവും തന്നെയാണ്. പാളത്തൊപ്പിയിൽ കഞ്ഞി നൽകിയ തൊട്ടുകൂടായ്മയ്ക്കും, തമ്പ്രാനെ വഹിച്ച മഞ്ചൽ വരുമ്പോൾ, കണ്ണിൽപ്പെടാതിരിക്കാൻ, ഹോയ്….എന്ന വിളി കേൾക്കുമ്പോൾ പാടവരമ്പിൽ നിന്നും കർഷകർ ദൂരെ മാറിനിന്ന തീണ്ടിക്കൂടായ്മയ്ക്കുമെതിരെ, തീപ്പൊരികളുയർത്തിയ അന്തകാലത്തെ സഖാക്കൾ നേരിട്ടത് ബ്രിട്ടീഷ് പോലീസിനെയാണെങ്കിൽ, ഇന്ന് ബ്ലേഡ് മാഫിയാ തലവന് ഒളിത്താവളമൊരുക്കി ക്കൊടുത്തത് മടിക്കൈയിലെ ചില സഖാക്കളാണെന്ന് നവോത്ഥാന കാലത്തെ സമര പോരാട്ടവീര്യം കഴിഞ്ഞ 5 വർഷക്കാലമായി കേരള ജനതയെ സദാ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ അറിയണം.

നവോത്ഥാനകാലം മുതൽ അടുത്ത നാൾവരെയും പാർട്ടിക്ക്, കൊട്ടടക്കയും, തേങ്ങയും, വെള്ളരിക്കയും, കോടിമുണ്ടും, മുട്ടനാടിനെയും സംഭാവന നൽകിയ ചരിത്രമുള്ള നാട്ടിൽ ഒരു വൻ ബ്ലേഡുകാരൻ രണ്ടു പവൻ സ്വർണ്ണം പാർട്ടിക്ക് പരസ്യമായി സംഭാവന നൽകുകയും, അക്കാര്യം നാടുനീളെ വിളിച്ചുപറഞ്ഞപ്പോൾ, ഈ മനുഷ്യൻ ആരാണെന്ന് ചോദിച്ച് മടിക്കൈയിൽ ബ്രിട്ടീഷ് പോലീസിന്റെ മർദ്ദനമേറ്റ പാടുകൾ ഇന്നും ശരീരത്തിൽ സൂക്ഷിക്കുന്ന കണ്ണേട്ടനും, പൊക്കായിയും അതിശയത്തോടെ ആരാഞ്ഞതാണ്. ബ്ലേഡിൽ കുടങ്ങി ഹൃദയം മുറിഞ്ഞുപോയ അമ്മമാരുടെ ചുടുകണ്ണീര് വീണ സുനിൽ കടവത്തിന്റെ ആ രണ്ടുപവൻ സ്വർണ്ണം പാർട്ടി എത്രയും പെട്ടെന്ന് തിരിച്ചുകൊടുക്കാനുള്ള ആർജ്ജവം ഇപ്പോൾ എംഎൽഏ പദവി ആഗ്രഹിക്കുന്ന നേതാവ് എം. വി. ബാലകൃഷ്ണൻ മാഷ് കാണിക്കണം.

ബ്ലേഡുപോലെ മൂർഛയുള്ള ആ സ്വർണ്ണം കൊണ്ട് പണിതുയർത്തപ്പെടുന്ന പാർട്ടി മന്ദിരം ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റിന്റെ പാർട്ടി മന്ദിരമായിരിക്കില്ല. ബ്ലേഡുകാരെയും, കൊള്ളക്കാരെയും, ജനവഞ്ചകരേയും മാറ്റി നിർത്തി കർഷകരുടെയും, സാധാരണക്കാരുടെയും അധ്വാനിക്കുന്നവരുടെയും, സ്പന്ദനങ്ങൾ എക്കാലവും തൊട്ടറിഞ്ഞ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഇങ്ങ് വടക്കിന്റെ അതിർത്തി ദേശത്ത് സൗധം പണിയാൻ എന്തിനാണ്, ബാങ്കിൽ കോടികളുടെ ബ്ലേഡ് നിക്ഷേപമുള്ള, അറിയപ്പെടുന്ന ബ്ലേഡുകാരന്റെ രണ്ട് പവൻ സ്വർണ്ണം-?.
നവോത്ഥാനകാലത്തായിരുന്നുവെങ്കിൽ, ഇപ്പോൾ സുനിലിനെ മടിക്കൈയിലെ നെഞ്ചുറപ്പുള്ള കർഷകർ തന്നെ പിടികൂടി പോലീസിൽ ഏൽപ്പിക്കുമായിരുന്നു.
രണ്ട് ബ്ലേഡു കേസുകളിൽ പ്രതിയായിട്ടും, സുനിലിനെ പാർട്ടി അംഗത്വത്തിൽ നിന്നും മാറ്റി നിർത്താനുള്ള ചങ്കൂറ്റം പോലും മടിക്കൈ പാർട്ടി ഇതുവരെ കാണിച്ചിട്ടില്ല.

LatestDaily

Read Previous

ദുസ്വഭാവികളെ സംയുക്ത ജമാഅത്ത് നേതൃസ്ഥാനത്ത് നിന്നൊഴിവാക്കണം

Read Next

തൊണ്ണൂറായിരം രൂപയ്ക്ക് മാസപ്പലിശ പത്തായിരം കോട്ടപ്പുറം യുവാവിനെ സുനിൽ കള്ളക്കേസ്സിൽ കുടുക്കി