മടിക്കൈയിൽ പിൻവാതിൽ ഭരണ നീക്കം

കാഞ്ഞങ്ങാട്: മടിക്കൈ ഗ്രാമ പഞ്ചായത്തിൽ നായർ വനിതയെ അദ്ധ്യക്ഷ പദവിയിൽ പ്രതിഷ്ഠിക്കാനുള്ള സിപിഎമ്മിലെ ചിലരുടെ നീക്കത്തിന് പിന്നിൽ പിൻവാതിൽ ഭരണമാണ് ലക്ഷ്യം.

മടിക്കൈ പാർട്ടിയിൽ ശക്തി പ്രാപിച്ച ജാതി രാഷ്ട്രീയ ലോബികൾ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഗ്രാമ പഞ്ചായത്തിന്റെ അധ്യക്ഷ പദവിയിൽ അവരോധിക്കാൻ കണ്ടുവെച്ചിട്ടുള്ള സ്ത്രീ സാവിത്രിയാണ്.

സിപിഎം ലോക്കൽ  കമ്മിറ്റിയംഗായ സാവിത്രിക്ക് പഞ്ചായത്ത് ഭരണത്തിൽ മുൻ പരിചയമൊന്നുമില്ല. മത്സരിച്ചാൽ തെരഞ്ഞെടുപ്പിനെ നേരിടുന്നത് നടാടെയായിരിക്കും. 

മടിക്കൈയിലെ ആദ്യകാല അധ്യാപകൻ ഗോവിന്ദൻ മാഷിന്റെ ഒമ്പതു മക്കളിൽ ഇളയവളാണ് ജാതികൊണ്ട് നായർ വനിതയായ സാവിത്രി.

വനിതാ ഗ്രാമത്തലവിയെ മുന്നിൽ നിർത്തി ഇനിയുള്ള 5 വർഷക്കാലം പിൻവാതിൽ ഭരണത്തിനുള്ള ചിലരുടെ നീക്കമാണ് നായർ ഗ്രാമത്തലവി എന്ന ആശയം.

കർഷക കമ്മ്യൂണിസ്റ്റ് ചരിത്രമുറങ്ങുന്ന മടിക്കൈയിൽ നിലവിലുള്ള ഗ്രാമത്തലവൻ സി. പ്രഭാകരൻ ജാതി കൊണ്ട് തീയ്യനാണ്.

പോയ 5 വർഷക്കാലം തീയ്യ പ്രസിഡന്റ്  ഗ്രാമം ഭരിച്ചതിനാൽ ഇത്തവണ നായർ വനിത ഗ്രാമത്തലവിയാകണമെന്ന് മണിയാണി-നായർ-വാണിയ വിഭാഗങ്ങളടങ്ങുന്ന  മടിക്കൈ  ജാതി രാഷ്ട്രീയ ലോബി കാലേക്കൂട്ടി സ്വീകരിച്ച തീരുമാനത്തിന്റെ ഫലമാണ് ഇത്തവണ ത്തെ നായർ ഗ്രാമത്തലവി എന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധ നീക്കം.

മടിക്കൈയിൽ കാലാകാലങ്ങളായി അക്കരെ ഇക്കരെ പ്രശ്നം രാഷ്ട്രീയത്തിലും കലാസാംസ്കാരിക രംഗത്തും കടന്നുവരാറുണ്ട്.

മടിക്കൈ ഗ്രാമത്തിന്റെ തെക്കേയറ്റം, നീലേശ്വരം ഗ്രാമ പഞ്ചായത്ത് അതിർത്തിയിൽ ബങ്കളത്താണ്.

വടക്കേയറ്റം കാഞ്ഞങ്ങാട് നഗരസഭ പ്രദേശത്തിന്റെ വടക്ക് അരയിയോട് ചേർന്നു നിൽക്കുന്നു.

മടിക്കൈ ഗ്രാമത്തിന്റെ ഏതാണ്ട് മധ്യത്തിലൂടെ ഒഴുകുന്ന കണിച്ചിറപ്പുഴയുടെ തെക്കും വടക്കുമാണ്  മടിക്കൈ നിവാസികൾക്ക് അക്കരെയും ഇക്കരെയും ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും അക്കരക്കാർക്കും ഇക്കരക്കാർക്കു  തുല്യ  പ്രാധാന്യമുണ്ട്.

പ്രസിഡന്റ് സി. പ്രഭാകരന് തൊട്ടു മുമ്പ് പ്രീതയായിരുന്നു ഗ്രാമത്തലവി. പ്രീത ഇക്കരക്കാരിയാണെങ്കിൽ കണ്ടു വെച്ച വനിതാ അദ്ധ്യക്ഷ സാവിത്രി അക്കരക്കാരിയാണ്.

നാദക്കോട്ട് , തീയ്യർപാലം, മുണ്ടോട്ട് നാര തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് അക്കര മടിക്കൈ.

പുഴയ്ക്ക് ഇക്കരെ മടിക്കൈ ഗ്രാമപഞ്ചായത്ത് ആപ്പീസും സെക്കന്റ് ഹൈസ്കൂളും ആയുർവേദാശുപത്രിയും മുതൽ ബങ്കളം വരെ പരന്നു കിടക്കുന്നു.

പണ്ടു കാലത്ത് ഗ്രാമപഞ്ചായത്തിൽ അക്കരെ- ഇക്കരെ പ്രാദേശികം മുന്നോട്ടുയർത്തി  സ്ഥാനാർത്ഥികളെ വീതം വെക്കലായിരുന്നുവെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ പോലും നവോത്ഥാന കാലമെന്താണെന്ന് കൂടെക്കൂടെ ഓർമിപ്പിക്കുമ്പോഴും, കമ്മ്യൂണിസ്റ്റ് കോട്ടയിൽ സ്ഥാനാർത്ഥികളെപ്പോലും ജാതി തിരിച്ച് വീതം വെക്കാൻ തുടങ്ങിയത് മടിക്കൈ പാർട്ടിയുടെ മുൻനിര നേതാക്കൾ തന്നെയാണ്.

പുരോഗമന രാഷ്ട്രീയം തമസ്കരിക്കപ്പെടുകയും പകരം മടിക്കൈയിൽ ജാതീയത ശക്തിപ്പെടുകയും ചെയ്തു കഴിഞ്ഞു.

നായർ, വാണിയ, മണിയാണി വിഭാഗങ്ങൾ ഉന്നത കുല ജാതരായി രംഗത്തിറങ്ങിയതോടെ മടിക്കൈയിൽ തീയ്യരും സംഘടിക്കാനും അവകാശങ്ങൾ സ്ഥാപിക്കാനുമുള്ള ആലോചനയിലാണ്.

ജാതി രാഷ്ട്രീയം മടിക്കൈയിൽ  ആധിപത്യമുറപ്പിക്കുമ്പോൾ, ചത്തു പോകുന്നത് കമ്മ്യൂണിസം എന്ന പുരോഗമന ആശയമാണ്.

LatestDaily

Read Previous

ഗീതക്കെതിരായ അധിക്ഷേപം; രാജനെതിരെ കോൺഗ്രസ്സ് അച്ചടക്ക നടപടി

Read Next

കോവിഡ് കാസര്‍കോട്ട് രണ്ടാം മരണം