ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: അട്ടപ്പാടി മധു വധക്കേസില്‍ കോടതിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം തള്ളി പ്രതിഭാഗം അഭിഭാഷകൻ അനിൽ കെ മുഹമ്മദ്. അട്ടപ്പാടി മധു വധക്കേസിൽ ജാമ്യം റദ്ദാക്കാൻ വിചാരണക്കോടതിക്ക് അധികാരമില്ലെന്ന് മാത്രമാണ് വാദിച്ചതെന്നും കോടതിയിൽ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ അനിൽ കെ മുഹമ്മദ് പറഞ്ഞു.
വിചാരണക്കോടതി ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. മണ്ണാർക്കാട് കോടതിക്ക് ഇതിൽ ഇടപെടാൻ അധികാരമില്ല. ഇത് കോടതിയിൽ വാദിച്ചു. ജാമ്യം റദ്ദാക്കിയാൽ ഹൈക്കോടതിയിൽ നിന്ന് പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നോ ജഡ്ജിയുടെ ഫോട്ടോ സഹിതം വാർത്തയുണ്ടാകുമെന്നോ താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തുറന്ന കോടതിയിൽ എല്ലാവരുടെയും മുന്നിലാണ് വാദം കേട്ടതെന്നും ജാമ്യം റദ്ദാക്കിയ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രതിഭാഗം അഭിഭാഷകന്‍റെ വാദങ്ങൾക്ക് താൻ സാക്ഷിയാണെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം മേനോൻ പറഞ്ഞു. “വാദത്തിന്റെ സമയങ്ങളില്‍ ഞാന്‍ കോടതിയില്‍ ഉണ്ടായിരുന്ന ആളാണ്. അങ്ങനെയൊരു കാര്യം അദ്ദേഹം പറഞ്ഞു എന്നത് സത്യമാണ്. അത് കോടതിയുടെ ഉത്തരവില്‍ പരാമര്‍ശമായി വരുമെന്ന് ഞാനും പ്രതീക്ഷിച്ചില്ല” അദ്ദേഹം പറഞ്ഞു.