മധു വധക്കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ശരിവെച്ച് ഹൈക്കോടതി

കൊച്ചി: അട്ടപ്പാടി മധു വധക്കേസിലെ 11-ാം പ്രതി ഒഴികെയുള്ള 11 പ്രതികളുടെയും ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. ജസ്റ്റിസ് കൗസർ എടപ്പഗമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പതിനൊന്നാം പ്രതി ഷംസുദ്ദീന്‍റെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. മരക്കാർ, അനീഷ്, ബിജു, സിദ്ദീഖ് തുടങ്ങിയവരുടെ ഹർജികളാണ് തള്ളിയത്. സാക്ഷികളെ സ്വാധീനിച്ചിട്ടുണ്ടെന്ന് വ്യക്തമായതോടെയാണ് പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കിയത്. പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് മധുവിന്‍റെ സഹോദരി പ്രതികരിച്ചു.

അതേസമയം, അട്ടപ്പാടി മധു വധക്കേസിലെ ഒരു സാക്ഷി കൂടി മൊഴി മാറ്റി. 46-ാം സാക്ഷി അബ്ദുൾ ലത്തീഫ് കൂറുമാറി. മധുവിനെ പ്രതികൾ പൊക്കിയെടുത്ത് മർദ്ദിക്കുന്നത് കണ്ടെന്നായിരുന്നു അബ്ദുൾ ലത്തീഫിന്‍റെ ആദ്യ മൊഴി. ഇത് വിചാരണക്കോടതിയിൽ തിരുത്തി പറഞ്ഞു. മധു വധക്കേസിലെ പ്രതികളായ നജീബിന്‍റെയും മുനീറിന്‍റെയും പിതാവാണ് അബ്ദുല്ലത്തീഫ്. ഇന്ന് വിസ്തരിച്ച 44-ാം സാക്ഷി ഉമ്മറും 45-ാം സാക്ഷി മനോജും പ്രോസിക്യൂഷന് അനുകൂലമായ മൊഴി നൽകി.

 മധുവിന്‍റെ അമ്മയുടെയും സഹോദരിയുടെയും വിസ്താരം ഇന്ന് നിശ്ചയിച്ചിരുന്നെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. വിചാരണ നടപടികൾ ചിത്രീകരിക്കണമെന്ന അമ്മ മല്ലിയുടെ ഹർജിയിൽ തീരുമാനമെടുത്ത ശേഷമായിരിക്കും വാദം കേൾക്കുക. കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് 29-ാം സാക്ഷി സുനിൽ കുമാറിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജി മണ്ണാർക്കാട് പട്ടികജാതി/പട്ടികവർഗ വിചാരണക്കോടതി വ്യാഴാഴ്ച പരിഗണിക്കും.

K editor

Read Previous

റോഡില്‍ ഇറങ്ങുന്നവര്‍ തിരിച്ച് ശവപ്പെട്ടിയില്‍ പോകേണ്ടിവരരുത്: ഹൈക്കോടതി 

Read Next

പിണറായിക്ക് മുഖ്യമന്ത്രി കസേരയിൽ തുടരാന്‍ യോഗ്യതയില്ല: കെ സുധാകരന്‍