പോലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങിയോടിയ മോഷ്ടാവ് പിടിയിൽ

കാഞ്ഞങ്ങാട് : മോഷ്ടിച്ച മൊബൈൽ ഫോണുകളുമായി പോലീസ് അറസ്റ്റ് ചെയ്ത മോഷ്ടാവ് പോലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങിയോടി. പെരിയ ചെർക്കാപ്പാറ സ്വദേശി ബാദുഷയാണ് 22, ഇന്ന് രാവിലെ അമ്പലത്തറ പോലീസ് സ്റ്റേഷനിൽ നിന്നും പാറാവുകാരന്റെ കണ്ണുവെട്ടിച്ച് ഒാടി രക്ഷപ്പെട്ടത്. അമ്പലത്തറ ടൗണിൽ മോഷ്ടിച്ച ഫോണുകൾ വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ അമ്പലത്തറ പോലീസ് കസ്റ്റഡിയിലെടുത്തത്.

യുവാവിന്റെ പക്കൽ നിന്നും രണ്ട് സെൽഫോണുകൾ പോലീസ് കണ്ടെത്തി സ്റ്റേഷനിലെത്തിച്ചപ്പോഴാണ് പ്രതി പോലീസുകാരുടെ കണ്ണ് വെട്ടിച്ച് ഒാടി രക്ഷപ്പെട്ടത്. സ്റ്റേഷന് കിഴക്ക് ഭാഗത്തേക്ക് ഒാടിയ പ്രതിയെ പിന്നീട് പോലീസ് സ്റ്റേഷന് സമീപം ആൾ താമസമില്ലാത്ത വീട്ടിനകത്ത് ഒളിച്ചിരിക്കുന്നതായി കണ്ടെത്തി. പിന്തുടർന്നെത്തിയ പോലീസ് പല ഭാഗങ്ങളിലും അന്വേഷണം നടത്തിയ ശേഷമാണ് ബാദുഷയെ പിടികൂടിയത്.

പ്രതി പിടിയിലായതോടെയാണ് പോലീസുകാർക്ക് ആശ്വാസമായത്. ഉത്തരേന്ത്യൻ തൊഴിലാളികളിൽ നിന്നും മോഷ്ടിച്ച മൊബൈൽ ഫോണുകളാണ് പ്രതി വിൽക്കാൻ ശ്രമിച്ചതെന്നാണ് വിവരം. മൂന്നാം മൈലിൽ താമസിക്കുന്ന ഉത്തരേന്ത്യൻ തൊഴിലാളികളിൽ നിന്നും മോഷണം പോയ ഫോണുകളാണോ ഇതെന്ന് പരിശോധിച്ച് വരികയാണ് പോലീസ്.

LatestDaily

Read Previous

നീലേശ്വരത്ത് മൂന്നിടത്ത് പുതുവർഷ അടി; കുഴപ്പക്കാരെ പോലീസ് വിരട്ടിയോടിച്ചു

Read Next

അഭിഭാഷക തിരഞ്ഞെടുപ്പ് 8 ‑ന് സിപിഎമ്മും കോൺഗ്രസ്സും തമ്മിൽ പോരാട്ടം