ലിംഗായത്ത് മഠാധിപതി സ്വാമി ബസവലിംഗ ഹണിട്രാപ്പിന് ഇരയായെന്ന് പൊലീസ്

ബെംഗളൂരു: മഠത്തിനുള്ളിൽ തൂങ്ങിമരിച്ച ലിംഗായത്ത് മഠാധിപതി സ്വാമി ബസവലിംഗ ഹണിട്രാപ്പിന് ഇരയായിട്ടുണ്ടെന്ന് കർണാടക പൊലീസ്. തന്‍റെ മരണത്തിന് പിന്നിൽ അജ്ഞാതയായ സ്ത്രീയാണെന്ന് സ്വാമി ബസവലിംഗ ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നു. ബസവലിംഗയുമായുള്ള വീഡിയോ കോളുകൾ റെക്കോർഡ് ചെയ്ത് യുവതിയും കൂട്ടാളികളും ഭീഷണിപ്പെടുത്തിയിരിക്കാം എന്നാണ് പൊലീസിന്റെ സംശയം.

ലിംഗായത്ത് മഠത്തിൽ നിന്ന് തന്നെ പുറത്താക്കാൻ ഒരു സ്ത്രീ അടക്കം ബ്ലാക്ക്മെയിൽ ചെയ്തുവെന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. മഠത്തിൽ തന്നെയുള്ള രണ്ട് പേരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്.

ലിംഗായത്ത് മഠാധിപതി ബസവലിംഗ സ്വാമിയെ തിങ്കളാഴ്ചയാണ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ വൈകിയും മുറി തുറക്കാത്തതിനെ തുടർന്ന് ജീവനക്കാർ മുറി തുറന്ന് നോക്കിയപ്പോഴാണ് സ്വാമിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനൊപ്പം സ്വാമിയുടെ ആത്മഹത്യാക്കുറിപ്പും മുറിയിൽ നിന്ന് കണ്ടെത്തിയിരുന്നു. ഈ കുറിപ്പിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഹണി ട്രാപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. 

Read Previous

ജല വകുപ്പ് ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ചു; ഉത്തരവുമായി മന്ത്രി റോഷി അഗസ്റ്റിൻ

Read Next

ശ്രീനിവാസൻ വധം; മുൻ എസ്‍ഡിപിഐ സംസ്ഥാന ഭാരവാഹി അറസ്റ്റിൽ