ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പട്ടികജാതിക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാമൂഹിക വികസന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ലൈഫ് മിഷന് കീഴിൽ പട്ടികജാതിക്കാർക്കുള്ള വീടുകളുടെ നിർമ്മാണം മൂന്ന് വർഷത്തിനുള്ളിൽ സർക്കാർ പൂർത്തിയാക്കും. 2021-22 സാമ്പത്തിക വർഷത്തിൽ 418 കോടി രൂപയാണ് പട്ടികജാതി പട്ടികവർഗ വകുപ്പുകൾ ലൈഫ് മിഷനിലേക്ക് കൈമാറിയത്. ലൈഫ് മിഷനായി ഈ വർഷം 440 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കേരളത്തിലെ ഓരോ പട്ടികജാതി കുടുംബത്തിന്റെയും പ്രശ്നങ്ങൾ സമഗ്രമായി പരിശോധിച്ച് പരിഹരിക്കാവുന്ന തരത്തിലാണ് ഇനി പദ്ധതികൾ നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.
പട്ടികജാതിക്കാരുടെ സമഗ്രവികസനം സാധ്യമാക്കുന്ന പദ്ധതിയെക്കുറിച്ച് പി പി സുമോദ് എം എൽ എയുടെ ചോദ്യത്തിന് മറുപടിയായി നിയമസഭയിൽ വിശദീകരിക്കുകയായിരുന്നു മന്ത്രി. വിവിധ വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതികളിലെ ഇരട്ടിപ്പ് ഒഴിവാക്കും. വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യം, ഭൂമി തുടങ്ങിയ ഓരോ പട്ടികജാതി കുടുംബത്തിലെയും പ്രശ്നങ്ങൾ സൂക്ഷ്മതലത്തിൽ പരിശോധിച്ച് കണ്ടെത്തും. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്ന പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
വകുപ്പിൻെറ പദ്ധതികൾ നടപ്പാക്കാൻ കൂടുതൽ സാങ്കേതിക സൗകര്യങ്ങളുള്ള ഏജൻസികളെ പരിഗണിക്കും. അംബേദ്കർ കോളനി ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങളിൽ വലിയ പുരോഗതിയുണ്ട്. പദ്ധതികളുടെ വിശദമായ മേൽനോട്ടത്തിനായി എം.എൽ.എമാരെ ചെയർപേഴ്സൺമാരായി ഉൾപ്പെടുത്തി ഈ സർക്കാർ മോണിറ്ററിംഗ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. ഈ സമിതികളുടെ ഇടപെടൽ പദ്ധതികൾ സമയബന്ധിതവും ഫലപ്രദവുമായ രീതിയിൽ നടപ്പാക്കാൻ സഹായിക്കുമെന്നും രാധാകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു.