ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെന്നൈ: പുകവലിക്കുന്ന കാളീദേവിയുടെ പോസ്റ്ററിന്‍റെ പേരിൽ നിയമനടപടി നേരിടുന്ന ഡോക്യുമെന്‍ററി സംവിധായിക ലീന മണിമേഖല ശിവന്‍റെയും പാർവതിയുടെയും വേഷമിട്ടവർ പുകവലിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. “ഇത് എന്‍റെ സിനിമയിലെ ഒരു രംഗമല്ല, മറിച്ച് ഗ്രാമീണ ഇന്ത്യയിലെ നാടോടി കലാകാരൻമാരുടെ ജീവിതമാണ്” എന്ന അടിക്കുറിപ്പോടെയാണ് അവർ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
തമിഴ്നാട്ടിലെ മധുരയിൽ ജനിച്ച് കാനഡയിലെ ടൊറന്‍റോയിൽ താമസിക്കുന്ന ലീന കഴിഞ്ഞ ദിവസം തന്‍റെ പുതിയ ഡോക്യുമെന്‍ററി ചിത്രത്തിന്‍റെ പോസ്റ്റർ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. കാളി ദേവിയുടെ വേഷം ധരിച്ച ഒരു സ്ത്രീ പുകവലിക്കുന്നത് പോസ്റ്ററിൽ കാണാം. ഹിന്ദു ദൈവങ്ങളെ അപമാനിച്ചതിന് ലീനയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചാരണം ആരംഭിക്കുകയും നിരവധി പോലീസ് സ്റ്റേഷനുകളിൽ പരാതികൾ നൽകുകയും ചെയ്തിരുന്നു.
ഉത്തർപ്രദേശ്, ഹരിയാന, മധ്യപ്രദേശ് സർക്കാരുകളാണ് ലീനയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്ത്യൻ നയതന്ത്രകാര്യാലയത്തിന്റെ പരാതിയെത്തുടർന്ന് ടൊറന്റോയിലെ ആഗാഖാൻ മ്യൂസിയത്തിൽ നടക്കുന്ന റിഥം ഓഫ് കാനഡ മേളയിൽനിന്ന് ഈ സിനിമ ഒഴിവാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ശിവന്‍റെയും പാർവതിയുടെയും വേഷം ധരിച്ചവർ ചില സാംസ്കാരിക പരിപാടികളുടെ ഇടവേളയിൽ പുകവലിക്കുന്ന ചിത്രം ലീന പങ്കുവച്ചത്.