ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: നഗരസഭാ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ നാമ നിർദ്ദേശ പത്രിക സമർപ്പിച്ച മുസ്്ലീം ലീഗിന്റെ റിബൽ സ്ഥാനാർത്ഥികളെ അനുനയിപ്പിക്കാൻ പാണക്കാട് നിന്നുള്ള പ്രതിനിധി കാഞ്ഞങ്ങാട്ടെത്തി. റിബൽ സ്ഥാനാർത്ഥികളുമായി ലീഗ് പ്രാദേശിക നേതൃത്വം നടത്തിയ അനുനയ ചർച്ചകൾ ഫലിക്കാതെ വന്നപ്പോഴാണ് അനുനയശ്രമവുമായി പാണക്കാടിന്റെ പ്രതിനിധി ഇന്ന് കാഞ്ഞങ്ങാട്ടെത്തിയത്. ലീഗ് റിബൽ സ്ഥാനാർത്ഥികളായ കെ.കെ. ഇസ്മായിൽ , എം.ഇബ്രാഹിം, ആസിയ ഉബൈദ് എന്നിവരുടെ നാമ നിർദ്ദേശ പത്രിക പിൻവലിപ്പിക്കാനുള്ള സമ്മർദ്ദ തന്ത്രങ്ങളുടെ ഭാഗമായാണ് പാണക്കാടിന്റെ പ്രതിനിധി കാഞ്ഞങ്ങാട്ടെത്തിയത്.
ആറങ്ങാടി നിലാങ്കര വാർഡിലെ റിബൽ സ്ഥാനാർത്ഥി കെ.കെ. ഇസ്മായിൽ സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിൻമാറും. മറ്റുള്ള സ്ഥാനാർത്ഥികൾ ഇതുവരെ വഴങ്ങിയിട്ടില്ല. ഇബ്രാഹിമുമായി ലീഗ് നേതാക്കളായ എൻ.ഏ.ഖാലിദ്, കെ. മുഹമ്മദ് കുഞ്ഞി, എം.പി.ജാഫർ, എന്നിവർ അനുനയചർച്ചകൾ നടത്തിയെങ്കിലും ഫലിച്ചില്ല. സ്ഥാനാർത്ഥിത്വം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ലീഗ് നേതാക്കൾ ആസിയ ഉബൈദിനെയും സമീപിച്ചിരുന്നുവെങ്കിലും അവരും വഴങ്ങിയിട്ടില്ല. ലീഗിന്റെ പ്രാദേശിക നേതൃത്വത്തിൽ നിന്നും അഡ്വ. എൻ.ഏ ഖാലിദ്, സി.കെ. റഹ്മത്തുള്ള, കെ.കെ. ജാഫർ എന്നിവരെ മാറ്റണമെന്ന ആവശ്യമാണ് ലീഗിന്റെ റിബൽ സ്ഥാനാർത്ഥികൾ നേരത്തെ മുന്നോട്ട് വെച്ചത്.
ബാവനഗർ 37-ാം വാർഡിൽ ലീഗിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായ സി.കെ. അഷ്റഫിനെതിരെയാണ് എം.ഇബ്രാഹിം മത്സരിക്കുന്നത്. 40-ാം വാർഡിലെ ഔദ്യോഗിക സ്ഥാനാർത്ഥി സി.എച്ച് സുബൈദയ്ക്കെതിരെ ആസിയാ ഉബൈദാണ് റിബൽ സ്ഥാനാർത്ഥി. കെ.കെ. ഇസ്മായിൽ ആറങ്ങാടി നിലാങ്കര 18-ാം വാർഡിലാണ് റിബൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. നിലാങ്കരയിൽ മുൻ എക്സൈസ് ഉദ്യോഗസ്ഥൻ അസീസാണ് ഔദ്യോഗിക സ്ഥാനാർത്ഥി. അതിനിടെ നിലാങ്കര സീറ്റ് പേയ്മെന്റ് സീറ്റാണെന്ന ആരോപണമുയർന്നിട്ടുണ്ട്. ലീഗിലെ സാധാരണക്കാരായ പ്രവർത്തകർക്ക് സീറ്റ് നിഷേധിച്ച ലീഗ് നേതൃത്വം പണമുള്ളവരുടെ പിന്നാലെയാണെന്ന ആരോപണമുയർന്നിട്ടുണ്ട്. കെ.കെ. ഇസ്മായിൽ അനുനയശ്രമങ്ങൾക്ക് ഏതാണ്ട് വഴങ്ങിയിട്ടുണ്ടെങ്കിലും ആസിയ ഉബൈദ് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ്. ആസിയയെ അനുനയിപ്പിക്കാൻ ലീഗ് നേതാക്കളായ സി.കെ. റഹ്മത്തുള്ള കെ. മുഹമ്മദ് കുഞ്ഞി എന്നിവർ ഇന്ന് രാവിലെ ആസിയ ഉബൈദിനെ നേരിൽക്കണ്ടെങ്കിലും, അവർ സ്ഥാനാർത്ഥിത്വം പിൻവലിക്കില്ലെന്ന് അർത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്. ലീഗിന്റെ റിബൽ സ്ഥാനാർത്ഥികളിൽ ആരൊക്കെ മത്സര രംഗത്തുണ്ടാകുമെന്ന് ഇന്ന് വൈകുന്നേരത്തോടെ വ്യക്തമാകും.