ലീഗ് വിമത സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിച്ച നേതാക്കൾക്ക് നേരെ അക്രമം

അക്രമത്തിനിരയായത് കാഞ്ഞങ്ങാട് നഗരസഭ ലീഗ് വിമത സ്ഥാനാർത്ഥി എം. ഇബ്രാഹിമിന്റെ ചീഫ് ഏജന്റുമാർ

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭ 37-ാം വാർഡ് ബാവനഗറിലെ മുസ്്ലീം ലീഗിന്റെ വിമത സ്ഥാനാർഥിയായ എം. ഇബ്രാഹിമിന്റെ ചീഫ് ഇലക്ഷൻ ഏജന്റുമാരായ മുസ്്ലീം ലീഗ് പ്രാദേശിക നേതാക്കളെ ലീഗ് പ്രവർത്തകർ ആക്രമിച്ചു. മുസ്്ലീം ലീഗ് ബാവനഗർ 37-ാം വാർഡ് ജനറൽ സിക്രട്ടറി അബ്ദുൾ റഹ്മാൻ 47, മുൻ വാർഡ് ജനറൽ സിക്രട്ടറിയായ സ്ഥാനാർത്ഥിയുടെ ചീഫ് ഇലക്ഷൻ ഏജന്റ് സുബൈർ കളത്തിൽ എന്നിവർക്ക് നേരെയാണ് ഇന്ന് രാവിലെ 10 മണിയോടെ ബാവനഗറിൽ ആക്രമണമുണ്ടായത്.

മുസ്്ലീം ലീഗ് ശാഖാ ഓഫീസ് പരിസരത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയുടെ പ്രചാരണ ബോർഡുകൾ സ്ഥാപിച്ചതിൽ പ്രകോപിതരായ ഇരുപതോളം വരുന്ന ലീഗ് പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് പരിക്കേറ്റവർ പറഞ്ഞു. ലീഗ് ഓഫീസ് പരിസരത്ത് ബോർഡ് സ്ഥാപിക്കുന്നതിനിടെ സംഘടിച്ചെത്തിയ മുസ്്ലീം ലീഗ് പ്രവർത്തകർ പാർട്ടിയുടെ വാർഡ് ജനറൽ സിക്രട്ടറിയേയും, ലീഗ് വിമത സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ഏജന്റിനേയും പിന്നിൽ നിന്നും ചവിട്ടി വീഴ്ത്തുകയായിരുന്നു. ജലീൽ, ഫസലുറഹ്മാൻ, നൗഷാദ്, റിയാസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അക്രമം.

ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുബൈറിന്റെയും അബ്ദുൾ റഹ്മാന്റേയും മൊഴിയെടുത്ത ഹൊസ്ദുർഗ് പോലീസ് അന്വേഷണമാരംഭിച്ചു. സംഘർഷാവസ്ഥ നിലനിൽക്കുന്ന ബാവനഗറിൽ പോലീസെത്തിയിട്ടുണ്ട്. സി.കെ. അഷറഫാണ് ബാവനഗർ വാർഡിലെ മുസ്്ലീം ലീഗിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി. മുസ്്ലീം ലീഗ് ജില്ലാ പ്രവർത്തക സമിതിയംഗമായിരുന്ന എം. ഇബ്രാഹിം, സി.കെ. അഷറഫിനെതിരെ മത്സര രംഗത്ത് വന്നതോടെ ബാവനഗർ വാർഡിൽ മത്സരം കടുക്കുകയായിരുന്നു. ഇരു വിഭാഗവും പ്രചാരണ രംഗത്ത് കരുത്ത് കാട്ടാനിറങ്ങിയതോടെയാണ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ സംഘർഷത്തിലേക്ക് നീങ്ങിയത്.

LatestDaily

Read Previous

പടന്നക്കാട്ട് വിജയം അത്ര എളുപ്പമല്ല

Read Next

വീടുവിട്ട 18– കാരി കോടതിയിൽ 45– കാരനൊപ്പം പോയി