ലയങ്ങളിലെ ആടുജീവിതങ്ങൾ

പൊട്ടലയങ്ങൾ നാങ്കൾക്ക് എസി ബംഗ്ലാ ഉങ്കൾക്ക് ” 2015 സെപ്‌തംബറിൽ നൂൽമഴ നനഞ്ഞ് മൂന്നാറിലെ തെരുവിൽ ആയിരക്കണക്കിന് തോട്ടം തൊഴിലാളി സ്ത്രീകൾ തൊണ്ടപൊട്ടുമാറ് ഉച്ചത്തിൽ വിളിച്ച മുദ്രാവാക്യങ്ങളിലൊന്നാണിത്.

അഞ്ച് വർഷങ്ങൾക്കിപ്പുറവും തോട്ടം മേഖലയിൽ സ്ഥിതിക്ക് യാതൊരു മാറ്റവുമില്ല. മഞ്ഞും മഴയും കൊണ്ട് മലകയറി, കങ്കാണിമാരുടെ ചീത്തയും കേട്ട് 12 മണിക്കൂറിലേറെ പണിയെടുത്ത് മടങ്ങുന്ന തൊഴിലാളികൾ തിരികെ വന്ന് ഒന്ന് നടുവ് നിവർത്താനൊരുങ്ങുന്ന ലയങ്ങളുടെ ദയനീയാവാസ്ഥ വാക്കുകൾ കൊണ്ട് വിവരിക്കാനാവുന്നതല്ല. ഒറ്റവാക്കിൽ മറ്റൊരു നരകമെന്നേ വിശേഷിപ്പിക്കാനാകൂ. നമ്മുടെ നാട്ടിലെ കാലിത്തൊഴുത്തുകൾ ഇതിലും എത്രയോ ഭേദം.

നൂറിലേറെ വർഷം പഴക്കമുള്ള ഷീറ്റ് മേഞ്ഞ രണ്ട് മുറി ലയങ്ങളിൽ ആറും ഏഴും പേരടങ്ങിയ കുടുംബമാണ് ജീവിതം തള്ളിനീക്കുന്നത്. ഭക്ഷണം പാകം ചെയ്യുന്നതും കഴിക്കുന്നതും കിടക്കുന്നതുമെല്ലാം ഈ രണ്ട് മുറികളിൽ തന്നെ.

സ്വകാര്യതയെന്തെന്ന് അറിയാതെ മൃഗസമാനമായ സാഹചര്യത്തിൽ കഴിയാൻ വിധിക്കപ്പെട്ട ആടുജീവിതങ്ങൾ. ഈ ദുരിത ജീവിതം ഇവരിലുണ്ടാക്കുന്ന മാനസിക പ്രശ്നങ്ങളും സാമൂഹിക പ്രശ്നങ്ങളും ചെറുതല്ല. വിഷാദരോഗം ഇവിടങ്ങളിലെ സ്ത്രീകളിൽ സാധാരണമാണ്. മറയില്ലാത്ത ലയങ്ങളിലെ കാഴ്ചകൾ കണ്ടുവളരുന്ന കുട്ടികളുടെ മാനസികാരോഗ്യത്തെക്കുറിച്ചും ആരും ചിന്തിക്കാറില്ല.

പല ലയങ്ങൾക്കായി വൃത്തിഹീനമായ ഒരു പൊതുകക്കൂസ് എന്ന രീതിയാണ്. വർഷങ്ങളായി അറ്റകുറ്റപണി ചെയ്യാത്ത ലയങ്ങളുടെ മേൽക്കൂരകൾ മഴയിൽ മുഴുവൻ ചോരും. നനയാതിരിക്കാൻ അവർ മേൽക്കൂരയ്‌ക്ക് താഴെ ടാർപോളിൻ വലിച്ചുകെട്ടിയിരിക്കുകയാണ്.

കാലപ്പഴക്കം കൊണ്ട് ഭിത്തിയും വാതിലുമെല്ലാം നശിച്ചതിനാൽ രാത്രികാലങ്ങളിൽ ഇഴജന്തുകൾ മുറികളിലേക്ക് കടന്നുവരും. ഏറ്റവും അവസാനം പണികഴിപ്പിച്ച ചില ലയങ്ങൾക്ക് 30 വർഷം വരെ പഴക്കമുണ്ട്.

അറ്റകുറ്റപണികൾ നടത്തി ജീവിക്കാനുള്ള സാഹചര്യമൊരുക്കി തരണമെന്ന് തൊഴിലാളികൾ പലതവണ ആവ്യശ്യപ്പെട്ടതാണ്. ഉയർന്ന ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തുമ്പോൾ കണ്ണിൽ പൊടിയിടാൻ വർഷത്തിലൊരിക്കൽ കമ്പനി ലയങ്ങളുടെ പുറമേ പെയിന്റ് ചെയ്യാറുണ്ടെന്ന് തൊഴിലാളികൾ പറയുന്നു.

വരിവരിയായി നിൽക്കുന്ന ലയങ്ങളുടെ ദൃശ്യം ആസ്വദിച്ച് കാറിൽ കടന്നുപോകുന്നതല്ലാതെ ഉദ്യോഗസ്ഥരാരും ഉള്ളിലെ നരകജീവിതം കാണാറില്ല.

ഇതിലും ദയനീയമാണ് പീരുമേട്ടിലെ അടഞ്ഞുകിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികളുടെ സ്ഥിതി. ആദ്യകാലങ്ങളിൽ തൊഴിലാളികളുടെ ഇത്തരം അവകാശങ്ങൾക്ക് വേണ്ടി പോരാടിയിരുന്ന തൊഴിലാളി യൂണിയനുകളെല്ലാം ഇന്ന് കമ്പനികളുടെ വാലാട്ടികളാണ്.

മുതലാളിമാരുടെ നക്കാപ്പിച്ച വാങ്ങി തൊഴിലാളികളെ വഞ്ചിക്കുന്നതിൽ രാഷ്ട്രീയ ഭേദമില്ല. തങ്ങൾക്ക് വേണ്ടി ആരും ശബ്ദിക്കാനില്ലെന്ന ബോദ്ധ്യമുണ്ടായതോടെയാണ് അന്ന് തൊഴിലാളി സ്ത്രീകൾ ‘പെമ്പിളൈ ഒരുമൈ’ എന്ന പേരിൽ സംഘടിച്ച് ചൂഷണത്തിനെതിരെ ഐതിഹാസിക സമരം നടത്തിയത്.

കേരളത്തിന്റെ സമരഭൂപടത്തിലെ അവഗണിക്കാനാവാത്ത ആ പെൺ ചരിതം പക്ഷേ, അധിക നാൾ നീണ്ടു നിന്നില്ല. തങ്ങളെ അപ്രസക്തരാക്കി തൊഴിലാളി സ്ത്രീകൾ നടത്തിയ അവകാശ പോരാട്ടം യൂണിയനുകളെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്.

നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ട യൂണിയൻ നേതാക്കളുടെ കുടില ബുദ്ധിയിൽ ‘പെമ്പിളൈ ഒരുമൈ’ വലിയ താമസമില്ലാതെ ഒരുമ ഇല്ലാത്തവരായി മാറി. തമ്മിലടി സംഘടനയെ ഇല്ലാതാക്കി. അതോടെ സമരകാലത്ത് സർക്കാരും കമ്പനിയും നൽകിയ വാഗ്ദാനങ്ങളും മൺമറഞ്ഞു.

ഇപ്പോൾ ഒരു ദുരന്തം വേണ്ടി വന്നു, നമുക്ക് അവരുടെ വാസസ്ഥലങ്ങളെക്കുറിച്ചും ദുരിത ജീവിതത്തെക്കുറിച്ചും പരിതപിക്കാൻ. നീലക്കുറിഞ്ഞികൾ കൺകുളിർക്കെ കണ്ട് കോടമഞ്ഞിനിടയിലൂടെ മധുവിധു ആഘോഷിക്കുമ്പോഴും പ്രഭാതങ്ങളിൽ വീട്ടിലിരുന്ന് ചൂടു ചായ മൊത്തി കുടിക്കുമ്പോഴും നമ്മളവരെ ഓർക്കാറില്ല. പക്ഷേ, അവരപ്പോഴും അവിടെ തന്നെയുണ്ടായിരുന്നു, ആടുജീവിതം നയിച്ചുകൊണ്ട്. ഇനിയും അവിടെ തന്നെ കാണും, അവസാന ഉരുളും വിഴുങ്ങും വരെ.

LatestDaily

Read Previous

ഫാഷൻ ഗോൾഡ് ഡിഐജി ഇടപെട്ടു

Read Next

നമ്മുടെ ഓണത്തിന് നമ്മുടെ പൂക്കൾ