അഭിഭാഷക തെരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് നഗരസഭാ മോഡൽ സിപിഎം ‑ ബിജെപി കൂട്ടുകെട്ട് സിപിഎമ്മിൽ മുറുമുറുപ്പ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഡിഡിഎഫ് സ്ഥാനാർത്ഥി

കാഞ്ഞങ്ങാട് : ഹോസ്ദുർഗ് ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ  കാഞ്ഞങ്ങാട് നഗരസഭ തെരഞ്ഞെടുപ്പ് രീതിയിൽ സിപിഎം –ബിജെപി കൂട്ടുകെട്ട് രൂപപ്പെട്ടു.

എൻഡിഎ അനുഭാവിയായ അഭിഭാഷകനെയാണ് സിപിഎം ലോയേഴ്സ് യൂണിയൻ പ്രസിഡന്റ് സ്ഥാനാർത്ഥിയാക്കിയിട്ടുള്ളത്. ബിജെപി അനുഭാവമുള്ള അഡ്വ: എൻ. രാജ്മോഹനെ സിപിഎം ലോയേഴ്സ് യൂണിയൻ പ്രസിഡന്റ് സ്ഥാനാർത്ഥിയാക്കിയതിനെതിരെ സിപിഎം അനുഭാവികളായ അഭിഭാഷകരിൽ നിന്നും പ്രതിഷേധമുയർന്നു. പ്രശ്ന പരിഹാരത്തിനായി കാഞ്ഞങ്ങാട് അതിഥി മന്ദിരത്തിൽ  ഇന്നലെ നേതൃനിരയിൽപ്പെട്ട അഭിഭാഷകരിൽ ചിലർ യോഗം ചേർന്നു. മനസാക്ഷി വോട്ടാണ് ബിജെപി അഭിഭാഷക പരിഷത്ത് പ്രഖ്യാപിച്ചതെങ്കിലും സിപിഎം ലോയേഴ്സ് യൂണിയന്, അഭിഭാഷക പരിഷത്ത് അംഗങ്ങൾ വോട്ട് മറിക്കുമെന്നാണ് സൂചന.

സിപിഎം ലോയേഴ്സ് യൂണിയനംഗത്വമില്ലാത്ത രാജ്മോഹനെ, പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഎം  അനുഭാവികളായ അഭിഭാഷകരുടെ എതിർപ്പ് മറികടന്നു മൽസരിപ്പിക്കുന്നത് ബിജെപി അഭിഭാഷക പരിഷത്തിന്റെ വോട്ട്  ലക്ഷ്യം വെച്ചാണെന്നാണ് ഉയരുന്ന ആക്ഷേപം. കാഞ്ഞങ്ങാട് നഗരസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് വോട്ട് മറിക്കാൻ മുൻ കൈയെടുത്ത ബിജെപി നേതാവാണ് എൻ. രാജ്മോഹന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിനും സിപിഎം സംഘടനയ്ക്ക്, അഭിഭാഷകപരിഷത്തിന്റെ പിന്തുണ ലഭിക്കുന്നതിനുമുള്ള നീക്കം നടത്തിയതിന് പിന്നിലെന്നാണ് സിപിഎം അനുഭാവികളായ അഭിഭാഷകർ പറയുന്നത്.

ഹൊസ്ദുർഗ് ബാർ അസോസിയേഷൻ ഭരണം കൈയ്യാളുന്നത് കോൺഗ്രസ്സ് നിയന്ത്രണത്തിലുള്ള ലോയേഴ്സ് കോൺഗ്രസ്സാണ്. ഇത്തവണ അഭിഭാഷക പരിഷത്തിന്റെ സഹായത്തോടെ ഭരണം പിടിക്കാനാണ് ലോയേഴ്സ് യൂണിയന്റെ ശ്രമം. അഡ്വ: എൻ രാജ്മോഹനനെതിരെ, അഡ്വ: ജോസ് സെബാസ്റ്റ്യനാണ് ലോയേഴ്സ് കോൺഗ്രസ്സ് സ്ഥാനാർത്ഥി. ലോയേഴ്സ്  ഫോറം ലോയേഴ്സ് കോൺഗ്രസ്സിനൊപ്പമാണെങ്കിലും, ലീഗിന്റെ ഒരംഗം കഴിഞ്ഞ ദിവസം സിപിഎം അഭിഭാഷക സംഘടന നടത്തിയ യോഗത്തിൽ സംബന്ധിച്ചത് ചർച്ചയായിരുന്നു. തെരഞ്ഞെടുപ്പിൽ സിപിഎം ലോയേഴ്സ് യൂണിയൻ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയാക്കി മൽസരിപ്പിക്കുന്നത് മുൻ കോൺഗ്രസ്സ് നേതാവും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഡിഡിഎഫ് സ്ഥാനാർത്ഥിയായി ചിറ്റാരിക്കാൽ സിവിഷനിൽ നിന്നും മൽസരിച്ച് പരാജയപ്പെട്ടയാളുമായ അഡ്വ: വേണുഗോപാലിനെയാണ്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വേണുഗോപാലിനെ മൽസരിപ്പിക്കുന്നതിനെതിരെ ലോയേഴ്സ് യൂണിയനംഗങ്ങളായ അഭിഭാഷകരിൽ നിന്നും വലിയ എതിർപ്പുയർന്നു. ഹൊസ്ദുർഗ് ബാർ അസോസിയേഷൻ ഹാളിൽ നാളെ രാവിലെ 9.30–ന് ആരംഭിക്കുന്ന വോട്ടെടുപ്പ് 3 മണി വരെ നീണ്ട് നിൽക്കും. 3.15–ന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.

ബിജെപി അഭിഭാഷകപരിഷത്തിന് 40 ഓളം അംഗങ്ങളും, സിപിഎം ലോയേഴ്സ് യൂണിയനിൽ 65 അംഗങ്ങളുമുണ്ടെന്നാണ് കണക്ക്. ലോയേഴ്സ് കോൺഗ്രസ്സിൽ 80 അംഗങ്ങളും മുസ്്ലീം ലീഗിന്റെ ലോയേഴ്സ് ഫോറത്തിൽ 30– ഓളം അഭിഭാഷകരും അംഗങ്ങളായിട്ടുണ്ട്.

LatestDaily

Read Previous

ടാസ്ക് കോളേജ് തറക്കല്ലിടൽ ചടങ്ങിൽ മന്ത്രിയെ വിലക്കി സിപിഎം ജില്ലാ നേതൃത്വം

Read Next

നഗരസഭ അഴിമതി സിപിഎം കുരുക്കിൽ