സൽമാൻ ഖാനെ വധിക്കാൻ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ

ചണ്ഡിഗഡ്: ബോളിവുഡ് നടൻ സൽമാൻ ഖാനെ 2018 ൽ വധിക്കാൻ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍. ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയാണ് വെളിപ്പെടുത്തൽ നടത്തിയത്. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസുമായി ബന്ധപ്പെട്ട് 2018 ൽ സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായി ലോറൻസ് ബിഷ്ണോയി പറഞ്ഞു. പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പഞ്ചാബ് പോലീസ് ചോദ്യം ചെയ്യലിനിടെയാണ് ലോറൻസിന്‍റെ വെളിപ്പെടുത്തൽ.

സൽമാൻ ഖാനെ വധിക്കാൻ ലോറൻസ്, സമ്പത്ത് നെഹ്റ എന്ന മറ്റൊരു ഗുണ്ടയെ മുംബൈയിലേക്ക് അയച്ചിരുന്നു. എന്നിരുന്നാലും, അകലെ നിന്ന് വെടിവയ്ക്കാൻ കഴിയുന്ന തോക്ക് ഇല്ലാത്തതിനാൽ സമ്പത്തിന് കൃത്യം നിർവഹിക്കാൻ കഴിഞ്ഞില്ല. പിന്നീട് ദൂരെ നിന്ന് വെടിവെക്കാവുന്ന തോക്ക് 4 ലക്ഷം രൂപയ്ക്ക് വാങ്ങി.

എന്നാൽ, 2018 ൽ തോക്ക് പൊലീസ് പിടിച്ചെടുത്തപ്പോൾ പദ്ധതി പരാജയപ്പെട്ടുവെന്ന് ലോറൻസ് പറഞ്ഞു. ജൂലൈ ആറിന് സൽമാൻ ഖാന്‍റെ അഭിഭാഷകൻ ഹസ്തിമൽ സരസ്വത്, ലോറൻസിന്‍റെ സംഘത്തിൽ നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു.

Read Previous

രാഷ്ട്രപതി തിരഞ്ഞെടുപ്പ്; വിജയം ഉറപ്പിച്ച് ബിജെപി

Read Next

തെരഞ്ഞെടുപ്പില്‍ പൊട്ടി; ജനങ്ങൾക്ക് വിതരണം ചെയ്ത പണം തിരികെ ചോദിച്ച് സ്ഥാനാര്‍ത്ഥി