സ്റ്റീൽ ബോംബ്: അമ്പതോളം പേരുടെ മൊഴിയെടുത്തു

കാഞ്ഞങ്ങാട്: ലേറ്റസ്റ്റ് പത്രാധിപരുടെ വീടിന് സ്റ്റീൽ ബോംബെറിഞ്ഞ കേസ്സിൽ ഇതിനകം അമ്പതിലധികം പേരിൽ നിന്ന് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തി. കൊവ്വൽപ്പള്ളി മന്തേത്താവിയിലുള്ള പത്രാധിപരുടെ വീടിന്  ആഗസ്ത് 27-ന് രാത്രി കൃത്യം 11-23-നാണ് സ്റ്റീൽ ബോംബെറിഞ്ഞത്. മോട്ടോർ ബൈക്കിലെത്തിയ ഇരുപത്തിയാറിന്  താഴെ പ്രായമുള്ള രണ്ടു പേരിൽ ഒരാളാണ് നടന്നുവന്ന് വീടിന് സ്റ്റീൽ ബോംബെറിഞ്ഞ് ഓടിപ്പോയ ശേഷം. തൊട്ടടുത്ത് നിർത്തിയിട്ടിരുന്ന ബൈക്കിൽ കയറി അപരനോടൊപ്പം രക്ഷപ്പെട്ടത്. പത്രാധിപരുടെ വീടിന് പിറകിലുള്ള റോഡിലൂടെ മാതോത്ത് ഭാഗത്ത് നിന്നാണ് പ്രതികൾ വീടിന് മുന്നിലെത്തിയത്.

പ്രതികളിൽ ബൈക്കിന്റ പിറകിലിരുന്ന ആളുടെ കൈയ്യിൽ  ഒരു ചെറിയ പെട്ടിയുണ്ടായിരുന്നു. വാക്സിൻ മരുന്ന് സൂക്ഷിക്കുന്നതുപോലുള്ള  പെട്ടിയാണിത്. ഈ പെട്ടിയിലായിരിക്കണം ബോംബ് സൂക്ഷിച്ചിരുന്നത്. പ്രതികൾ ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നു. കറുത്ത ജാക്കറ്റണിഞ്ഞിരുന്നു. 11-23-ന് വീടിന് ബോംബെറിഞ്ഞ ശേഷം മൂന്ന് മിനിറ്റുകൾക്കകം ലേറ്റസ്റ്റ് പ്രസ്സ് കെട്ടിടത്തിന് തൊട്ടരികിലൂടെയുള്ള റോഡു വഴി ഇരുവരും  കെഎസ്ടിപി റോഡിലേക്ക് ബൈക്കുമായി കടന്നപ്പോൾ,  തൽസമയം ലേറ്റസ്റ്റ് ഓഫീസ് കെട്ടിടത്തിന് പുറത്ത് പത്രമാപ്പീസ് കാവൽക്കാരനുമായി സംസാരിച്ചു നിൽക്കുകയായിരുന്ന   ലേറ്റസ്റ്റ് പത്രാധിപർ അരവിന്ദൻ മാണിക്കോത്ത്  അക്രമികളെ നേരിൽക്കണ്ടിരുന്നു.

ഇരുവരും ബൈക്കിൽ കാഞ്ഞങ്ങാട് സൗത്ത് ഭാഗത്തേക്കാണ് അതിശീഘ്രം ഓടിച്ചു പോയത്. ഈവിവരം ഒരു മിനിറ്റിനകം കാഞ്ഞങ്ങാട്  ഡിവൈഎസ്പിക്ക് ഫോണിൽ കൈമാറിയിരുന്നു. ഡിവൈഎസ്പി അപ്പോൾ തന്നെ റോഡുകളിൽ രാത്രി ഡ്യൂട്ടിയിലുള്ള പോലീസ് സംഘത്തിന് സന്ദേശം കൈമാറി. പ്രതികൾ   പടന്നക്കാട് മേൽപ്പാലം കടന്നുപോയതിനുള്ള തെളിവുകൾ ലഭിച്ചിട്ടില്ല.

പത്രാധിപരുടെ വീടിന് പരിസരത്തുള്ള മുപ്പതോളം വീട്ടുകാരിൽ നിന്ന് അന്വേഷണ സംഘം ഇതിനകം മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരിൽ പലരും ബോംബ് പൊട്ടിത്തെറിച്ച അത്യുഗ്രൻ ശബ്ദം കേട്ട് വീടുകളിൽ രാത്രി  ഞെട്ടിയുണർന്നവരാണ്. വീട്ടുപരിസരത്തുള്ള ചിലരുടെയെല്ലാം ഫോൺകോൾ വിശദ വിവരങ്ങൾ അന്വേഷണസംഘം ശേഖരിച്ചു കഴിഞ്ഞു. ബോംബ് സ്ഫോടനം നടത്തുന്നതിന് ഒരാഴ്ച മുമ്പ് വീടും പരിസരവും റോഡുകളും സംഘം നേരത്തെ റൂട്ട് മാപ്പിംഗ്  നടത്തിയതിനുള്ള സൂചനകളും ലഭിച്ചിട്ടുണ്ട്. പന്ത്രണ്ടംഗ അന്വേഷണ സംഘമാണ് ഈ ബോംബ് സ്ഫോടനക്കേസ്സ് അരിച്ചുപെറുക്കിക്കൊണ്ടിരിക്കുന്നത്. 

LatestDaily

Read Previous

കടയുടമ പീഡിപ്പിച്ച സെയിൽസ് ഗേളിൽ നിന്നും കോടതി രഹസ്യ മൊഴിയെടുത്തു

Read Next

കുരങ്ങ് ശല്യത്തിൽ പൊറുതിമുട്ടി പ്രദേശം