ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : ബേഡകം ഹണിട്രാപ്പിൽ പ്രതി ലാല കബീർ , ആളുകളെ കുടുക്കാൻ ഉപയോഗിച്ചത് കാഞ്ഞങ്ങാട്ടെയും , പടന്നക്കാട്ടെയും ഭർതൃമതികളെ.
യുവതികളെയും കബീറിന്റെ കൂട്ട് പ്രതികളായ കർണ്ണാടക സുള്ള്യ സ്വദേശിയെയും, രണ്ട് കുമ്പള സ്വദേശികളെയും കണ്ടെത്താൻ കബീറിനെ ബേഡകം പോലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. കാസർകോട് സബ് ജയിലിൽ റിമാന്റിൽ കഴിയുന്ന കബീറിനെ ഹാജരാക്കാൻ കാസർകോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജയിൽ സൂപ്രണ്ടിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കുറ്റിക്കോൽ ബേഡകം കരിമ്പനടുക്കത്തെ ഏ. എം മൂസയെ ഹണിട്രാപ്പിൽ കുടുക്കി അഞ്ചര ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് പള്ളിക്കര സ്വദേശിയായ ലാല കബീറിനെ കാസർകോട് ഡിവൈഎസ്പി, ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കേസിൽ പങ്കാളികളായ നിരവധി പേരുടെ വിവരങ്ങൾ പ്രതി പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. ഇവരെ കണ്ടെത്തണമെങ്കിൽ ലാല കബീറിൽ നിന്നും കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിക്കണം.
പടന്നക്കാട്ടെയും, കാഞ്ഞങ്ങാട്ടെയും ഹണിട്രാപ്പ് സുന്ദരികളെ കണ്ടെത്താനും ലാല കബീറിന്റെ സാന്നിധ്യം പോലീസിന് ആവശ്യമാണ്. ഇന്നത്തെ ചോദ്യം ചെയ്യലിൽ യുവതികളുടെ മേൽവിലാസം കണ്ടെത്താനാകുമെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി.
മൂസയ്ക്ക് പുറമേ നിരവധി പേരെ ഹണിട്രാപ്പിൽ കുടുക്കിയിട്ടുണ്ടെങ്കിലും, നാണക്കേടോർത്ത് ആരും പുറത്തുപറയാൻ മടിക്കുകയാണ്. ബേഡകം ബാലനടുക്കത്തെ മൂസയുടെ വീട്ടിലെത്തിയ കബീറും, കാഞ്ഞങ്ങാട്ടെ യുവതിയും, ലാലാ കബീറിന്റെ ഭാര്യയും ചേർന്ന് മൂസയെ കെണിയിൽ കുടുക്കുകയായിരുന്നു. യുവതിക്കൊപ്പം നിർത്തി പല തരത്തിലുള്ള നഗ്ന ചിത്രങ്ങൾ പകർത്തി 5.45 ലക്ഷം രൂപ തട്ടിയെടുത്തു.
പിന്നീട് കൂടുതൽ പണം ആവശ്യപ്പെട്ടു. തന്നില്ലെങ്കിൽ ഫോട്ടോ വാട്ട്സാപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലുമടക്കം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്നാണ് മൂസ പോലീസിൽ പരാതി നൽകാൻ തയ്യാറായത്. കേരളം, കർണ്ണാടക, തമിഴ്നാട്, രാജസ്ഥാനിലടക്കം മോഷണമുൾപ്പെടെ നിരവധി കേസ്സുകളിലെ പ്രതിയായ കബീറിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നതോടെ നിർണ്ണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.