ലഖിംപുര്‍ ഖേരി കര്‍ഷക കൂട്ടക്കൊല: വിചാരണ പൂര്‍ത്തിയാക്കാന്‍ 5 വര്‍ഷം വേണമെന്ന് കോടതി

ന്യൂഡല്‍ഹി: ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊലക്കേസിൽ വിചാരണ പൂർത്തിയാക്കാൻ ചുരുങ്ങിയത് അഞ്ചുവര്‍ഷം വരെ വേണമെന്ന് വിചാരണ കോടതി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര പ്രതിയായ കേസിന്റെ വിചാരണ നടക്കുന്ന, ലഖിംപൂർ ഖേരി കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

കേസിൽ 208 സാക്ഷികളുണ്ടെന്നും വിസ്താരവും ക്രോസ് വിസ്താരവും പൂർത്തിയാക്കാൻ അഞ്ച് വർഷം വരെ സമയം വേണമെന്നും കോടതി പറഞ്ഞു. 171 രേഖകളും 27 ഫോറൻസിക് റിപ്പോർട്ടുകളുമാണ് കേസിലുള്ളത്. ദൈനംദിന അടിസ്ഥാനത്തിൽ കേസ് കേൾക്കാൻ വിചാരണക്കോടതിയോട് നിർദ്ദേശിക്കണമെന്ന് ഇരകൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

കേസിലെ പല സാക്ഷികളും ഭീഷണി നേരിടുന്നുണ്ടെന്നും അവരിൽ മൂന്ന് പേരെ കൈയേറ്റം ചെയ്തിട്ടുണ്ടെന്നും പ്രശാന്ത് ഭൂഷൺ കോടതിയെ അറിയിച്ചു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി. എന്നാൽ മിശ്രയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി ആരോപണങ്ങൾ നിഷേധിച്ചു. ദൈനംദിന ഹിയറിംഗ് വേണമെന്ന ആവശ്യത്തെയും അദ്ദേഹം എതിർത്തു. ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി ജനുവരി 13ലേക്ക് മാറ്റി.

Read Previous

ബഫര്‍ സോൺ വിഷയം; കേരളത്തിന് ആശ്വാസമായി സുപ്രീം കോടതിയുടെ നിരീക്ഷണം

Read Next

2022 ല്‍ പ്രവാസികള്‍ ഇന്ത്യയിലേക്ക് അയച്ചത് ഏട്ട് ലക്ഷം കോടി: നിർമ്മല സീതാരാമൻ