കുപ്പണ മദ്യദുരന്ത കേസ്; തമ്പിയെ പിഴത്തുക റദ്ദാക്കി മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവ്

ന്യൂഡൽഹി: കുപ്പണ മദ്യദുരന്തക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുഖ്യപ്രതി തമ്പിയെ മോചിപ്പിക്കാൻ ഉത്തരവിട്ട് സുപ്രീം കോടതി. പിഴത്തുക റദ്ദാക്കി വിട്ടയക്കണമെന്ന തമ്പിയുടെ ആവശ്യം ജസ്റ്റിസ് കൃഷ്ണ മുരാരി അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു.

2003ൽ കൊല്ലം ജില്ലയിലെ കുപ്പണയിലുണ്ടായ മദ്യദുരന്തത്തിൽ ഏഴ് പേർ മരിച്ചിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട തമ്പി 18 വർഷം ജയിൽ ശിക്ഷ അനുഭവിച്ചതിനാൽ മോചിപ്പിക്കണമെന്ന് സംസ്ഥാന മന്ത്രിസഭ നേരത്തെ ശുപാർശ ചെയ്തിരുന്നു. എന്നാൽ വിചാരണക്കോടതി വിധിച്ച 10 ലക്ഷം രൂപ പിഴയടയ്ക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു.

കല്ലുവാതുക്കൽ മദ്യദുരന്തക്കേസിൽ ശിക്ഷിക്കപ്പെട്ട മണിച്ചനെയും സഹോദരങ്ങളെയും പിഴത്തുക റദ്ദാക്കി വിട്ടയക്കാൻ സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് തമ്പിയെയും മോചിപ്പിക്കാനുള്ള സുപ്രീം കോടതിയുടെ ഉത്തരവ്. ഇത്രയും കാലം ജയിലിൽ കഴിഞ്ഞ ഒരാളുടെ മോചനത്തെ എതിർക്കരുതെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സ്റ്റാൻഡിങ് കോൺസൽ ഹർഷദ് ഹമീദിനോട് സുപ്രീം കോടതി നിർദ്ദേശം നൽകി.

K editor

Read Previous

കർണാടകയിൽ കടുവാ ആക്രമണം; മുത്തച്ഛനും പേരക്കുട്ടിയും കൊല്ലപ്പെട്ടു

Read Next

രാജ്യത്ത് സ്ത്രീകളിൽ എട്ടിൽ ഒരാൾക്ക് അനീമിയയും അമിതഭാരവും