പി.കെ. കുഞ്ഞനന്തന്റെ മരണം ഫേസ്ബുക്കിൽ സൈബർ യുദ്ധം

കാഞ്ഞങ്ങാട്: സി.പി.എം നേതാവ് കുഞ്ഞനന്തന്റെ  മരണം നവമാധ്യമങ്ങളിൽ  ആഘോഷമാക്കിയ കോൺഗ്രസ്, ലീഗ് പ്രവർത്തകർക്കെതിരെ സി.പി.എം സൈബർ പ്രത്യാക്രമണം. ടി.പി. ചന്ദ്രശേഖരൻ വധക്കേസ്സിൽ പ്രതി ചേർക്കപ്പെട്ട് ജീവപര്യന്തം തടവു ശിക്ഷ വിധിക്കപ്പെട്ട പി.കെ. കുഞ്ഞനന്തൻ ഗുരുതരമായ രോഗബാധയെത്തുടർന്നാണ് വ്യാഴാഴ്ച അന്തരിച്ചത്. കുഞ്ഞനന്തൻ മരിച്ചതിന് പിന്നാലെ സൈബറിടങ്ങളിലെ കോൺഗ്രസ്, ലീഗ് പ്രവർത്തകർ മരണം ആഘോഷമാക്കി നടത്തിയ ഫേസ്ബുക്ക് പോസ്റ്റുകളാണ് സി.പി.എം സൈബർ പോരാളികളെ പ്രകോപിപ്പിച്ചത്.

വളരെ ക്രൂരമായാണ് പി.കെ. കുഞ്ഞനന്തന്റെ മരണം കോൺഗ്രസ്, ലീഗ് അനുഭാവികൾ ഫേസ് ബുക്കിൽ ആഘോഷിച്ചത്. സംസ്ക്കാര സമ്പന്നമെന്ന്  അഭിമാനിക്കുന്ന മലയാളികളിൽ നിന്നാണ് കുഞ്ഞനന്തൻ മരിച്ച ദിവസം തന്നെ നിഷ്ഠൂരമായ പരാമർശങ്ങളുണ്ടായത്. ഈ പരാമർശങ്ങൾക്കെല്ലാം മറുപടിയെന്ന നിലയിലാണ് സി.പി.എം അണികളിൽ നിന്നും ഇന്നലെ മുതൽ ഫേസ്ബുക്ക് വഴി പ്രത്യാക്രമണങ്ങൾ ആരംഭിച്ചത്.

ജവഹർലാൽ നെഹ്്റുവിന്റെ പ്രൈവറ്റ് സെക്രട്ടറി എം.ഒ. മത്തായി തന്റെ ആത്മകഥയിൽ  ഇന്ദിരാഗാന്ധിയെക്കുറിച്ച് എഴുതിയ പരാമർശങ്ങൾ  വരെ എടുത്ത് പുറത്തിട്ടാണ് സി.പി.എം സൈബർ പോരാളികൾ കുഞ്ഞനന്തന് എതിരെയുണ്ടായ ആക്രമണങ്ങൾക്ക് കണക്ക് തീർക്കുന്നത്. എം.ഒ. മത്തായിയുടെ ആത്മകഥയിൽ നിന്ന് പിൻവലിച്ച ‘ഷീ’ എന്ന അധ്യായത്തിൽ ഇരുവരും തമ്മിലുണ്ടായിരുന്ന വഴിവിട്ട ബന്ധത്തെക്കുറിച്ച് പരാമർശമുണ്ട്. ഇതാണ് സി.പി.എം സൈബർ യുദ്ധത്തിൽ ആയുധമാക്കിയത്. വർഷങ്ങൾക്ക് മുമ്പ് രാജ്മോഹൻ ഉണ്ണിത്താനെ ഒരു സ്ത്രീയോടൊപ്പം മലപ്പുറം ജില്ലയിൽ നിന്ന് പിടികൂടിയ ചരിത്രവും ചിത്രങ്ങളും ഫേസ്ബുക്ക് വഴി സി.പി.എം അണികൾ പ്രചരിപ്പിക്കുന്നുണ്ട്.

രാഷ്ട്രീയ കൊലപാതകങ്ങളിൽ കോൺഗ്രസിന്റെ പങ്ക് വെളിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്.കൊലക്കേസ്സിൽ കോടതി ശിക്ഷിച്ച മമ്പറം ദിവാകരനെ കോൺഗ്രസിന്റെ നേതൃസ്ഥാനത്തെത്തിച്ചതിനെക്കുറിച്ചും ഫേസ്ബുക്ക് പോസ്റ്റുകൾ വഴി പരാമർശിക്കുന്നുണ്ട്. സഭ്യതകളുടെ സകല സീമകളും ലംഘിച്ചു കൊണ്ടുള്ള സൈബർ യുദ്ധമാണ് ഇരു വിഭാഗങ്ങളും തമ്മിൽ നടക്കുന്നത്. പരാമർശങ്ങളിൽ പലതും ക്രൂരവും മാന്യതയ്ക്ക് നിരക്കാത്തതുമാണ്.

LatestDaily

Read Previous

കുഞ്ഞനന്തന് ലാൽസലാം പോലീസുകാർ പോസ്റ്റിട്ടു

Read Next

എസ്.ഐമാർക്ക് സ്ഥലം മാറ്റം: എൻ.പി രാഘവൻ മഞ്ചേശ്വരത്ത് ഹൊസ്ദുർഗ്ഗിൽ വിനോദ്കുമാർ