കുഞ്ഞാമിന രക്തസാക്ഷിയായി, സൗത്തിൽ മേൽപ്പാലം യാഥാർത്ഥ്യമാകുമോ?

കാഞ്ഞങ്ങാട്:  കാഞ്ഞങ്ങാട് സ്കൂളിന് സമീപം ഓവർബ്രിഡ്ജെന്ന ആവശ്യം അധികൃതർ ചെവി കൊള്ളാത്തത് മൂലം ജീവൻ  നഷ്ടപ്പെട്ടത് നിർദ്ധന വൃദ്ധയ്ക്ക്. കല്ലൂരാവിയിലെ പരേതനായ ഇസ്മയിലിന്റെ ഭാര്യ കുഞ്ഞാമിനയാണ് 75, കഴിഞ്ഞ ദിവസം രാവിലെ കാഞ്ഞങ്ങാട് സൗത്ത് സ്കൂളിന് സമീപം  പാളം മുറിച്ച് കടക്കവെ എഞ്ചിൻ തട്ടി മരിച്ചത്.

കൊവ്വൽപ്പള്ളിയിലെ ബന്ധുവീട് സന്ദർശിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന എഞ്ചിൻ ഇടിച്ചത്. കുഞ്ഞാമിന സംഭവസ്ഥലത്ത് മരിച്ചു. സംസാരശേഷിയും കേൾവിശേഷിയുമില്ലാത്ത വൃദ്ധ എഞ്ചിൻ വരുന്നതറിയാതെ പാളം മുറിച്ചു കടക്കുമ്പോഴാണ് അപകടം. ഹൊസ്ദുർഗ്ഗ് പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത് ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്ക്കരിച്ചു.

ആറ് മാസം മുമ്പ് ഇതേ സ്ഥലത്ത് പാളം മുറിച്ചുകടക്കാൻ  ഇതുവഴി വന്ന കുഞ്ഞാമിനയെ  വിദ്യാർത്ഥികൾ  സഹായിച്ചിരുന്നു.  ആരുമില്ലാത്തതിനാൽ കുഞ്ഞാമിന തനിച്ച് പാളം മുറിച്ച് കടക്കുകയായിരുന്നു. കല്ലൂരാവി ഭാഗങ്ങളിൽ നിന്നുമുൾപ്പെടെ തീരദേശമേഖലയിലെ നൂറ് കണക്കിനാളുകൾ പതിവായി പാളം മുറിച്ചു കടക്കുന്ന സ്ഥലത്താണ് അപകടം. പിഞ്ചുമക്കളുൾപ്പടെ  നൂറ് കണക്കിന് വിദ്യാർത്ഥികളാണ് ദിനംപ്രതി പാളം മുറിച്ചു കടക്കുന്നത്. വലിയ ദുരന്തത്തിന് കാരണമാകുന്ന രീതിയിൽ കുട്ടികൾ റെയിൽപാളം മുറിച്ചു കടക്കുന്ന സൗത്ത് സ്കൂൾ പ്രദേശത്ത് ഓവർ ബ്രിഡ്ജെന്ന    നാട്ടുകാരുടെ ആവശ്യത്തിന്  പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

LatestDaily

Read Previous

മോട്ടോർ ബൈക്കിൽ പൂഴി കടത്തൽ വ്യാപകം; നടപടിയുമായി പോലീസ്

Read Next

പൂച്ചയുടെ ഗൾഭം ആഘോഷിച്ച് കുടുംബം; വിമർശനവുമായി സോഷ്യൽ മീഡിയ