നിക്ഷേപത്തട്ടിപ്പിനെക്കുറിച്ചുള്ള ചോദ്യങ്ങൾ കുഞ്ഞാലിക്കുട്ടി അവഗണിച്ചു

കാഞ്ഞങ്ങാട് : തെരഞ്ഞടുപ്പ് പ്രചരണാർത്ഥം കാസർകോട് ജില്ലയിലെത്തിയ മുസ്്ലീം ലീഗ് നേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിനെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി.  കാസർകോട് പ്രസ്സ് ക്ലബ്ബിൽ നടന്ന മീറ്റ് ദി പ്രസ്സിനിടയിൽ ഉയർന്നു വന്ന ചോദ്യങ്ങളിൽ നിന്നാണ് ലീഗ് ദേശീയ നേതാവ് കൂടിയായ പി. കെ. കുഞ്ഞാലിക്കുട്ടി ഒഴിഞ്ഞുമാറിയത്.

മുസ്്ലീം ലീഗ് എം. എൽ. ഏയുടെ നേതൃത്വത്തിൽ നടന്ന 150 കോടി രൂപയുടെ ജ്വല്ലറി നിക്ഷേപക്കൊള്ളയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും പി. കെ. കുഞ്ഞാലിക്കുട്ടി പത്രപ്രവർത്തകരെ വിലക്കിയതിന്റെ കാരണം എംഎൽഏയുടെ നിക്ഷേപത്തട്ടിപ്പിനെ ന്യായീകരിക്കുന്ന നടപടിയാണെന്ന് ആക്ഷേപമുയർന്നു.  കുഞ്ഞാലിക്കുട്ടിയുടെ നിലപാടിൽ തട്ടിപ്പിനിരയായ ലീഗ് അനുഭാവികൾക്കിടയിൽ അമർഷമുണ്ട്. നിക്ഷേപത്തട്ടിപ്പിന് ഇരയായിട്ടുള്ളവരിൽ ഭൂരിഭാഗവും മുസ്്ലീം ലീഗ് അനുഭാവികളാണ്.

തട്ടിപ്പ് കേസിലകപ്പെട്ട് എംഎൽഏ റിമാന്റിലാവുകയും, ലീഗിന്റെ ജില്ലാ ഭാരവാഹിയായിരുന്ന ടി. കെ. പൂക്കോയ ഒളിവിൽപ്പോവുകയും ചെയ്തിട്ടും ഇരുവരെയും പാർട്ടിയിൽ നിന്നും സസ്പെന്റ് ചെയ്യാനോ, അച്ചടക്ക നടപടികൾക്ക് വിധേയരാക്കുകയോ ചെയ്യാതെ ലീഗ് സംസ്ഥാന നേതൃത്വം ഉരുണ്ടു കളിക്കുകയാണ്. ജ്വല്ലറിത്തട്ടിപ്പ് പുറത്തു വന്നതു മുതൽ കേസിൽ പ്രതിയായ എംഎൽഏയെ സംരക്ഷിക്കുന്ന നയമാണ് കുഞ്ഞാലിക്കുട്ടിയടക്കമുള്ള ലീഗ് നേതാക്കൾ സ്വീകരിച്ചുവന്നത്. നിക്ഷേപത്തട്ടിപ്പിനിരയായവരുടെ കണ്ണിൽ പൊടിയിടാൻ കല്ലട്ര മാഹിൻ ഹാജിയുടെ നേതൃത്വത്തിൽ അന്വേഷണക്കമ്മീഷനെ നിയോഗിച്ചിരുന്നെങ്കിലും കമ്മീഷന്റെ പ്രവർത്തനങ്ങൾ പാതി വഴിയിൽ നിലക്കുകയായിരുന്നു.

നിക്ഷേപത്തട്ടിപ്പിലുൾപ്പെട്ട എം. സി. ഖമറുദ്ദീനടക്കം 2 ലീഗ് എം. എൽ. ഏമാരാണ് അടുത്ത കാലത്തായി നിയമത്തിന്റെ പിടിയിലായത്. ഇവരിൽ മുൻ മന്ത്രി വി. കെ. ഇബ്രാഹിംകുഞ്ഞ് പാലാരിവട്ടം പാലം അഴിമതിക്കേസിൽ പ്രതിയാണ്. പ്ലസ്ടു കോഴക്കേസിൽ ലീഗിന്റെ മറ്റൊരു എം. എൽ. ഏയായ കെ. എം. ഷാജിയും നിയമിക്കുരുക്കിലാണ്. ലീഗ് ഏറ്റവും കൂടുതൽ പ്രതിരോധത്തിലായ കേസുകളിൽ ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

മുസ്്ലീം ലീഗിന്റെ രാഷ്ട്രീയ നിലപാടുകളിൽ അവസാന വാക്കായ പി. കെ. കുഞ്ഞാലിക്കുട്ടി, ഫാഷൻ ഗോൾഡ് തട്ടിപ്പിൽ പ്രതികരിക്കാത്തതിന് പിന്നിൽ വ്യാപകമായ അർത്ഥങ്ങളുണ്ട്.  മഞ്ചേശ്വരത്ത് ഖമറുദ്ദീന്റെ സീറ്റ് പെയ്മെന്റ് സീറ്റാണെന്ന് ലീഗ് അനുഭാവികൾ തന്നെ ആരോപണമുയർത്തിയിരുന്നു. എം. സി. ഖമറുദ്ദീനെതിരെ മറുത്ത് ഒരു വാക്ക് മിണ്ടിയാൽ, തകരാൻ പോകുന്നത് പേയ്മെന്റ് സീറ്റ് വിവാദത്തിലെ ഉള്ളുകളികളായിരിക്കും. ഈ തിരിച്ചറിവാണ് നിക്ഷേപത്തട്ടിപ്പ് വിഷയത്തിൽ പി. കെ. കുഞ്ഞാലിക്കുട്ടി പുലർത്തുന്ന അർത്ഥ ഗർഭമായ മൗനം. പി. കെ. കുഞ്ഞാലിക്കുട്ടി ജില്ലയിലെത്തിയാലെങ്കിലും നിക്ഷേപത്തട്ടിപ്പിൽ എന്തെങ്കിലും തീരുമാനമുണ്ടാകുമെന്ന് ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിനിരയായ ലീഗ് പ്രവർത്തകർ ആശിച്ചിരുന്നു. ഈ ആശകളെ തല്ലിക്കെടുത്തിയാണ് കുഞ്ഞാലിക്കുട്ടി ജില്ല വിട്ടത്.

LatestDaily

Read Previous

മലയോര പഞ്ചായത്തുകളിൽ ഇടതു–വലതു മുന്നണികൾ കടുത്ത പോരാട്ടത്തിൽ

Read Next

പള്ളിക്കര പ്രവാസിക്കും ഭാര്യക്കുമെതിരെ വീട് കയ്യേറിയതിന് കേസ്