കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിൽ സജീവമാവും

കാഞ്ഞങ്ങാട്: ദേശീയ രാഷ്ട്രീയത്തേക്കാൾ കേരളരാഷ്ട്രീയത്തിൽ സജീവമാവുകയാണ് മുസ്്ലിം ലീഗ് ദേശീയ ജനറൽ സിക്രട്ടറിയായ മുൻമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി എം.പി

കേരളത്തിൽ കൂടുതലായി ഇടപെടാൻ പറ്റിയ ഏറ്റവും നല്ല സമയം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പേയായിരിക്കുമെന്നാണ് കുഞ്ഞാലിക്കുട്ടിയുമായി അടുത്ത ബന്ധമുള്ളവർ നൽകുന്ന സൂചന. അതേസമയം കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ച് വരുന്നതിൽ നീരസമുള്ള ഒരു വിഭാഗവും മുസ്്ലിംലീഗിലുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പിലും കുഞ്ഞാലിക്കുട്ടിയുടെ സാന്നിദ്ധ്യവും ഇടപെടലും ശക്തമായിത്തന്നെ ഉണ്ടാവും. വെൽഫെയർപാർട്ടി ഉൾപ്പെടെയുള്ളവരുമായി അടവ് നയം സ്വീകരിച്ച് മലബാറിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ് മുസ്്ലിം ലീഗ്.

ഈ നീക്കങ്ങളിലെല്ലാം കുഞ്ഞാലിക്കുട്ടിയുടെ ഇടപെടൽ ശ്രദ്ധേയമാണ്. മലപ്പുറം ജില്ലയിൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായുള്ളവരുമായി കൂട്ട് ചേർന്നാണ് സിപിഎം ലീഗ് കോട്ടകളിൽ വിള്ളലുണ്ടാക്കിയത്.

ഇത്തവണ അതിനെ തിരിച്ചടിക്കാൻ തന്നെയാണ് ലീഗ് തീരുമാനം. ഈ അടവ് നയങ്ങൾക്കെല്ലാം കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലുകളുണ്ടാവും.

സുലൈമാൻ സേട്ടിനും ബനാത്ത് വാലക്കും ശേഷം ഇന്ത്യൻ പാർലിമെന്റിൽ മുസ്്ലിം ലീഗിന്റെ ശബ്ദമായിരുന്ന ഇ. അഹ്്മദിന്റെ നിര്യാണത്തെ തുടർന്നാണ് ദേശീയരാഷ്ട്രീയത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ കുഞ്ഞാലിക്കുട്ടിയെ ഇ. അഹ്മദിന്റെ ഒഴിവിൽ മുസ്്ലിം ലീഗിന്റെ ദേശീയ ജനറൽ സിക്രട്ടറി സ്ഥാനത്തേക്കും ലോക്സഭയിലേക്കും തെരഞ്ഞെടുത്തത്.

എന്നാൽ ദേശീയ രാഷ്ട്രീയത്തിന്റെ ഗതിമാറിയതോടെ കോൺഗ്രസുൾപ്പെടെ പ്രതിപക്ഷ നിരക്ക് പാർലിമെന്റിൽ വേണ്ടത്ര ശോഭിക്കാൻ കഴിയുന്നില്ല. മാത്രമല്ല ദേശീയ രാഷ്ട്രീയത്തിൽ വലുതായൊന്നും ചെയ്യാനില്ലെന്ന നിലപാടിലാണ് കുഞ്ഞാലിക്കുട്ടിയുള്ളത്.

ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിന് പാർലിമെന്റിൽ വേണ്ടത്ര ശോഭിക്കാൻ കഴിയാത്തതും കോൺഗ്രസിൽ നേതാക്കളുടെ കാലുവാരലും ബിജെപിയിലേക്കുള്ള ഒഴുക്കും മടുപ്പിക്കുന്നതാണ്.

കേന്ദ്രസർക്കാരാകട്ടെ അനുദിനം ശക്തി വർദ്ധിപ്പിക്കുകയും രാജ്യസഭയിലും പ്രതിപക്ഷത്തെ വെല്ലാൻ ശക്തരാവുകയും ചെയ്തു. ഇതൊക്കെയാണ് ദേശീയത രാഷ്ട്രീയത്തോട് കുഞ്ഞാലിക്കുട്ടിക്ക് മടുപ്പ് വന്നതെന്നാണ് കുഞ്ഞാലിക്കുട്ടിയുമായി അടുപ്പമുള്ള കേന്ദ്രങ്ങൾ പറയുന്നത്.

അതേസമയം കേരളത്തിൽ ഉമ്മൻചാണ്ടിയുൾപ്പെടെ യുഡിഎഫ് നേതാക്കൾ കുഞ്ഞാലിക്കുട്ടി കേരളത്തിലേക്ക് തിരിച്ച് വരാൻ നിർബ്ബന്ധിക്കുന്നുണ്ട്.

സംസ്ഥാന രാഷ്ട്രീയത്തിൽ ശക്തമായ സാന്നിധ്യമാവാൻ മുസ്്ലിം ലീഗിന് കഴിയുന്നില്ലെന്ന ആക്ഷേപവും ലീഗിനകത്തുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കേരളം ഏറ്റവും ചർച്ച ചെയ്യുന്ന രാഷ്ട്രീയ വിഷയം ജോസ്.കെ മാണി നയിക്കുന്ന കേരള കോൺഗ്രസിനെ യുഡിഎഫിൽ നിന്ന് പുറത്താക്കിയ വിഷയമാണ്.

ഇക്കാര്യത്തിൽ യുഡിഎഫ് നേതൃത്വത്തിന് വീഴ്ച പറ്റിയതായി ലീഗിനകത്ത് അഭിപ്രായമുണ്ട്.

ജോസ്.കെ മാണിയെ യുഡിഎഫ് പുറത്താക്കിയിട്ടില്ലെന്ന് ആദ്യം പ്രതികരിച്ചത് കുഞ്ഞാലിക്കുട്ടിയായിരുന്നു. ഇതേറ്റ് പിടിച്ചാണ് പിന്നീട് കോൺഗ്രസിലെയും യുഡിഎഫിലെ മറ്റ് ഘടകകക്ഷികളും കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനോട് യോജിച്ചത്.

ഇതോടെ ജോസ് കെ. മാണി വിഭാഗം കേരള കോൺഗ്രസിനെ പുറത്തായിട്ടില്ലെന്ന് യുഡിഎഫ് നേതൃത്വത്തിന് തിരുത്തിപ്പറയേണ്ടി വന്നത് കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലിനെ തുടർന്നാണ്.

യുഡിഎഫിലെ സങ്കീർണ്ണമായ പ്രശ്നങ്ങളിൽ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടൽ സഹായകരമാവുമെന്ന് കോൺഗ്രസിലെ ഒരുവിഭാഗം നേതാക്കളും ഘടകകക്ഷികളും പറയുന്നുണ്ട്. അവരൊക്കെയും കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ച് വരാൻ കുഞ്ഞാലിക്കുട്ടിയെ പ്രേരിപ്പിക്കുന്നുമുണ്ട്.

എന്നാൽ ദേശീയ തലത്തിൽ മുസ്്ലിം സംഘടനകളും പാർട്ടികളും കൂടുതൽ ശക്തി നേടാൻ ശ്രമിക്കുമ്പോൾ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ലോക്സഭാംഗമായ കുഞ്ഞാലിക്കുട്ടി തിരിച്ച് വരുന്നത് രാജ്യത്ത് മുസ്്ലിം രാഷ്ട്രീയ ശാക്തീകരണത്തിന് തിരിച്ചടിയാവുമെന്ന് ഭയപ്പെടുന്ന ഒരുവിഭാഗം മുസ്്ലിം ലീഗിനകത്തുണ്ട്.

രാജ്യത്ത് രൂപപ്പെട്ടുവരുന്ന ന്യൂനപക്ഷ ഐക്യം ശക്തിപ്പെടുത്താൻ കേരളത്തിന്റെ അനുഭവ സമ്പത്തുള്ള കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിൽ വേണമെന്ന അഭിപ്രായമാണ്  ലീഗ് നേതാക്കളിൽ ഒരു വിഭാഗത്തിനുള്ളത്.

LatestDaily

Read Previous

ബൈക്ക് മോഷ്ടാവിനെ പിടികൂടി

Read Next

സച്ചിയെ ഓർക്കുമ്പോൾ