മായം ചേരാത്ത ഭക്ഷണം കഴിക്കാം: ഗ്രാമീണ വിഭവങ്ങളുമായി കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍

കാസർകോട്: ഇരുപത് രൂപയ്ക്ക് ഭക്ഷണം നല്‍കി സാധാരണക്കാരന്റെ വിശപ്പകറ്റാന്‍ ജില്ലയില്‍ പ്ര വര്‍ത്തിക്കുന്നത് 12 കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍. ഒരു ദിവസം ശരാശരി 150 പേര്‍ക്കുള്ള ഭക്ഷണമാണ് 20 രൂപ നിരക്കില്‍ ഓരോ ഹോട്ടലിലും വിതരണം ചെയ്യുന്നത്.

സര്‍ക്കാറിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നായ ജനകീയ ഹോട്ടല്‍ ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ച് മൂന്ന് മാസം പിന്നിടുമ്പോള്‍ ജനകീയ പിന്‍തുണ ഏറുകയാണ്.

ജില്ലയിലെ ആദ്യ ജനകീയ ഹോട്ടല്‍ ഏപ്രില്‍ ഏഴിന് തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ തുറന്നു.

ശേഷം ഇതുവരെ വിവിധ പഞ്ചായത്തുകളിലായി 12 ജനകീയ ഹോട്ടലുകളാണ് പ്രവര്‍ത്തിക്കുന്നത്. പകല്‍ 12 മുതല്‍ വൈകീട്ട് മൂന്ന് വരെയുള്ള സമയത്താണ് 20 രൂപയ്ക്ക് ഊണ്‍ ലഭിക്കുക.

ചോറ്, ഒഴിച്ചുകറി, തോരന്‍, അച്ചാര്‍ എന്നിവയടങ്ങിയ മികച്ച ഭക്ഷണമാണ് കുടുംബശ്രീ ജനകീയ ഹോട്ടലിലൂടെ ലഭിക്കുക.

ഊണിനോടൊപ്പം കൂടുതലായി നല്‍കുന്ന മീന്‍ വറത്തത്, ഓംലറ്റ് എന്നിവയ്ക്ക് സാധാരണ നിരക്ക് ഈടാക്കി വരുന്നു.

20രൂപയ്ക്ക് ഊണ്‍ നല്‍കുന്നതോടൊപ്പം പ്രാതല്‍, അത്താഴം എന്നിവയും ഹോട്ടലുകളില്‍ ലഭിക്കും. പ്രാതലിനും അത്താഴത്തിനും സാധാരണ വിലയാണ് ഈടാക്കി വരുന്നത്.

ഓരോ ഊണിനും പത്ത് രൂപ നിരക്കില്‍ ഹോട്ടല്‍ സംരംഭകര്‍ക്ക് കുടുംബശ്രീ ജില്ലാമിഷനില്‍ നിന്നും ലഭിക്കും.

ഹോട്ടലിലേക്ക് ആവശ്യമായ അരി സിവില്‍ സപ്ലൈസില്‍ നിന്നും കിലോയ്ക്ക് 10രൂപ 90പൈസ നിരക്കില്‍ ഒരുമാസം ആറ് കിന്റല്‍ വരെ ഹോട്ടല്‍ സംരംഭകര്‍ക്ക് ലഭിക്കുന്നു.

മറ്റ് ധാന്യങ്ങള്‍ ഹോള്‍സെയിൽ  നിരക്കിലും ലഭിക്കുന്നു. ഹോട്ടലിലേക്ക് ആവശ്യമായ വെള്ളം, വൈദ്യുതി, കെട്ടിടം സൗകര്യങ്ങള്‍ അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ചെയ്തു വരുന്നു.

ജില്ലാ മിഷന്‍ റിവോള്‍വിങ് ഫണ്ടില്‍ നിന്നും ഹോട്ടലിലേക്ക് ഫര്‍ണിച്ചര്‍, പാത്രങ്ങള്‍ തുടങ്ങിയ അവശ്യ വസ്തുക്കള്‍ വാങ്ങിക്കാനുള്ള പണം അനുവദിക്കുന്നുണ്ട്.

ഓരോ ഹോട്ടലിലും ചുരുങ്ങിയത് മൂന്നു പേരാണ് പ്രവര്‍ത്തിച്ചു വരുന്നത്.

പദ്ധതി പ്രകാരം പത്ത് പേര്‍ക്ക് വരെ ഒരു ഹോട്ടലില്‍ പ്രവര്‍ത്തിക്കാം.

നിലവില്‍ ഒരേതരത്തില്‍ വസ്ത്രധാരണം ചെയ്ത് ഓരോ ഹോട്ടലിലും കുടുംബശ്രീ പ്രവര്‍ത്തകര്‍ വ്യത്യസ്ത യൂണിഫോം രീതിയും നിലനിര്‍ത്തുന്നു.

കോവിഡ് രണ്ടാം ഘട്ടത്തില്‍ കമ്മ്യൂണിറ്റി കിച്ചണുകളായി പ്രവര്‍ത്തിച്ച പഞ്ചായത്ത് പരിധിയിലെ കുടുംബശ്രീ കഫേകളാണ് മിക്ക ജനകീയ ഹോട്ടലുകളും പിന്നീട് എട്ട് പഞ്ചായത്തുകളില്‍ കൂടി പദ്ധതി പ്രാവര്‍ത്തികമാക്കിയതോടെ ഹോട്ടലിന് ജനകീയത ഏറുകയാണ്.

ഗ്രാമീണത തുളുമ്പന്ന നാടന്‍ ഭക്ഷണങ്ങള്‍ മായം കലരാതെ വിളമ്പാന്‍ ജനകീയ ഹോട്ടലുകള്‍ തമ്മില്‍ മത്സരിക്കുകയാണ്. ജില്ലയുടെ കൂടുതല്‍ ഭാഗങ്ങളിലേക്ക് അധികം വൈകാതെ തന്നെ ജനകീയ അടുക്കളകള്‍ പ്രവര്‍ത്തനം ആരംഭിക്കും.

സമൂഹത്തില്‍ തുച്ഛമായ വരുമാനത്തില്‍ ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങള്‍ക്ക് ന്യായ നിരക്കില്‍ ഭക്ഷണത്തിന് ആശ്രയിക്കാവുന്ന സ്ഥിരം സംവിധാനം, പലവിധ ജീവിത സാഹചര്യങ്ങളില്‍ ഒറ്റപ്പെട്ടവര്‍ക്ക് ഭക്ഷണം സൗജന്യമായി ലഭ്യമാക്കുന്നതിന് പൊതുജനങ്ങള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ബന്ധപ്പെടാവുന്ന സൗകര്യം,  കുടുംബശ്രീ വനിതകള്‍ക്ക് ജീവനോപാധിയും അതിലൂടെ സാമ്പത്തിക ഉയര്‍ച്ചയും ഉറപ്പാക്കുക തുടങ്ങി വിവിധ ലക്ഷങ്ങളോടെയാണ് പദ്ധതി ആരംഭിച്ചത്.

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തയ്യാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് സൗജന്യ ഉച്ചഭക്ഷണ വിതരണവും നടക്കുന്നുണ്ട്.

ജില്ലയില്‍ നൂറോളം ആളുകള്‍ക്കാണ് ജനകീയ ഹോട്ടലിലൂടെ സൗജന്യ ഉച്ചഭക്ഷണം പദ്ധതിയുടെ  പ്രയോജനം ലഭിക്കുന്നത്.

LatestDaily

Read Previous

സര്‍ക്കാര്‍ പതിച്ച് നല്‍കിയ സ്ഥലത്ത് നിർമ്മിച്ച വീട് മറിച്ചുവിറ്റു

Read Next

മൊബൈല്‍ ടീമുകളിലൂടെ ആഴ്ചയില്‍ ആയിരത്തോളം സ്രവ പരിശോധന