കെഎസ്ആർടിസി എംഡി കണ്ടെത്തിയ ക്രമക്കേടുകൾ ശരിയെന്ന് തെളിഞ്ഞു മുന്നൂറ് കോടിക്ക് കണക്കില്ല

കാഞ്ഞങ്ങാട്: കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ കണ്ടെത്തിയ ക്രമക്കേടുകളെല്ലാം ശരിയെന്ന് ധനകാര്യ വിഭാഗം നടത്തിയ പരിശോധനയിൽ തെളിഞ്ഞു. ബിജു പ്രഭാകർ വെളിപ്പെടുത്തിയ നൂറ് കോടിക്ക് പുറമെ 311. 98 കോടിക്ക് വ്യക്തമായ കണക്കിലെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.  2015-ലെ പ്രവർത്തനങ്ങൾ സംബന്ധിച്ച് 2018-ൽ നടന്ന ഓഡിറ്റ് വിവരങ്ങളാണ് രേഖയിലുള്ളത്. കെടിഡിഎഫ്സിക്ക് തിരിച്ചടക്കാൻ നൽകിയ തുകയിൽ ഗുരുതര ക്രമക്കേട് നടന്നതായും രേഖകൾ വ്യക്തമാക്കുന്നു.

2018-ൽ സ്വകാര്യ ഏജൻസികളെ കൊണ്ട് നടത്തിച്ച ഓഡിറ്റിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്. കെഎസ്ആർടിസിയുടെ അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ, 100.75 കോടിയുടെ തിരിമറി കണ്ടെത്തിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. കെഎസ്ആർടിസി എംഡി, ബിജു പ്രഭാകർ പറഞ്ഞ കാര്യങ്ങൾ ശരി വെക്കുന്നതാണ് ഓഡിറ്റ് റിപ്പോർട്ടുകൾ. ചില ഓഫീസുകളിൽ നിന്ന് ഡിപ്പോവിലേക്ക് നൽകിയ പണത്തിന് രേഖകളില്ല. അതിനാൽ സസ്പെൻഡ് എന്ന പേരിൽ എഴുതി മാറ്റിയതായാണ് കണ്ടത്.  ഈ കാലയളവിൽ ഓരോ ഡിപ്പോയിൽ നിന്ന് ലഭിച്ച വരുമാനം സംബന്ധിച്ച രേഖകളും ട്രഷറി, ബാങ്കിടപാടുകളുടെ രേഖകളും സൂക്ഷിച്ചിട്ടില്ല. 2015-16 കാലയളവിൽ ശ്രീകുമാറിനായിരുന്നു അക്കൗണ്ട്സ് ചുമതല. അതിനാലാണ് ശ്രീകുമാറിനെതിരെ നടപടിയെടുത്തത്.

സംഭവം അന്വേഷിക്കുന്നതിന് പ്രത്യേക സംഘം രൂപീകരിക്കണമെന്നും, ഒരു മാസത്തിനകം രേഖകൾ കണ്ടെത്താൻ കർശ്ശന നിർദ്ദേശം നൽകണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്.  കഴിഞ്ഞ ദിവസം ചേർന്ന കെഎസ്ആർടിസി ബോർഡ് യോഗത്തിലും റിപ്പോർട്ട് ചർച്ചയ്ക്ക് വന്നു. ഉത്തരവാദികൾക്കെതിരെ കർശ്ശന നടപടിയെടുക്കാൻ ബോർഡ് യോഗം നിർദ്ദേശിച്ചിട്ടുണ്ട്. തിരിമറിയും ക്രമക്കേടും നടത്തിയവർക്കെതിരെ കർശ്ശന നടപടിയുണ്ടാവും. മെയ് 31-ന് ശ്രീകുമാർ വിരമിക്കും മുമ്പേ സംഭവത്തിൽ വ്യക്തതയുണ്ടാക്കി നടപടിക്ക് ശിപാർശ ചെയ്യാനാണ് സാധ്യത.

LatestDaily

Read Previous

ക്രിമിനൽ കേസ്സ് പ്രതിയെ വീട് വളഞ്ഞ് പിടികൂടി

Read Next

മൈസൂർ യുവതിയെ മജയാക്കാൻ ചെന്ന ഷാർജ കെഎംസിസി നേതാവിന് മർദ്ദനം