ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: കെ.എസ്.ആർ.ടി.സിയിൽ മിന്നൽ പണിമുടക്ക് നടത്തിയ ജീവനക്കാരെ ഹൈക്കോടതി വാക്കാൽ വിമർശിച്ചു. യൂണിയനുകൾ വിചാരിക്കുന്ന കാര്യങ്ങൾ മാത്രമാണ് നടക്കുന്നതെന്നും അങ്ങനെയാണെങ്കിൽ ഈ പ്രസ്ഥാനം അവർക്ക് തന്നെ ഏറ്റെടുത്തു നടത്തിക്കൂടേ എന്നും കോടതി ചോദിച്ചു. മിന്നൽ പണിമുടക്കിനെതിരെ കർശന നടപടി വേണമെന്ന് പറഞ്ഞ കോടതി അന്വേഷണ നടപടികളിൽ കെ.എസ്.ആർ.ടി.സിയുടെ നിലപാട് ആരാഞ്ഞു. കേസ് ഒക്ടോബർ ആറിന് വീണ്ടും പരിഗണിക്കും. 2022 ജൂൺ 26 ന് തിരുവനന്തപുരത്തെ നാല് ഡിപ്പോകളിലായി നടന്ന മിന്നൽ പണിമുടക്കിൽ നഷ്ട്ടം വന്ന 9,50,137 രൂപ ശമ്പളത്തിൽ നിന്ന് ഈടാക്കാനുള്ള നീക്കത്തിനെതിരെ 107 ജീവനക്കാർ നൽകിയ ഹർജികൾ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ.
ശമ്പളം കിട്ടാതായപ്പോൾ എല്ലാ ജനങ്ങളും ജീവനക്കാർക്കൊപ്പമായിരുന്നുവെന്നും കാട്ടാക്കടയിലെ ഒരൊറ്റ സംഭവത്തോടെ ജനം എതിരെ തിരിഞ്ഞെന്നും കോടതി പറഞ്ഞു. സർവീസ് ഷെഡ്യൂൾ മാറ്റിയതിൽ പ്രതിഷേധിച്ച് പാപ്പനംകോട്, തിരുവനന്തപുരം സിറ്റി, വികാസ് ഭവൻ, പേരൂർക്കട ഡിപ്പോകളിൽ നടന്ന പണിമുടക്കിൽ 63 സർവീസുകൾ മുടങ്ങിയതായി കെ.എസ്.ആർ.ടി.സി അറിയിച്ചു. എന്നാൽ അപ്രായോഗികമായ ഷെഡ്യൂളാണ് പ്രതിഷേധത്തിന് കാരണമെന്നും നടപടിക്ക് മുമ്പ് എൻക്വയറി നടത്തിയില്ലെന്നും ഹർജിക്കാർ ആരോപിച്ചു.
മൈനർ പെനൽറ്റി ആയതിനാൽ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചപ്പോൾ മൈനർ പെനൽറ്റി പോരാ, മേജർ പെനൽറ്റിയാണു വേണ്ടതെന്നു കോടതി പറഞ്ഞു. ജീവനക്കാർക്ക് എങ്ങനെയാണ് രാവിലെ ഡിപ്പോയിൽ എത്തി ബസ് ഓടിക്കില്ലെന്ന് പറയാൻ കഴിയുകയെന്നും കോടതി ചോദിച്ചു. ഒരാഴ്ച മുമ്പ് അറിയാവുന്ന സർവീസ് ഷെഡ്യൂളിനെക്കുറിച്ച് പരാതിയുണ്ടായിരുന്നെങ്കിൽ അത് കോടതിയിൽ ചോദ്യം ചെയ്യാമായിരുന്നു. സമരദിനത്തിലെ നഷ്ടം ആര് നികത്തും? ഇത് ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞു.