കെഎസ്ആർടിസി ജീവനക്കാർക്ക് സെപ്റ്റംബർ മാസത്തെ ശമ്പളം നല്കി

തിരുവനന്തപുരം: സെപ്റ്റംബർ മാസത്തെ ശമ്പളം കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് നൽകി. ഇനി മുതൽ അഞ്ചാം തീയതിക്ക് മുമ്പ് ശമ്പള വിതരണം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി ജീവനക്കാർക്ക് ഉറപ്പ് നൽകിയിരുന്നു. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സെപ്റ്റംബർ മാസത്തെ ശമ്പളം നൽകാൻ മാനേജ്മെന്‍റ് സർക്കാരിന്റെ സഹായം തേടിയിരുന്നു. ശമ്പളത്തിന് 50 കോടി രൂപയാണ് ആവശ്യപ്പെട്ടത്. ശമ്പളം ഒക്ടോബർ അഞ്ചിന് തന്നെ നൽകുമെന്ന് കെ.എസ്.ആർ.ടി.സിയും പ്രഖ്യാപിച്ചിരുന്നു.

ഒക്ടോബർ ഒന്നു മുതൽ ആഴ്ചയിൽ 6 ദിവസം കെ.എസ്.ആർ.ടി.സിയിൽ സിംഗിൾ ഡ്യൂട്ടി നടപ്പാക്കാനാണ് തീരുമാനം. ട്രേഡ് യൂണിയൻ നേതാക്കളുമായി മാനേജ്മെന്‍റ് നടത്തിയ രണ്ടാം വട്ട ചർച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. തുടക്കത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ പാറശ്ശാല ഡിപ്പോയിൽ മാത്രമായിരിക്കും സിംഗിൾ ഡ്യൂട്ടി നടപ്പാക്കുക. നേരത്തെ 8 ഡിപ്പോകളിൽ ഇത് നടപ്പാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും തയ്യാറാക്കിയ ഷെഡ്യൂളുകളിലെ അപാകതകൾ യൂണിയനുകൾ ചൂണ്ടിക്കാണിച്ചതിനെ തുടർന്ന് തീരുമാനം മാറ്റുകയായിരുന്നു. സിഐടിയു ഈ തീരുമാനം അംഗീകരിച്ചു. ബിഎംഎസ് തീരുമാനം അംഗീകരിച്ചിട്ടുണ്ടെങ്കിലും 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

8 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്താൽ രണ്ട് മണിക്കൂർ വരെ അടിസ്ഥാന ശമ്പളത്തിനും ഡിഎയ്ക്കും ആനുപാതികമായ ഇരട്ടി വേതനം നൽകുമെന്നാണ് മാനേജ്മെന്റ് പറയുന്നത്. ഈ ഘടനയെ സ്വാഗതം ചെയ്യുമ്പോൾ, 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി സ്വീകരിക്കില്ലെന്ന നിലപാടിലാണ് സിഐടിയു ഒഴികെയുള്ള യൂണിയനുകൾ. പണിമുടക്കിനെ ശക്തമായി നേരിടുമെന്ന് പ്രഖ്യാപിച്ച മാനേജ്മെന്‍റ്, പണിമുടക്കിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഡയസ്നോൺ ബാധകമാക്കുമെന്നും സെപ്റ്റംബറിലെ ശമ്പളം നൽകില്ലെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

K editor

Read Previous

ഗുജറാത്തില്‍ ഇത്തവണയും ബിജെപി തന്നെ അധികാരത്തിലേറുമെന്ന് സര്‍വേ

Read Next

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താൽ; അക്രമം നടത്തിയവരെക്കുറിച്ചുള്ള വിവരങ്ങൾ എൻഐഎ ശേഖരിക്കുന്നു