ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സിറ്റി സർക്കുലർ ബസുകൾ ലാഭകരമെന്ന് റിപ്പോർട്ട്. തിരുവനന്തപുരം നഗരത്തിലെ പ്രധാന സർക്കാർ സ്ഥാപനങ്ങൾ, ആശുപത്രികൾ, മറ്റ് പ്രധാന കേന്ദ്രങ്ങൾ എന്നിവയെ ബന്ധിപ്പിച്ചാണ് സർവീസ് ആരംഭിച്ചത്. ഡീസൽ ബസുകൾ ഉപയോഗിച്ചാണ് ആദ്യം സർവീസുകൾ തുടങ്ങിയത് പിന്നീട് ഇലക്ട്രിക്ക് ബസുകളിലേക്ക് മാറുകയായിരുന്നു.
തുടക്കത്തിൽ 1000 യാത്രക്കാർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ പ്രതിദിനം 34000 ലധികം യാത്രക്കാർ സർവീസുകളെ ആശ്രയിക്കുന്നുണ്ടെന്ന് കെഎസ്ആർടിസി അറിയിച്ചു. ഈ സാമ്പത്തിക വർഷം തന്നെ പ്രതിദിനം 50000 യാത്രക്കാർ എന്ന ലക്ഷ്യത്തിലെത്താനാണ് കെ.എസ്.ആർ.ടി.സി പദ്ധതിയിടുന്നത്.
തിരുവനന്തപുരം നഗരത്തിൽ ഈ വർഷം ഓഗസ്റ്റ് മുതൽ 25 പുതിയ ഇലക്ട്രിക് ബസുകൾ സർവീസ് ആരംഭിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ വൈദ്യുതിയും ജീവനക്കാരുടെ ശമ്പളവും ഉൾപ്പെടെ ഇലക്ട്രിക് ബസുകളിൽ ഒരു കിലോമീറ്റർ സർവീസ് നടത്താൻ 23 രൂപ മാത്രമാണ് ചെലവ് വരുന്നത്. കിലോമീറ്ററിന് 35 രൂപയാണ് ശരാശരി വരുമാനം. ഡീസൽ ബസിന് പകരം ഇലക്ട്രിക് ബസ് ഉപയോഗിച്ച് സർവീസ് നടത്തിയപ്പോൾ ഓഗസ്റ്റിൽ ഇന്ധനച്ചെലവിൽ 28 ലക്ഷം രൂപയും സെപ്റ്റംബറിൽ ഡീസൽ ചെലവിൽ 32 ലക്ഷം രൂപയും ലാഭിക്കാൻ കഴിഞ്ഞു. നിലവിൽ ഡീസൽ ബസുകളുടെ ചിലവ് കിലോമീറ്ററിന് 74 രൂപയാണ്.