വൈദ്യതി മുടങ്ങി: ഓൺലൈൻ ഹരിശ്രീയിൽ കുടുങ്ങി

കാഞ്ഞങ്ങാട്:  ഓൺലൈൻ വഴി ആരംഭിച്ച ക്ലാസുകൾക്ക് വിദ്യാലയ വർഷാരംഭത്തിൽ തന്നെ  ഹരിശ്രീ പിഴച്ചു. ഇടക്കിടെ  പോയും വന്നുമിരിക്കുന്ന വൈദ്യുതിയാണ്  മാവുങ്കാൽ സബ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ വിദ്യാർത്ഥികളുടെ ശകുനം മുടക്കിയത്.

ഇന്നലെ രാത്രി പോയ വൈദ്യുതി  ബന്ധം പല സ്ഥലങ്ങളിലും ഇന്ന് രാവിലെ പത്ത് മണി വരെയും  പുന:സ്ഥാപിച്ചിട്ടില്ല. വിക്ടേഴ്സ് ചാനൽ വഴിയാണ് ഇന്ന് മുതൽ കേരളത്തിൽ ക്ലാസുകൾ ആരംഭിച്ചത്. വിദ്യാർത്ഥികൾ ഭൂരിപക്ഷം പേരും ടെലിവിഷൻ ചാനലിൽക്കൂടിയാണ് ക്ലാസുകളിൽ പങ്കെടുത്തിരുന്നത്. സ്മാർട്ട് മൊബൈൽ ഫോണുകൾ, ലാപ്പ്ടോപ്പുകൾ എന്നിവ വഴിയും വിദ്യാർത്ഥികൾക്ക് ക്ലാസ്  നേരിട്ടു കാണാമെങ്കിലും  ഈ സൗകര്യങ്ങളുള്ളവർ  എണ്ണത്തിൽ വളരെ കുറവാണ്.

  കാഞ്ഞങ്ങാട്ടെ വൈദ്യുതിയുടെ  ഒളിച്ചുകളി കുപ്രസിദ്ധമാണ്. തോന്നുമ്പോൾ വരികയും പോകുകയും  ചെയ്യുന്ന അതിഥിയാണ് കാഞ്ഞങ്ങാട്ടെ വൈദ്യുതി. ഇന്ന് രാവിലെ 8.30 മണി മുതലാണ് വിക്ടേഴ്സ്  ചാനൽ വഴി ക്ലാസുകൾ ആരംഭിച്ചത്. പല തവണ വൈദ്യുതി നിലച്ചതിനാൽ കാഞ്ഞങ്ങാടും പരിസരത്തുമുള്ള മിക്ക വിദ്യാർത്ഥികൾക്കും ശരിയായ രീതിയിൽ ക്ലാസ് ലഭിച്ചിട്ടില്ലെന്ന്  പരാതിയുണ്ട്. മഴക്കാലം  കൂടി ആരംഭിച്ചതോടെ  കാഞ്ഞങ്ങാട്ടെ  പതിവ് വൈദ്യുതി മുടക്കം വീണ്ടും  രൂക്ഷമാകും. ഇങ്ങനെ  വരികയാണെങ്കിൽ അത് വിദ്യാർത്ഥികളുടെ പഠനത്തെ സാരമായി ബാധിക്കും. കാഞ്ഞങ്ങാട്ടെയും  സമീപ പ്രദേശങ്ങളിലെയും വൈദ്യുതി മുടക്കത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

Read Previous

കെ. സെവൻ സോക്കർ ഫുട്ബോൾ – ഡിവൈഎഫ്ഐക്ക് നഷ്ടം 5 ലക്ഷം

Read Next

ഡി. ശിൽപ്പ ചുമതലയേറ്റു