ബിജെപി പ്രവർത്തകർ സിഐടിയു പ്രവർത്തകന്റെ വീടാക്രമിച്ചു

കാഞ്ഞങ്ങാട്: സിഐടിയു പ്രവർത്തകന്റെ വീട്ടിൽ രാത്രിയിൽ അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ബിജെപി പ്രവർത്തകർക്കെതിരെ ഹൊസ്ദുർഗ്ഗ് പോലീസ് കേസെടുത്തു.

ഇന്നലെ രാത്രി 9.35-നാണ് കൊവ്വൽ സ്റ്റോറിൽ ബിജെപി പ്രവർത്തകർ സിഐടിയു പ്രവർത്തകന്റെ വീടാക്രമിച്ചത്.

കാഞ്ഞങ്ങാട് സൗത്തിലെ ചുമട്ടു തൊഴിലാളി പി.കെ. മദനനെത്തേടി ആയുധങ്ങളുമായെത്തിയ ബിജെപി പ്രവർത്തകർ വീടിന്റെ വാതിൽ ചവിട്ടിത്തുറന്ന്  അകത്തു പ്രവേശിക്കുകയായിരുന്നു.മൂവാരിക്കുണ്ട് സ്വദേശിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ സത്യരാജൻ എന്ന രാജന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.

മദനനെ വീട്ടുകാർ മുറിയിലിട്ട് പൂട്ടിയിരുന്നതിനാൽ,  ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടു. ഭാര്യ ബിന്ദുവും, ഭാര്യാ മാതാവ്  കാർത്യായനിയും കരഞ്ഞപേക്ഷിച്ചതു കൊണ്ടാണ്  അക്രമികൾ വീടു വിട്ടതെന്ന് മദനൻ പറഞ്ഞു. ബിജെപി പ്രവർത്തകനായ രാജൻ, മരുമകൻ സച്ചിൻ, സുഹൃത്ത് സുധീഷ്, സുമേഷ് എന്നിവരടങ്ങുന്ന സംഘമാണ് മദനൻ താമസിക്കുന്ന വീട്ടിലെത്തി ഭീകരാന്തരീക്ഷമുണ്ടാക്കിയത്.

സുധീഷിന്റെ  പിതാവ് ഷൺമുഖനെ മദനൻ ചീത്ത വിളിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം.  സംഭവത്തിൽ പി.കെ. മദനൻ ഹൊസ്ദുർഗ്ഗ് പോലീസിൽ കൊടുത്ത പരാതി പ്രകാരം മൂവാരിക്കുണ്ടിലെ സത്യരാജൻ, സച്ചിൻ, സുധീഷ്, സുമേഷ് എന്നിവരടക്കമുള്ള സംഘത്തിനെതിരെയാണ് കേസ്. മദനനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം ആയുധങ്ങളുമായി വീടാക്രമിച്ചത്.

LatestDaily

Read Previous

പോലീസ് ഉദ്യോഗസ്ഥർക്കെതിരായ വെട്ടം സിബിയുടെ ഹരജി തള്ളി

Read Next

സ്ത്രീകൾ താമസിക്കുന്ന വീടിന് നേരെ അക്രമം