കൊവ്വൽപ്പള്ളി വാഹനാപകടം മറികടക്കുമ്പോഴല്ല

കാഞ്ഞങ്ങാട്: ഫിബ്രവരി 22 ന് ഞായർ രാത്രി 11. 10 മണിക്ക് കൊവ്വൽപ്പള്ളി ലേറ്റസ്റ്റ് പത്രമാപ്പീസിന് മുന്നിൽ ഒരാളുടെ മരണത്തിനിടയാക്കിയ വാഹനാപകടം മറ്റൊരു വാഹനത്തെ മറികടക്കുമ്പോഴല്ലെന്ന് അപകടസമയ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. രാത്രി 11– 10 മണിക്കാണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തു നിന്ന് നീലേശ്വരം ഭാഗത്തേക്ക് പോവുകയായിരുന്ന കെഎൽ 60 എം. 4077 മഹീന്ദ്ര സൈലോ വണ്ടിയും, നീലേശ്വരം ഭാഗത്ത് നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎൽ 58 ബി– 7088 ടാറ്റ സുമോ വണ്ടിയുമാണ് രാത്രി 11.10 ന് നേർക്കുനേർ കൂട്ടിയിടിച്ചത്.

സൈലോ വണ്ടി ഇടിയുെട ശക്തിയിൽ റോഡിന് കിഴക്കു ഭാഗത്തേക്കും സുമോ വണ്ടി റോഡിന് മധ്യത്തിൽ പടിഞ്ഞാറു ഭാഗത്തേക്കും തെറിച്ചു വീഴുന്ന ദൃശ്യങ്ങൾ ലേറ്റസ്റ്റ് കെട്ടിടത്തിലുള്ള സിസിടിവി –ദൃശ്യങ്ങളിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. മംഗ്ളൂരുവിൽ നിന്ന് നീലേശ്വരം കടിഞ്ഞിമൂല ജംഗ്ഷനിലുള്ള പ്രിയദർശിനി പാർപ്പിടത്തിലുള്ള വീട്ടിലേക്ക് പോവുകയായിരുന്ന കുവൈത്ത് പ്രവാസി തമ്പാനാണ് അപകടത്തിൽ മരണപ്പെട്ടത്.

തമ്പാൻ സഞ്ചരിച്ച സൈലോ കാർ ഒാടിച്ചത് തമ്പാന്റെ മകൾ നിമിതയുടെ ഭർത്താവ് നീലേശ്വരം ചായ്യോം സ്വദേശി വിജേഷാണ്. അപകടത്തിൽപ്പെട്ട കാറിൽ തമ്പാന് പുറമെ മകൾ നിമിതയും ഭാര്യ മിനിയുമടക്കം നാലുപേരാണ് ഉണ്ടായിരുന്നത്. വണ്ടിയോടിച്ച വിനീഷ് പരിക്കുകളോടെ മംഗ്ളൂരു ആശുപത്രിയിലാണ്. മരണപ്പെട്ട തമ്പാന്റെ സഹോദരൻ നാരായണന്റെ പരാതിയിൽ ടാറ്റാ സുമോ വണ്ടി ഒാടിച്ച ഉദുമ സ്വദേശി ആഷിഖിന്റെ പേരിൽ പോലീസ് കേസ്സ് രജിസ്റ്റർ ചെയ്തു. ആഷിഖും പരിക്കുകളോടെ ആശുപത്രിയിലാണ്.

അപകടത്തിൽപ്പെട്ട ഇരു വാഹനങ്ങളും റോഡിൽ അതിശക്തിയായി കൂട്ടിയിടിച്ച് റോഡിന്റെ ഇരു വശങ്ങളിലേക്കും തെറിച്ചു വീഴുന്ന ദൃശ്യമാണ് സിസിടിവിയിൽ പതിഞ്ഞു കാണുന്നത്. രണ്ടു വാഹനങ്ങളിൽ ഏതെങ്കിലും ഒരു വാഹനത്തിന്റെ ഡ്രൈവറുടെ ശ്രദ്ധ രാത്രിയിൽ റോഡിൽ നിന്ന് തെറ്റിയതാകാം വാഹനങ്ങൾ കൂട്ടിയിടിക്കാനുണ്ടായ കാരണമെന്ന് കരുതുന്നു.

Read Previous

വിഷം കലർത്തിയ ഐസ്ക്രീം കഴിച്ചുമരിച്ച കുട്ടിക്ക് പിന്നാലെ ഇളയമ്മയും മരിച്ചു

Read Next

മതവിദ്വേഷമുണ്ടാക്കി എന്നതിന് ഡോക്ടറടക്കം 5 പേർക്കെതിരെ കേസ്