ബംഗാളികൾ തടിതപ്പി കോട്ടച്ചേരി മേൽപ്പാലം പണി പിന്നെയും നിലച്ചു

കാഞ്ഞങ്ങാട്: നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലെത്തി നിൽക്കുന്ന കോട്ടച്ചേരി റെയിൽവേ മേൽപ്പാലം പണി പിന്നെയും നിലച്ചു.

പണി നടത്തിക്കൊണ്ടിരുന്ന ബംഗാളികളായ അതിഥിത്തൊഴിലാളികൾപെടുന്നനെ നാട്ടിലേക്ക് തടിതപ്പിയതാണ് ഇപ്പോൾ പാലം പണി പിന്നെയും നിലയ്ക്കാനിടയായത്.

പാലം പണി ഏറെക്കുറെ തീർന്ന മേൽപ്പാലത്തിന് റെയിൽപാളത്തിന്റെ മുകളിലൂടെ കടന്ന് പോവുന്ന ഭാഗത്ത് ഗർഡറുകൾ പാകുന്ന പണിയാണ് നടന്ന് കൊണ്ടിരുന്നത്.

കോൺഗ്രീറ്റ് സ്റ്റീൽ കമ്പോസിറ്റ് ഗർഡറുകൾ നാല് കൂറ്റൻ ട്രക്കറുകളിലായി മെയ് 29 – നായിരുന്നു കാഞ്ഞങ്ങാട്ടെത്തിച്ചത്.

റെയിൽവേ സുരക്ഷാ കമ്മീഷൻ മേൽനോട്ടത്തിൽ തൃശ്ശിനാപ്പള്ളിയിലെ ഫാക്ടറിയിൽ പണി തീർത്ത ഗർഡറുകൾ അതീവ സുരക്ഷയിലാണ് ക്രെയിൻ ഉപയോഗിച്ച് കാഞ്ഞങ്ങാട്ട് ഇറക്കിവെച്ചത്.

നേരത്തെ പണിയെടുത്തിരുന്ന അതിഥിത്തൊഴിലാളികളെല്ലാം നാട്ടിലേക്ക് പോയിരുന്നു. ബംഗാളികളായ പത്ത് തൊഴിലാളികളാണ് കഴിഞ്ഞ ദിവസം വരെ ഇതിന്റെ പണിയെടുത്ത് കൊണ്ടിരുന്നത്.

നട്ടും ബോൾട്ടും ഘടിപ്പിക്കുന്ന പണി തീർത്താൽ സുരക്ഷാ കമ്മീഷൻ മേൽനോട്ടത്തിൽ ഗർഡറുകൾ പാളത്തിന് മുകളിൽ പാകാനുള്ള ആലോചന നടന്നു വരുന്നതിനിടയിലാണ് ബംഗാളിലേക്കുള്ള ഒരു ശ്രമിക്ക് ട്രെയിൻ ഇത് വഴി കടന്നു പോയത്.

ട്രെയിൻ കാഞ്ഞങ്ങാട്ടെത്തിയതോടെ പാലം പണിയിലേർപ്പെട്ടവരിൽ അവശേഷിക്കുന്നവർ ട്രെയിനുകളിൽ കയറി നാട് പിടിച്ചു.

ഇനി അവർ എന്ന് തിരിച്ച് വരുമെന്നതിനൊരു നിശ്ചയവുമില്ല. പണിക്കാരില്ലാതെ പാലം പണി മുന്നോട്ട് പോകാനൊക്കില്ല. അതിനിടെ സമീപന റോഡിന് മണ്ണിടുന്ന പണി പൂർത്തിയാക്കി സമീപന റോഡിന്റെ അവസാന മിനുക്ക് പണിക്ക് തുടക്കം കുറിച്ചിരുന്നു.

ഇനി എവിടെ നിന്നെങ്കിലും പണിക്കാരെ കൊണ്ട് വന്നിട്ട് വേണം പണി നടത്താൻ. അപ്രതീക്ഷിത ലോക്ഡൗണിൽ നിർത്തിവെച്ച പണികൾ പുനരാരംഭിച്ചിട്ട് ഒരു മാസം പിന്നിടുമ്പോഴാണ് ബംഗാളികൾ ട്രെയിനിൽ കയറി തടി തപ്പിയത്.

ഇനി എന്ന് വരും അതിഥിത്തൊഴിലാളികൾ എന്ന ചോദ്യം തന്നെ അർത്ഥമില്ലാതായിരിക്കുന്നു. കാത്തിരുന്നു കാണുകയെ നിർവ്വാഹമുള്ളൂ.

LatestDaily

Read Previous

കാസർകോട് ജില്ലാ റബ്ബർ മാർക്കറ്റിങ്ങ് സൊസൈറ്റി നിക്ഷേപകരെ വഞ്ചിച്ചു

Read Next

റെയിൽവേ പാർക്കിംഗിൽ മറ്റൊരു ബൈക്കും ലോക്ഡൗണിൽ കവർന്നു