കൊല്ലത്ത് കാർ ബൈക്കിലിടിച്ച് കാഞ്ഞങ്ങാട് സ്വദേശിനി അടക്കം 2 എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ മരിച്ചു

കാഞ്ഞങ്ങാട്: കൊല്ലത്ത് കാർ ബൈക്കിലിടിച്ച് വിനോദയാത്രയ്ക്ക് പോയി മടങ്ങുകയായിരുന്ന  അലാമിപ്പള്ളി സ്വദേശിനിയടക്കം  രണ്ട്  എഞ്ചിനിയറിംഗ് വിദ്യാർത്ഥികൾ മരണപ്പെട്ടു. അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റിന് പിറകിൽ താമസിക്കുന്ന ചൈതന്യ യിൽ അജയന്റെ മകൾ ചൈതന്യ 19, കൊല്ലം കുണ്ടറ സ്വദേശി ബി. എൻ. ഗോവിന്ദ് 20, എന്നിവരാണ് മരിച്ചത്.

ഇരുവരും തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികളാണ്. കൊല്ലം ചെങ്കോട്ട ദേശീയപാതയിലാണ് അപകടം. തെന്മല ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് വിനോദയാത്രക്കെത്തിയ സംഘത്തിൽപ്പെട്ടവരാണിവർ. അഞ്ച് ബൈക്കുകളിലായാണ് വിദ്യാർത്ഥികൾ തെന്മല ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങും വഴി കുന്നിക്കോട് ചേത്തടി ഭാഗത്ത് ചെങ്ങമനാട്  നിന്നും അമിത വേഗതയിൽ വന്ന മാരുതി എർട്ടിഗ കാർ, ബുള്ളറ്റ് ബൈക്കിലിടിക്കുകയായിരുന്നു. പോസ്റ്റമോർട്ടം നടപടികൾക്കായി മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഗോവിന്ദ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ചൈതന്യയെ കൊട്ടാരക്കരയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചുവെങ്കിലും   മരണപ്പെട്ടു. ചൈതന്യയുടെ മാതൃഗൃഹം  പയ്യന്നൂർ പരോളിവയലിലാണ്. പിതാവ് അജയൻ ഗൾഫിലാണ്. ചൈതന്യയുടെ സ്വന്തം വീട് അലാമിപ്പള്ളി ബസ് സ്റ്റാന്റിന് പിറക് വശത്താണ്. മരണവിവരമറിഞ്ഞ് ബന്ധുക്കൾ കൊല്ലത്തെത്തി. പത്തനാപുരം പനംപറ്റ സ്വദേശിയുടെതാണ് മാരുതി കാർ. കാറിലുണ്ടായവർക്കും പരിക്കേറ്റു. കുന്നിക്കോട് പോലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു.

LatestDaily

Read Previous

ലേറ്റസ്റ്റിനെതിരായ സിപിഎം പ്രസ്താവന പിച്ചും പേയും

Read Next

ഭർത്താവിനെ വഴിതെറ്റിക്കുന്നയാളെ കൈകാര്യം ചെയ്യാൻ ക്വട്ടേഷൻ