കോടിയേരി ബാലകൃഷ്ണൻ ഇനി പയ്യാമ്പലത്ത് അന്ത്യവിശ്രമം കൊള്ളും

കണ്ണൂർ: കേരള രാഷ്ട്രീയത്തിലെ എക്കാലത്തെയും കരുത്തുറ്റ നേതാവ് കോടിയേരി ബാലകൃഷ്ണൻ ഇനി പയ്യാമ്പലത്ത് അന്ത്യവിശ്രമം കൊള്ളും. പ്രിയ നേതാക്കളായ ഇ കെ നായനാരുടെയും ചടയൻ ഗോവിന്ദന്റെയും സ്മൃതി കുടീരത്തിനോട് ചേർന്നാണ് അദ്ദേഹത്തിന് ചിത ഒരുക്കിയിരുന്നത്. കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതു ദർശനത്തിനുശേഷം മൃതദേഹം വഹിച്ചുള്ള വിലാപയാത്ര പയ്യാമ്പലത്തേക്ക് പുറപ്പെട്ടു. മുഖ്യമന്ത്രി അടക്കം മുതിർന്ന നേതാക്കളും പ്രവർത്തകരും വിലാപയാത്രയെ അനുഗമിച്ചു.

ഔദ്യോഗിക ബഹുമതികളോടെയായിരുന്നു അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ നടന്നത്. ശനിയാഴ്ച രാത്രി ചെന്നൈ അപ്പോളോ ആശുപത്രിയിൽ അന്തരിച്ച കോടിയേരിയുടെ മൃതദേഹം ഞായറാഴ്ച ഒരുമണിയോടെ എയർ ആംബുലൻസിൽ കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രിമാർ, കോൺഗ്രസ് നേതാവ് സണ്ണി ജോസഫ് എംഎൽഎ എന്നിവരടക്കം നേതാക്കളും പ്രവർത്തകരും വിമാനത്താവളത്തിൽ നേരിട്ട് എത്തിയാണ് മൃതദേഹം ഏറ്റുവാങ്ങിയത്.

വിമാനത്താവളത്തിൽ നിന്ന് ആരംഭിച്ച വിലാപയാത്ര കടന്നുപോകുന്ന വഴികളിൽ 14 കേന്ദ്രങ്ങളിൽ പ്രവർത്തകർക്ക് അന്ത്യോപചാരമാർപ്പിക്കാനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പതിനായിരക്കണക്കിന് ആളുകളാണ് ഇവിടങ്ങളിൽ തടിച്ചുകൂടിയിരുന്നത്. എന്നാൽ സമയക്കുറവ് കാരണം വാഹനം നിർത്തി പ്രത്യേകം കാണുവാനുള്ള സൗകര്യം ഒരുക്കാൻ സാധിച്ചിരുന്നില്ല.

K editor

Read Previous

ന്യൂനപക്ഷകാര്യ മന്ത്രാലയം അവസാനിപ്പിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത വ്യാജം

Read Next

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം; കേരളത്തിൽ മഴ കനക്കും