കൊച്ചി കൂട്ടബലാത്സംഗം; ഇതാണോ എൽഡിഎഫ് പ്രഖ്യാപിച്ച സ്ത്രീസുരക്ഷയെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: കൊച്ചിയിൽ ഓടുന്ന വാഹനത്തിൽ 19 കാരിയായ മോഡലിനെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഈ വാർത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

“രാത്രിയിലടക്കം സജീവമായ നഗരത്തിലെ പൊതുനിരത്തിൽ മൂന്നര മണിക്കൂറോളം പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായിട്ടും പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടില്ല. മാരകമായ ലഹരി വസ്തുക്കളുടെ ഉപയോഗത്തിന്‍റെയും അനുബന്ധ കുറ്റകൃത്യങ്ങളുടെയും തലസ്ഥാനമായി കൊച്ചി നഗരം മാറിയിരിക്കുന്നു. ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ ആഭ്യന്തര വകുപ്പിനും പൊലീസിനും എങ്ങനെ നിഷ്ക്രിയരാകാൻ കഴിയും? ഈ സംഭവത്തിന്‍റെ ഉത്തരവാദിത്തത്തിൽ നിന്ന് ആഭ്യന്തര വകുപ്പിനും പൊലീസിനും കൈകഴുകാൻ കഴിയില്ലെന്നും” സതീശൻ പറഞ്ഞു.

“എ.കെ.ജി സെന്‍ററിൽ അടിമ പണി ചെയ്യലും, മയക്കുമരുന്ന്-ഗുണ്ടാ മാഫിയകൾക്ക് വിടുപണി ചെയ്യലും സർക്കാരിന്റെ ജനവിരുദ്ധ മനോഭാവങ്ങൾക്കും അഴിമതിക്കുമെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുന്നതും മാത്രമാണ് കേരള പൊലീസിന്‍റെ ഏക ജോലി. പൊലീസ് സേന സി.പി.എം നേതാക്കളുടെ ഏറാന്‍മൂളികളായി മാറുന്നതിന്‍റെ ദാരുണമായ പ്രത്യാഘാതങ്ങളാണ് ഇന്ന് കേരളം അനുഭവിക്കുന്നത്. നമ്മുടെ കുട്ടികൾക്ക് നിർഭയമായി റോഡിൽ ഇറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലേക്ക് കേരളം മാറിയിരിക്കുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ആക്രമണങ്ങൾ തുടരുകയാണ്. ഇതാണോ എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച സ്ത്രീ സുരക്ഷ” – സതീശൻ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.

K editor

Read Previous

പാലാരിവട്ടം സ്വദേശിനിയുടെ ആത്മഹത്യ; സുഹൃത്ത് പ്രേരണാ കുറ്റത്തിന് അറസ്റ്റില്‍

Read Next

ചരിത്രം കുറിച്ച് മണിക; ഏഷ്യന്‍ കപ്പ് ടേബിള്‍ ടെന്നീസിൽ മെഡല്‍