ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: ഇഡി സമൻസിനെതിരെ കിഫ്ബി ഹൈക്കോടതിയെ സമീപിച്ചു. മസാല ബോണ്ട് വിഷയം അന്വേഷിക്കാനുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അധികാരത്തെയാണ് കിഫ്ബി കോടതിയിൽ ചോദ്യം ചെയ്തത്. മസാല ബോണ്ട് നൽകുന്നതിൽ ഫെമ ചട്ടങ്ങൾ ലംഘിച്ചെന്ന കേസിൽ ഇഡി കിഫ്ബിക്ക് സമൻസ് അയച്ചിരുന്നു. കിഫ്ബി, സിഇഒ കെ.എം എബ്രഹാം, ജോയിന്റ് ഫണ്ട് മാനേജർ എന്നിവരാണ് ഹൈക്കോടതിയിൽ ഈ നടപടിയെ ചോദ്യം ചെയ്യുന്നത്.
ഫെമ ലംഘനങ്ങൾ പരിശോധിക്കാൻ ഇ.ഡിക്ക് അധികാരമില്ലെന്നാണ് കിഫ്ബിയുടെ വാദം. ഇക്കാര്യം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പരിശോധിക്കണമെന്നും കിഫ്ബിയുടെ ഹർജിയിൽ പറയുന്നു. കിഫ്ബിയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടർച്ചയായി സമൻസ് അയയ്ക്കുകയാണെന്നും ഹർജിയിൽ ആരോപിക്കുന്നു. ഹർജി അടുത്ത ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും.
കിഫ്ബിക്കെതിരായ ഇ.ഡി അന്വേഷണത്തിനെതിരെ സി.പി.എം നിയമപോരാട്ടം നടത്തുകയാണ്. ഇ.ഡി അന്വേഷണത്തിനെതിരെ കെ.കെ ശൈലജ ഉൾപ്പെടെ അഞ്ച് ഭരണപക്ഷ എം.എൽ.എമാരാണ് ഹർജി നൽകിയത്. കിഫ്ബിക്കെതിരായ ഇ.ഡിയുടെ അന്വേഷണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സി.പി.എം വ്യക്തമാക്കിയിരുന്നു.