ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബെംഗളൂരു: ലൈംഗിക പീഡനം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ പരാതികളെ തുടർന്ന് മൈസൂരു ബിഷപ്പിനെ വത്തിക്കാൻ തൽസ്ഥാനത്ത് നിന്ന് നീക്കി. ബിഷപ്പ് കനികദാസ് എ. വില്യമിനോട് അവധിയിൽ പോകാൻ വത്തിക്കാൻ ആവശ്യപ്പെട്ടു. പകരം ബെംഗളൂരുവിലെ മുൻ ആർച്ച് ബിഷപ്പ് ബെർണാഡ് മോറാസിനാണ് മൈസൂരുവിന്‍റെ ഭരണച്ചുമതല. 2018ലാണ് ബെർണാഡ് മോറാസ് ബെംഗളൂരു ആർച്ച് ബിഷപ്പ് സ്ഥാനത്ത് നിന്ന് വിരമിച്ചത്.
ബിഷപ്പ് വില്യമിനെതിരെ ലൈംഗികാരോപണം, തട്ടിക്കൊണ്ടുപോകൽ എന്നിവയ്ക്ക് പുറമേ അഴിമതി ആരോപണങ്ങളും ഉയർന്നിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി അദ്ദേഹം ഇക്കാര്യത്തിൽ സംശയത്തിന്‍റെ നിഴലിലായിരുന്നു.
2019 ൽ മൈസൂരു ജില്ലയിലെ വിവിധ ഇടവകകളിൽ നിന്നുള്ള 37 വൈദികരാണ് ബിഷപ്പിനെതിരെ ഗുരുതര പരാതിയുമായി വത്തിക്കാനിൽ കത്തയച്ചത്. ബിഷപ്പ് തന്നോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും ജോലി നൽകണമെങ്കിൽ വഴങ്ങിക്കൊടുക്കണമെന്ന് പറഞ്ഞെന്നും ആരോപിച്ച് ഒരു സ്ത്രീയും പരാതി നൽകിയിരുന്നു. സഭാ ഫണ്ട് ദുരുപയോഗം ചെയ്തതു മുതൽ വിവാഹം കഴിക്കാൻ അനുവാദമില്ലാത്ത ബിഷപ്പിന് രണ്ട് കുട്ടികളുണ്ടെന്നത് വരെയുള്ള ഗുരുതരമായ നിരവധി ആരോപണങ്ങളാണ് വൈദികർ പരാതിയിൽ ചൂണ്ടിക്കാണിച്ചത്.