കാഞ്ഞങ്ങാട് ആർ.ടി.ഒ ഓഫീസിൽ കൈക്കൂലി കണക്ക് പറഞ്ഞ് വാങ്ങുന്നു

കാഞ്ഞങ്ങാട്: ലോക്ഡൗണിനെത്തുടർന്ന് സർവ്വീസുകൾ നിർത്തിവെച്ച സ്വകാര്യ ബസ്സുകൾക്ക് ഇൻഷുറൻസ് അടവിന് സാവകാശം ലഭിക്കാനുള്ള സർട്ടിഫിക്കറ്റിന് കാഞ്ഞങ്ങാട് സബ്ബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ കണക്കുപറഞ്ഞ് കൈക്കൂലി വാങ്ങുന്നതായി ആരോപണം. ലോക്ഡൗണിൽ മാർച്ച് മാസത്തിലാണ് സ്വകാര്യ ബസ് സർവ്വീസുകൾ നിർത്തിവെച്ചത്. സ്റ്റോപ്പേജ് ഫീസായി 400 രൂപ അടച്ചാണ് ഉടമകൾ ബസുകൾ സർവ്വീസ് നിർത്തിവെച്ചത്. ഈ കാലയളവിൽ ബസ് ഓടിയിട്ടില്ലാത്തതിനാൽ ഇവർക്ക് ന്യായമായി കിട്ടേണ്ട അവകാശമാണ് ഇൻഷുറൻസ് അടവിലെ സാവകാശം. ഇൻഷുറൻസ് ഓഫീസിൽ കൊടുക്കാനുള്ള ഈ സർട്ടിഫിക്കറ്റിന് കാഞ്ഞങ്ങാട് എസ്.ആർ.ടി.ഒ ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും കണക്ക് പറഞ്ഞ് കൈക്കൂലി വാങ്ങിക്കുന്നതായാണ് ബസുടമകളുടെ സംഘടനാ ഭാരവാഹികൾ ആരോപിക്കുന്നത്. കാസർകോട് ആർ.ടി.ഒ ഓഫീസിൽ സൗജന്യമായി ലഭിക്കുന്ന ഈ സർട്ടിഫിക്കറ്റിന് കാഞ്ഞങ്ങാട് 500 രൂപ കൈക്കൂലി ചോദിച്ചുവാങ്ങുന്നതായാണ് ബസുടമകൾ ആരോപിക്കുന്നത്. ഇത്തരത്തിൽ നിരവധി പേർ കൈക്കൂലി നൽകി സർട്ടിഫിക്കറ്റ് കൈപ്പറ്റിയതായും ഇവർ പറഞ്ഞു. ലോക്ഡൗണിനെത്തുടർന്ന് പ്രതിസന്ധിയിലായ സ്വകാര്യ ബസ് വ്യവസായ മേഖല നഷ്ടത്തിന്റെ ആഘാതത്തിൽ നിന്ന് ഇനിയും മുക്തരായിട്ടില്ല. അതിനിടയിലാണ് കാഞ്ഞങ്ങാട്ടെ ആർ.ടി.ഒ ഓഫീസ് ഉദ്യോഗസ്ഥരുടെ പകൽക്കൊള്ള.

LatestDaily

Read Previous

കെപിസിസി ജനറൽ സെക്രട്ടറിയെ സ്വാധീനിക്കാൻ വിദ്യാസാഗർ

Read Next

ഗർഡറുകൾ എത്തി: കോട്ടച്ചേരി മേൽപ്പാലം ഉടൻ