ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ആഘോഷങ്ങളേതുമില്ലാതെ കാഞ്ഞങ്ങാട് നഗരസഭ ഇന്നലെ 36-ാമത് വർഷത്തിലേക്ക് കടന്നു. 1984 ജൂൺ ഒന്നിനാണ് നവജാത ജില്ലയിൽ നഗരസഭ പിറന്നത് 1984 മെയ് 24-ന് ആയിരുന്നു കാസർകോട് ജില്ലയുടെ പിറവി. ഒരാഴ്ചക്കകം കാഞ്ഞങ്ങാട് നഗരസഭയും പിറവിയെടുത്തു. തിരിഞ്ഞ് നോക്കുമ്പോൾ 35 വർഷത്തെ നേട്ടങ്ങൾ ചൂണ്ടിക്കാണിക്കാനായി അലാമിപ്പള്ളി പുതിയ ബസ്സ്റ്റാന്റ് മാത്രമാണുള്ളത് പഞ്ചായത്തായിരിക്കുമ്പോൾത്തന്നെ മുറവിളി ഉയർന്ന സ്റ്റേഡിയം ഇന്നും കടലാസിലൊതുങ്ങിയിരിക്കയാണ്. അതിനിടെ അലാമിപ്പള്ളി ബസ്റ്റാന്റിനോട് ചേർന്ന് ഇന്റോർസ്റ്റേഡിയം പണിയൊനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടന്ന് വരുന്നുണ്ട്. എന്നാൽ സ്റ്റേഡിയമെന്ന അവശ്യത്തിന് പകരമാവില്ല ഇന്റോർ സ്റ്റേഡിയം.
കാഞ്ഞങ്ങാട് പഞ്ചായത്ത് ആയിരിക്കുമ്പോൾ പണിത കല്ല്യാണ മണ്ഡപം തന്നെയാണ് ഇപ്പോഴത്തെ ടൗൺഹാൾ ഇത് മോടി പിടിപ്പിക്കാൻ എല്ലാവർഷവും ലക്ഷങ്ങൾ ചിലവഴിക്കുന്നുണ്ടെങ്കിലും കാഞ്ഞങ്ങ് ടൗണിന്റെ പ്രൗഡിക്കനുസൃതമായ ഒരു ടൗൺഹാൾ എന്ന സ്വപ്നം ഏറെ അകലെയാണ്. സിപെഷ്യൽ ഗ്രേഡ് പഞ്ചായത്തായിരിക്കുമ്പോഴുണ്ടായിരുന്ന ഓഫീസ് തന്നെയാണ് നഗരസഭ രൂപീകരണത്തോടെ നഗരസഭ കാര്യാലയമാക്കി മാറ്റിയത്. പിന്നീട് രണ്ട് തവണ വികസിപ്പിച്ചുവെങ്കിലും പൂർണ്ണതയിലെത്താൻ കഴിഞ്ഞത് പുതിയ ബ്ലോക്ക് പണിതശേഷമാണ്. ഇപ്പോൾ നഗരസഭ കാര്യാലയം മികച്ച സംവിധാനങ്ങളോടെ പ്രവർത്തിച്ചു വരുന്നുണ്ട്. ലക്ഷങ്ങൾ പല തവണ കോരിയിട്ട കോട്ടച്ചേരി മീൻ മാർക്കറ്റിൽ അഴുക്ക് വെള്ളം ഒഴുകിപ്പോവാൻ ഫലപ്രദമായ സംവിധാനമില്ല.
മലിന ജലം ശുദ്ധീകരിക്കാൻ ഇതിനകം ചിലവഴിച്ച അനേകം ലക്ഷങ്ങൾ കൂട്ടിച്ചേർത്താൽ മറ്റൊരു മീൻ ചന്ത ഉണ്ടാക്കാമായിരുന്നു. നിലവിലുള്ള കോട്ടച്ചേരി മാർക്കറ്റിൽ ചില പരിഷ്കരണങ്ങൾ വരുത്തി കൊട്ടിഘോഷിച്ചതൊഴിച്ചാൽ അഴുക്ക് വെള്ളം ഇപ്പോഴും ഒഴുകിപ്പോവുന്നത് റെയിൽവേസ്റ്റേഷൻ റോഡിൽ തന്നെ. ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി വാർഡ് തലങ്ങളിൽ ഒട്ടേറെ കാര്യങ്ങൾ നടക്കുന്നുണ്ടെങ്കിലും നഗരസഭയുടെ മൊത്തം പുരോഗതിയിൽ അതൊന്നും പ്രതിഫലിക്കുന്നില്ല. വാർഡ് തലങ്ങളിൽ ചെറുതും വലുതുമായ നിരവധി റോഡുകളും നിർമ്മാണം നടത്തിയിട്ടുള്ളതും ശ്രദ്ധേയമായ കാര്യമാണ്. അതേ സമയം കാഞ്ഞങ്ങാട് സൗത്ത് മുതൽ കാസർകോട് പ്രസ്ക്ലബ്ബ് ജംഗ്ഷൻ വരെയുള്ള കെ.എസ്.ടി.പി റോഡിന്റെ ഏറ്റവും വലിയ ആകർഷണീയത നോർത്ത് കോട്ടച്ചേരി ഇഖ്ബാൽ ജംഗ്ഷൻ മുതൽ പുതിയകോട്ട സ്മൃതി മണ്ഡപം വരെയാണ്. ഇത് പൂർണ്ണമായും സംസ്ഥാന സർക്കാറിന്റെ പദ്ധതിയാണെങ്കിലും പണി പൂർത്തിയാക്കാൻ ചെയർമാന്റെ ഇടപെടലുകൾ ഉണ്ടായിട്ടുണ്ട് എന്നത് നിഷേധിക്കാൻ കഴിയില്ല. കാഞ്ഞങ്ങാട് നഗരസഭയുടെയും അജാനൂർ ഗ്രാമപഞ്ചായത്തിന്റെയും തീരദേശ ജനതയുടെയും, ഏറെക്കാലത്തെ പ്രതീക്ഷയുടെ സാക്ഷാത്ക്കാരമായി. നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലെത്തി നിൽക്കുന്ന കോട്ടച്ചേരി റെയിൽവേ മേൽപ്പാലം ഉടൻ തന്നെ തുറന്ന് കൊടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
മേൽപ്പാലത്തിന്റെ തൂണുകളും കോൺക്രീറ്റ് ജോലിയും ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. ലോക്ക്ഡൗൺ സാഹചര്യത്തിൽ നിർമ്മാണം നിലച്ച് പോയ മേൽപ്പാലം സമീപന റോഡ് പണി ഇപ്പോൾ ധൃതഗതിയിൽ നടന്നുവരുന്നു. റെയിൽപാളത്തിന്റെ മുകളിൽ പാകാനുള്ള ഗർഡറുകൾ തൃശ്ശിനാപ്പള്ളിയിലെ ഫാക്ടറിയിൽ നിന്ന് പൂർത്തിയാക്കി കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടെത്തിച്ചിട്ടുണ്ട്. കാലവർഷം ആരംഭിക്കുന്നതിന് മുന്നേ പണി പൂർത്തിയാക്കാൻ ഉദ്ദേശിച്ചുവെങ്കിലും കോവിഡ് 19ന്റെ ഭാഗമായ ലോക്ഡൗൺ കാരണം പണി നടന്നില്ല. ഇപ്പോൾ പുനഃരാരംഭിച്ച മേൽപ്പാലം പണി ഒരു മാസത്തിനകം പൂർത്തിയാവുമെന്ന് ബന്ധപ്പെട്ടവർ പറയുന്നു. മേൽപ്പാലം സ്ഥലമെടുപ്പ് മുതൽ ഇന്നേവരെ കാഞ്ഞങ്ങാടിന്റെ എം.എൽഏയായ മന്ത്രി ഇ. ചന്ദ്രശേഖരന്റെ ശക്തമായ ഇടപെടലുകൾ ഉണ്ടായതിന്റെ ഫലമാണ് മേൽപ്പാലം പൂർത്തീകരണഘട്ടത്തിലെത്തിയത്. കാഞ്ഞങ്ങാട് നഗരവികസനത്തിൽ ഒരു നാഴികക്കല്ലായി മാറുന്ന കോട്ടച്ചേരി മേൽപ്പാല നിർമ്മാണത്തിൽ നഗരസഭയ്ക്ക് പ്രത്യേക പങ്കൊന്നുമില്ലെങ്കിലും മേൽപ്പാലം തുറന്നുകൊടുക്കുന്നതോടെ കാഞ്ഞങ്ങാടിന്റെ ഗതാഗത കുരുക്കിന് പരിഹാരമാവുകയും തീരദേശ യാത്രയുടെ തടസ്സങ്ങൾ നീക്കുകയും ചെയ്യുന്നതിനൊപ്പം നഗരത്തിന് ഒരു മേലങ്കിയായി മാറുകയും ചെയ്യും. നഗരസഭ 36-ാം വയസ്സിലേക്ക് കടക്കുമ്പോൾ കൂടുതൽ മെച്ചപ്പെട്ട നിലയിലേക്ക് എത്താൻ നഗരസഭയ്ക്ക് കഴിയുമെന്ന് പ്രത്യാശിക്കാം.