ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
അതിവേഗ ഇന്റർനെറ്റ് സേവനത്തിനായി സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച കെഫോൺ പദ്ധതിയുടെ ഒന്നാംഘട്ടം പ്രവർത്തനസജ്ജമായിരിക്കുന്ന സാഹചര്യത്തിൽ കെഫോൺ പദ്ധതിയുടെ ഉപജ്ഞാതാക്കളെ അഭിനന്ദിക്കാതെ വയ്യ. മാറുന്ന കാലത്തിനൊപ്പം ഇന്റർനെറ്റ് സേവനമേഖലയെ പാകപ്പെടുത്തിയ കെ-ഫോൺ സർക്കാർ പദ്ധതി ഇന്ത്യയിൽ ആദ്യമാണെന്നതിനാൽ കേരളീയർക്കും അഭിമാനിക്കാൻ വകയുണ്ട്. വിവര സാങ്കേതിക വിദ്യാരംഗത്ത് വൻ വിപ്ലവം തന്നെ സൃഷ്ടിക്കുന്നതാണ് സർക്കാറിന്റെ കെ- ഫോൺ പദ്ധതി.
ഇന്റർനെറ്റ് സേവനങ്ങൾ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്തതാണ്. വൻകിട സ്വകാര്യ ടെലികോം കമ്പനികൾ കീഴടക്കി വെച്ച ഇന്റർനെറ്റ് സേവനമേഖല ഉപഭോക്താക്കളെ പിഴിഞ്ഞ് കീശ വീർപ്പിക്കുന്ന സാഹചര്യത്തിൽ താരതമ്യേന കുറഞ്ഞ നിരക്കിലുള്ള കെ- ഫോൺ ഇന്റർനെറ്റ് സേവനങ്ങൾ ഇന്റർനെറ്റ് ഉപഭോക്താക്കൾക്ക് ഏറെ അനുഗ്രഹമാണ്. കേന്ദ്ര സർക്കാർ സ്ഥാപനമായ ബിഎസ്എൻഎല്ലിന്റെ സേവനങ്ങൾ വളരെ പരിമിതമായ സാഹചര്യത്തിൽ കെ- ഫോൺ ജനപ്രിയമാകുമെന്നതിൽ സംശയവുമില്ല.
ഇന്ത്യയിലെ ഇന്റർനെറ്റ് സേവനമേഖല വിരലിലെണ്ണാവുന്ന സ്വകാര്യ ടെലികോം സേവന ദാതാക്കൾ കയ്യടക്കി വെച്ചിരിക്കുകയാണ്. ഉപഭോക്താക്കൾക്ക് സൗജന്യത്തിന്റെ അപ്പക്കഷണങ്ങൾ എറിഞ്ഞുകൊടുത്താണ് റിയലൻസ് സ്ഥാപനങ്ങൾ ടെലികോം സേവന മേഖല കൈയ്യടക്കിയത്. പ്രാരംഭ ഘട്ടത്തിൽ സൗജന്യങ്ങൾ നൽകി ഉപഭോക്താക്കളെ വരിക്കാരാക്കിയ റിലയൻസ് സേവനമേഖലയുടെ മുക്കാൽഭാഗവും കൈയ്യടക്കിയതോടെയാണ് വിശ്വരൂപം പുറത്തെടുത്തത്. റിയലൻസ് കമ്പനി പ്രാരംഭ ദശയിൽ ഉപഭോക്താക്കൾക്ക് നൽകിയിരുന്ന അതിവേഗ ഇന്റർനെറ്റ് സേവനം പതിയെപ്പതിയെ ഇല്ലാതായിരിക്കുകയാണ്.
ഇന്റർനെറ്റ് സേവനമേഖലയിലെ കുത്തകക്കമ്പനികളുടെ ചൂഷണത്തിന് ബദലാകാൻ കേരള സർക്കാർ നടപ്പാക്കുന്ന കെ-ഫോൺ പദ്ധതിക്ക് കഴിയും. െക-ഫോൺ പദ്ധതിയുടെ രണ്ടാം ഘട്ടം ഇരുപത് ലക്ഷം ബിപിഎൽ കുടുംബങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായി നൽകുന്ന ഇന്റർനെറ്റ് കണക്ഷനുകൾ വഴി താഴെത്തട്ടിലുള്ള ഇരുപത് ലക്ഷം കുടുംബങ്ങളിൽ വിവര സാങ്കേതികതയുടെ വിസ്ഫോടനമാണ് നടക്കാൻ പോകുന്നത്. ഇതുവഴി ഇന്റർനെറ്റ് സേവന രംഗത്ത് കേരളത്തിന്റെ ചിന്തകൾ പതിറ്റാണ്ടുകൾക്കപ്പുറത്തേക്ക് സഞ്ചരിച്ചിരിക്കുകയാണ്.
അഞ്ചാം തലമുറ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമായിത്തുടങ്ങിയിട്ടും കേന്ദ്രസർക്കാരിന്റെ ബിഎസ്എൻഎൽ ഇപ്പോഴും ത്രീജി സേവനത്തിൽ തന്നെയാണ്. ബിഎസ്്എൻഎല്ലിന് ഫോർജി ഇന്റർനെറ്റ് സൗകര്യമൊരുക്കാനുള്ള യാതൊരു നടപടിയും കേന്ദ്ര സർക്കാർ കൈക്കൊണ്ടിട്ടുമില്ല. സ്വകാര്യ കമ്പനികൾ ഇതുവഴി തടിച്ചു കൊഴുക്കുകയുമാണ്. അനതിവിദൂരഭാവിയിൽ കേന്ദ്ര സർക്കാർ ടെലികോം മേഖലയിൽ നിന്നും പിൻമാറാനും സാധ്യതയുണ്ട്.
ഈ സാഹചര്യത്തിലാണ് കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് സേവന ശൃംഖലയായ കെ- ഫോൺ പദ്ധതി ഏറെ പ്രസക്തമാകുന്നത്. കെ- ഫോൺ പദ്ധതി കാലഘട്ടത്തിന്റെ ആവശ്യമായതിനാൽ പദ്ധതി പാതിവഴിയിലുപേക്ഷിക്കാതിരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കോടികളുടെ വരുമാനം നഷ്ടപ്പെടുന്ന സ്വകാര്യ ഇന്റർനെറ്റ് സേവനദാതാക്കൾ പദ്ധതിയെ ഇല്ലാതാക്കാൻ ശ്രമിക്കുമെന്നതിൽ സംശയമില്ല. കെ-ഫോൺ പദ്ധതിക്ക് തുരങ്കം വെക്കാനുള്ള ശ്രമങ്ങൾക്കെതിരെ സർക്കാരിനൊപ്പം കേരള ജനതയും ജാഗരൂകരായിരിക്കണം. മാറിവരുന്ന സർക്കാരുകൾ പദ്ധതിയുടെ പിന്തുടർച്ച ഏറ്റെടുക്കുക തന്നെ വേണം.