വഖഫ് ബോർഡിൽ തുടരാൻ ബി. എം. ജമാലിന് സുപ്രീം കോടതി അനുമതി

കാഞ്ഞങ്ങാട്: കേരള സംസ്ഥാന വഖഫ് ബോർഡിന് പുതിയ ചീഫ് എക്സിക്യൂട്ടീവ് ഒാഫീസറെ (സിഇഒ) നിയമിക്കാൻ സംസ്ഥാന സർക്കാറിന് അനുമതി നൽകിയ കേരള ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. നിലവിൽ സിഇഒ, ബി. എം. ജമാലിന് 56 വയസ് പൂർത്തിയായ 2020 നവംബർ 30– ന് പുതിയ സിഇഒയെ നിയമിക്കാൻ അനുമതി ആവശ്യപ്പെട്ട് ബോർഡ് ചെയർമാൻ മുൻമന്ത്രി, ടി. കെ. ഹംസ സംസ്ഥാന സർക്കാറിന് കത്ത് നൽകിയതിനെത്തുടർന്ന്, ബി. എം. ജമാൽ ഹൈക്കോടതിയിൽ നൽകിയ കേസിലാണ് പുതിയ സിഇഒയെ നിയമിക്കാൻ സർക്കാറിന് അനുമതി നൽകിക്കൊണ്ടും അത് വരെ ജമാലിന് തുടരാനും ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടത്.

അതേസമയം, സിഇഒ നിയമനം ഇപ്പോൾ നടത്തുന്നത് തടഞ്ഞു കൊണ്ട് സുപ്രീം കോടതി ഉത്തരവായതോടെ ബി. എം. ജമാലിന് സിഇഒ ആയി തുടരാൻ അനുമതി ലഭിച്ചു. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ വി. ഗിരി, അഡ്വ: ബാബു കറുകപ്പാടത്ത് എന്നിവർ ബി. എം. ജമാലിന് വേണ്ടി ഹാജരായി. വഖഫ് ബോർഡ് അറിയാതെയും, അജണ്ട വെച്ച് യോഗം വിളിക്കാതെയും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ച് കൊണ്ടും സിഇഒയെ നിയമിക്കാൻ പത്ര പരസ്യം നൽകിയ കേരള വഖഫ് ബോർഡ് ചെയർമാൻ ടി. കെ. ഹംസയുടെ നടപടിക്കെതിരെ ബോർഡ് അംഗങ്ങളായ പി. വി. അബ്ദുൽ വഹാബ്, എംപി, പി. ഉബൈദുല്ല എംഎൽഏ, എം. സി. മായിൻ ഹാജി, അഡ്വ: പി. വി. സൈനുദ്ദീൻ എന്നിവർ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഇതേതുടർന്ന് തുടർ നടപടികൾ രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്ത് കൊണ്ടും ഹൈക്കോടതി ഉത്തരവിടുകയുണ്ടായി. രാഷ്ട്രീയ പ്രേരിതമായും, ചട്ടങ്ങൾ കാറ്റിൽപ്പറത്തിയും ബോർഡോ, ഒാഫീസോ അറിയാതെ പത്ര പരസ്യം നൽകി പിൻവാതിൽ നിയമനം നടത്താൻ, ബോർഡ് ചെയർമാൻ ടി. കെ. ഹംസ നടത്തിയ നടപടികൾക്കാണ് സുപ്രീം കോടതി ഉത്തരവ് പ്രഹരമേൽപ്പിച്ചത്.

LatestDaily

Read Previous

കാഞ്ഞങ്ങാട്- നീലേശ്വരം നഗരസഭകളിലും 21 പഞ്ചായത്തുകളിലും നിരോധനാജ്ഞ

Read Next

മൂവാരിക്കുണ്ടിൽ സിപിഎം പ്രവർത്തകന്റെ ഒാട്ടോ തകർത്തു