മരംകൊള്ള സിപിഐ കുരുക്കിൽ

മുൻ മന്ത്രി ചന്ദ്രശേഖരൻെറ കുറ്റസമ്മതം

കാഞ്ഞങ്ങാട്:  റവന്യൂമന്ത്രിയായിരിക്കെ പ്രിൻസിപ്പൽ സിക്രട്ടറി ഇറക്കിയ ഉത്തരവ് തന്റെ നിർദ്ദേശപ്രകാരമായിരുന്നുവെന്ന് മുൻ  റവന്യൂമന്ത്രി സമ്മതിച്ചതോടെ, സിപിഐ സംസ്ഥാന സിക്രട്ടറി കാനം രാജേന്ദ്രനുൾപ്പടെ കുരുക്ക് മുറുകി. വയനാട്ടിലെ മുട്ടിലിൽ ഉൾപ്പടെ കോടികളുടെ മരംകൊള്ള നടത്തിയത്  പ്രിൻസിപ്പൽ സിക്രട്ടറിയുടെ ഉത്തരവിനെ തുടർന്നാണ്.

ആദ്യഘട്ടത്തിൽ ഉദ്യോഗസ്ഥരെ പഴിചാരിയായിരുന്നു റവന്യൂമന്ത്രി ഉൾപ്പടെ പ്രതികരിച്ചത്. ഉത്തരവ്  വേഗത്തിലാക്കാൻ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ നിർദ്ദേശം നൽകിയ രേഖകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഉത്തരവിറക്കിയത് തന്റെ നിർദ്ദേശപ്രകാരമാണെന്ന്  മുൻ മന്ത്രി കുറ്റസമ്മതം നടത്തിയത്. മരംമുറി തടയുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന കർശന വ്യവസ്ഥയോടെയാണ് 2020 ഒക്ടോബർ 24-ന് ചന്ദ്രശേഖരൻ  ഉത്തരവിറക്കിയത്. കർഷക താൽപ്പര്യം മുൻനിർത്തിയാണ് ഉത്തരവിറക്കൽ വേഗത്തിലാക്കാൻ നിർദ്ദേശിച്ചതെന്നും മുൻ മന്ത്രി ചന്ദ്രശേഖരൻ വിശദീകരിക്കുന്നുണ്ട്.

ഉത്തരവിന്റെ പൂർണ്ണ ഉത്തരവാദിത്തം തനിക്കാണെന്ന്  റവന്യൂ മന്ത്രി സമ്മതിച്ചു കഴിഞ്ഞു.  പട്ടയ ഭൂമിയിലെ  രാജകീയ മരങ്ങൾ മുറിക്കാൻ ഉത്തരവിൽ നിർദ്ദേശിച്ചിരുന്നില്ല. അതിന് വിരുദ്ധമായി മരം മുറിച്ചിട്ടുണ്ടെങ്കിൽ ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കാണെന്നും, മുൻമന്ത്രിയുടെ വിശദീകരണത്തിൽ പറയുന്നു. എന്നാൽ ഉത്തരവിന്റെ മറവിൽ മുറിച്ചുകടത്തിയത് ഈട്ടി, തേക്ക് തുടങ്ങിയ രാജകീയ മരങ്ങളായിരുന്നുവെന്ന് വനംവകുപ്പ് നടത്തിയ അന്വേഷണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

വിവാദ ഉത്തരവിൽ മന്ത്രിക്ക് പങ്കില്ലെന്നും എല്ലാം ഇടതു സർക്കാർ തീരുമാനപ്രകാരമായിരുന്നുവെന്നും കഴിഞ്ഞ ദിവസം വരെ സിപിഐ സംസ്ഥാന സിക്രട്ടറി  കാനം രാജേന്ദ്രനും പറഞ്ഞിരുന്നു. ആരോപണങ്ങളെല്ലാം കഴിഞ്ഞ ഇടതുസർക്കാറിന്റെ തലയിൽ കെട്ടി വെക്കാനുള്ള നീക്കങ്ങൾ പാളിയതോടെ വിഷയത്തിൽ സിപിഐ കുരുക്കിലായി.  പാർട്ടിസിക്രട്ടറി കാനം രാജേന്ദ്രനിലേക്കാണ് ആരോപണങ്ങളുടെ  കുന്തമുന നീളുന്നത്. 

LatestDaily

Read Previous

അജിന്റെ മാതുലന് ഭീഷണി ഗൾഫിൽ നിന്ന്, സൈബർ സെൽ അന്വേഷണം തുടങ്ങി

Read Next

സൗത്ത് വാഹനാപകടം ഇന്നോവയുടെ അമിത വേഗത