ഐഎൻഎൽ തർക്കം തീരുന്നു

കാഞ്ഞങ്ങാട്: ഐഎൻഎല്ലിലെ തർക്ക പ്രശ്നങ്ങൾക്ക് ചർച്ചയിലൂടെ പരിഹാരം കാണാനാവുമെന്ന് ദേശീയ അധ്യക്ഷൻ മുഹമ്മദ് സുലൈമാൻ. പാർട്ടി പിളർന്നിട്ടില്ല, ദേശീയ കമ്മിറ്റിയെ അംഗീകരിക്കാതെ ചിലർ പുറത്ത് പോയതാണ്. ചർച്ചയിലൂടെ പ്രശ്ന പരിഹാരം സാധ്യമാവുമെന്ന് ദേശീയ അധ്യക്ഷൻ പറഞ്ഞു. അഖിലേന്ത്യാ കമ്മിറ്റി ഏക പക്ഷീയമായി തീരുമാനമെടുക്കുന്നുവെന്ന് പറയുന്നത് ശരിയല്ല. അച്ചടക്കം ലംഘിച്ചവർക്കെതിരായ നടപടി കമ്മിറ്റി ഏകകണ്ഠമായി എടുത്തതാണ്.

ഇടതു മുന്നണിയുടെയും ഐ എൻഎല്ലിന്റെയും അഭ്യുദയകാംക്ഷിയായ കാന്തപുരം ഏ.പി. അബൂബക്കർ മുസ്്ലിയാർ മുൻകൈയെടുത്ത് നടത്തുന്ന അനുരജ്ഞന ചർച്ചയിൽ പ്രതീക്ഷയുണ്ട്. മന്ത്രി സ്ഥാനം ലഭിക്കുകയെന്നത് റിക്രൂട്ടിംഗ് ഏജൻസിപ്പണിയാണെന്ന നിലപാട് പാർട്ടിക്കില്ലെന്ന് മുഹമ്മദ് സുലൈമാൻ പറഞ്ഞു. മുസ്്ലീംലീഗ് ചരിത്രത്തിലില്ലാത്തവിധം അഴിമതിയുടെ പടുകുഴിയിൽ വീണിരിക്കുകയാണെന്ന് ഐഎൻഎൽ അധ്യക്ഷൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

ഹജ്ജ് കമ്മിറ്റിയിൽ അംഗത്വം ലഭിക്കാത്തത് ഇടത് മുന്നണി നിലപാടിന്റെ ഭാഗമാണെന്ന് കരുതുന്നില്ലെന്ന് ഐഎൻഎൽ ദേശീയ ജനറൽ സിക്രട്ടറി കൂടിയായ മന്ത്രി അഹ്മദ്  ദേവർകോവിൽ വ്യക്തമാക്കി. എല്ലാകമ്മിറ്റിയിലും അംഗത്വം വേണമെന്ന നിലപാട് പാർട്ടിക്കില്ലെന്നും മന്ത്രി ദേവർകോവിൽ കൂട്ടിച്ചേർത്തു. സംസ്ഥാന പ്രസിഡന്റ് ബി. ഹംസ ഹാജി, ജനറൽ സിക്രട്ടറി കാസിം ഇരിക്കൂർ, വൈസ് പ്രസിഡന്റ് എം.എം. മാഹിൻ എന്നിവരും ഒപ്പമുണ്ടായിരുന്നു

LatestDaily

Read Previous

പൂക്കോയ കണ്ണൂർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

Read Next

പ്രിയദർശിനി ക്ലബ്ബിൽ കോൺഗ്രസ്സ് പ്രവർത്തകൻ മരിച്ച നിലയിൽ