പോലീസ് വനിതകൾക്ക് പ്രിയം ജില്ലയിലെ തെക്കൻ സ്റ്റേഷനുകൾ

കാഞ്ഞങ്ങാട്: നൂറിലധികം പോലീസ് വനിതകൾ സേവനമനുഷ്ടിക്കുന്ന  കാസർകോട് ജില്ലയിൽ വടക്കൻ  അതിർത്തിദേശ പോലീസ് സ്റ്റേഷനുകളിൽ സേവനം ചെയ്യാൻ വനിതാ പോലീസുകാർക്ക് ഒട്ടും താൽപ്പര്യമില്ല.

ജില്ലയിൽ മഞ്ചേശ്വരം കാസർകോട് താലൂക്കുകളിലെ പോലീസ് സ്റ്റേഷനുകളിൽ സേവനത്തിലുണ്ടായിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥകളെല്ലാം പിടിക്കേണ്ടിടത്ത് പിടിച്ച് ജില്ലയുടെ തെക്കൻ ഭാഗമായ ഹൊസ്ദുർഗ്ഗ് താലൂക്കിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ സ്ഥലം മാറ്റമൊപ്പിച്ച് സന്തോഷം കൊള്ളുകയാണ്.

ചീമേനി ഒരു ചെറിയ പോലീസ് സ്റ്റേഷനാണ്. പതിനൊന്ന് പോലീസ് വനിതകളാണ് ചീമേനിയിൽ പുതുതായി ചുമതലയേറ്റിട്ടുള്ളത്. ഏതാണ്ട് ഇതേ  കണക്കിൽ ചന്തേരയടക്കമുള്ള താലൂക്കിലെ ഇതര പോലീസ് സ്റ്റേഷനുകളിലും വനിതകളുണ്ട്.

ചെറുവത്തൂർ, നീലേശ്വരം, കരിവെള്ളൂർ, പയ്യന്നൂർ, ചന്തേര, മാണിയാട്ട്, തൃക്കരിപ്പൂർ, ചെറുപുഴ തുടങ്ങിയ ഭാഗങ്ങളിൽ കുടുംബസമേതം താമസിച്ചുവരുന്ന പോലീസ് വനിതകൾ എളുപ്പത്തിൽ വീടുകളിലെത്താനുള്ള സൗകര്യത്തിന് പിടിക്കേണ്ടതുപോലെ പിടിച്ചാണ് ഈ ജനറൽ ട്രാൻസ്ഫറിൽ ഇഷ്ടപ്പെട്ട സ്റ്റേഷനുകളിൽ ചുമതലയേറ്റിട്ടുള്ളത്.

ഇതിന്റെ ഫലമാണ് ബദിയടുക്ക, ആദൂർ, മഞ്ചേശ്വരം അടക്കമുള്ള അതിർത്തി പോലീസ് സ്റ്റേഷനുകളിൽ ഇപ്പോൾ വനിതാ പോലീസ് ഇല്ലാതായത്.

സ്ത്രീകളുടെ പീഡന പരാതി ലഭിച്ചാൽ പരാതിക്കാരിയുടെ വീട്ടിൽച്ചെന്ന് മൊഴി രേഖപ്പെടുത്തേണ്ട ചുമതല വനിതാ പോലീസിനാണ്. ഈ നിയമം കർശ്ശനമായിരിക്കെയാണ് കാസർകോട് ജില്ലയിലെ ബദിയടുക്ക പോലീസ് സ്റ്റേഷനിൽ നിന്ന് മുഴുവൻ വനിതകളേയും ഒറ്റയടിക്ക് സ്ഥലം മാറ്റിയത്.

ചാരായം പിടികൂടാൻ പോകുന്ന പോലീസ്  സേനയ്ക്കൊപ്പം വനിതാ പോലീസ് നിർബന്ധമാണ്.

വനിത ഇല്ലാതെ പുരുഷ പോലീസുകാർക്ക് ഒരു തരത്തിലും വീട്ടിനകത്ത് കയറാൻ പോലീസ് നിയമം അനുശാസിക്കുന്നില്ല.

LatestDaily

Read Previous

സിപിഎം സംഘം ആക്രമിച്ച തൊഴിലാളിയുടെ കൈയ്യെല്ല് പൊട്ടി

Read Next

പന്ത്രണ്ടുകാരന്റെ ആത്മഹത്യ സെൽ ഫോൺ കിട്ടാത്തതിനാൽ