കർണ്ണാടകയിലേക്കുള്ള എല്ലാ റോഡുകളും കേരളവും കർണ്ണാടകവും അടച്ചു

കാഞ്ഞങ്ങാട്: ഇതര സംസ്ഥാനങ്ങളിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നും കൂടുതൽ പ്രവാസികൾ തിരിച്ചെത്തിയതോടെ കർണ്ണാടകയിൽ കോവിഡ് വ്യാപനവും മരണനിരക്കും കൂടിയതിനാൽ കർണ്ണാടകയിലേക്കുള്ള എല്ലാ റോഡുകളും കേരളം അടച്ചു.

കേരള – കർണ്ണാടക അതിർത്തികളിലെ വനപാതകളാണ് ഇപ്പോൾ മണ്ണിട്ട് അടച്ചത്.

നേരത്തെയുണ്ടായ യാത്രാ നിരോധന വിവാദങ്ങളെ തുടർന്ന് കർണ്ണാടക സർക്കാർ മണ്ണിട്ട് അടച്ച റോഡുകളിൽ അവശേഷിക്കുന്ന റോഡുകളാണ് കേരളം കഴിഞ്ഞ ദിവസം സമ്പൂർണ്ണമായി അടച്ചത്.

കഴിഞ്ഞ മാസം 26-ന് വനപാത വഴി പാസില്ലാതെ അതിർത്തി വഴി വന്ന കാസർകോട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിക്കപ്പെട്ടിരുന്നു. ഇതേ തുടർന്ന് കർണ്ണാടകയിൽ ആളുകൾ കയറി വരുന്ന എല്ലാ പാതകളും കേരളം അടക്കുകയായിരുന്നു. 

ദേലംപാടി പരപ്പ വഴി കർണ്ണാടകയിലെ സുള്ള്യ എത്താൻ കഴിയുന്ന റോഡ് കേരളം കഴിഞ്ഞ ദിവസം അടക്കുകയുണ്ടായി.ആദൂർ പോലീസാണ് മണ്ണിട്ട് റോഡ് അടച്ചത്.

മാണിമൂല വഴിയുള്ള റോഡുകൾ ബേഡകം പോലീസ് നേതൃത്വത്തിലാണ് മണ്ണിട്ട് അടച്ചത്. കർണ്ണാടക –  കേരള അതിർത്തിയിൽ കാസർകോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കടക്കാൻ കഴിയുന്ന പന്ത്രണ്ട് റോഡുകളാണ് കഴിഞ്ഞ ദിവസം അടച്ചിട്ടത്.

ദേശീയപാതയിൽ തലപ്പാടി വഴിയുള്ള റോഡ് വഴി മാത്രമെ ഇനി കേരളത്തിലേക്കും കർണ്ണാടകയിലേക്കും കടക്കാൻ സാധ്യമാവുകയുള്ളൂ.

മംഗളൂരു വിവിധ ആശുപത്രികളിലേക്കും അതിർത്തി പ്രദേശങ്ങളിലെ വിവിധ സ്ഥാപനങ്ങളിലേക്കും പോകുന്നതിന് കർണ്ണാടക സർക്കാർ നേരത്തെ മുതൽ പാസ് ഏർപ്പെടുത്തിയിരുന്നു.

നിലവിൽ ആശുപത്രിയിലേക്കുള്ള പാസിൽ നിയന്ത്രണം ഏർപ്പെടുത്തിയതിന് പുറമെ ഇപ്പോൾ മംഗളൂരുവിലേക്കുള്ള പാസ് കൂടുതൽ കർശ്ശനമാക്കിയിട്ടുണ്ട്.

ആശുപത്രികളിലേക്ക് പോകുന്നവർക്കും ഇപ്പോൾ കേരളത്തിൽ നിന്ന് പാസ് അനുവദിക്കുന്നതിൽ കടുത്ത നിയന്ത്രണങ്ങളാണ് ഉള്ളത്.

എന്നാൽ രാത്രികാലങ്ങളിൽ പരിശോധനയില്ലാതെത്തനെ നിരവധി പേർ തലപ്പാടി വഴി കേരളത്തിലേക്ക് കടക്കുന്നതായി സംശയിക്കുന്നുണ്ട്. ഇത്തരക്കാർ കോവിഡ് പരിശോധനക്ക് വിധേയമാവുകയോ ക്വാറന്റൈനിൽ കഴിയുകയോ ചെയ്യുന്നില്ല എന്നത് അപകട സൂചനയാണ്.

മറ്റിടങ്ങളിൽ മണ്ണിട്ട് റോഡടച്ചാലും തലപ്പാടി വഴി നിയമ വിരുദ്ധമായി കടന്ന് വരുന്നവരെ തടയാൻ കേരള അതിർത്തിയിൽ കൂടുതൽ ജാഗ്രത വരുത്തേണ്ടതുണ്ട്.

LatestDaily

Read Previous

ഖദര്‍ ഉടയാതെ, മേലനങ്ങാതെയുമുള്ള കളി കോണ്‍ഗ്രസില്‍ ഇനിയില്ല

Read Next

രാജാസ് ക്വാറന്റൈൻ കേന്ദ്രത്തിനെതിരെ കോൺഗ്രസ് ജനപ്രതിനിധികൾ