അഫീസയെ ഹൈക്കോടതി ഹോസ്റ്റലിൽ പാർപ്പിച്ചു

കൊച്ചി: കാഞ്ഞങ്ങാട് തോയമ്മലിൽ നിന്ന് വീടുവിട്ടുപോയി വിവാഹിതയായ മൊയ്തുവിന്റെ മകൾ അഫീസയെ 21, ഏപ്രിൽ 29 വരെ കാക്കനാട്ടുള്ള ലേഡീസ് ഹോസ്റ്റലിൽ  താമസിപ്പിക്കാൻ ഹൈക്കോടതി ഇന്ന് ഉത്തരവിട്ടു. മകൾ  അഫീസയെ നീലേശ്വരം ബങ്കളത്തെ അജിൻ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ആവലാതിപ്പെട്ട് പെൺകുട്ടിയുടെ പിതാവ് മൊയ്തു ഹൈക്കോടതിയിൽ  ഹരജി ഫയൽ ചെയ്തിരുന്നു.

ഹൈക്കോടതി നിർദ്ദേശത്തെത്തുടർന്ന് ഹൊസ്ദുർഗ് പോലീസ് അഫീസയെ ഇന്ന് രാവിലെ ഹൈക്കോടതിയിൽ  ഹാജരാക്കുകയായിരുന്നു. അഫീസയെ കൊണ്ടുപോയ അജിൻ വിവാഹിതനാണെന്നും, ഭാര്യാഭർതൃ ബന്ധം  നിലവിലുണ്ടെന്നും അഫീസയുടെ പിതാവ് മൊയ്തു ഹരജിയിൽ ബോധിപ്പിച്ചിരുന്നു.

വിവാഹബന്ധം വേർപെടുത്താനുള്ള കേസ്സ് ഹൊസ്ദുർഗ് കോടതി  ഏപ്രിൽ  29-ന് അന്തിമ വിധി പറയാൻ മാറ്റിവെച്ചുവെന്ന് അജിന്റെ അഭിഭാഷകൻ ഹൈക്കോടതിയെ ബോധ്യപ്പെടുത്തി. ഈ സാഹചര്യത്തിൽ ഏപ്രിൽ 29 വരെ അഫീസയെ കാക്കനാട് വനിതാ ഹോസ്റ്റലിൽ താമസിപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. അഫീസയുടെ പിതാവും മാതാവും മൂത്ത സഹോദരീ ഭർത്താവും ഇന്ന് ഹൈക്കോടതിയിലെത്തിയിരുന്നുവെങ്കിലും, അഫീസ അവരുടെയൊന്നും മുഖത്തേക്ക് പോലും നോക്കിയില്ല.

Read Previous

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വെട്ടിലായി

Read Next

മടിക്കൈയിൽ പാളയത്തിൽ പട , മന്ത്രി ഇ. ചന്ദ്രശേഖരന് കഴിഞ്ഞ തവണ മടിക്കൈ പഞ്ചായത്തിൽ കിട്ടിയത് 12, 460 വോട്ടുകൾ. ഇത്തവണ-?