പിഎസ് സിയും രാഷ്ട്രീയവും

പിഎസ്്സി നിയമനങ്ങളെക്കുറിച്ചുള്ള തർക്കങ്ങൾ രാഷ്ട്രീയ വിവാദമായി കേരളത്തിൽ കത്തിപ്പടരുമ്പോഴും ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും അന്തരീക്ഷത്തിൽ ചുറ്റിക്കറങ്ങുന്നുണ്ട്. കേരളത്തിലെ ഭരണപ്രതിപക്ഷ കക്ഷികളാണ് ഇതിനുത്തരം നൽകേണ്ടത്.  പിഎസ്്സി നിയമനങ്ങൾ ഏറ്റവും കൂടുതൽ നടന്നത് ആരുടെ ഭരണ കാലത്താണെന്ന് പരസ്പരം അവകാശ വാദങ്ങൾ നടത്തുന്നവർ തൊഴിൽ രഹിതരായ യുവാക്കളുടെ ആശങ്കകളെ കണ്ടില്ലെന്ന് നടിക്കുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

നിലവിലുള്ള പിഎസ്്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതിനെച്ചൊല്ലിയാണ് നിലവിലെ തർക്കങ്ങൾ. അതിനിടയിൽ ഉദ്യോഗാർത്ഥികലുടെ സമരങ്ങളിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങൾ തകൃതിയായി നടക്കുന്നുണ്ട്. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിക്കിട്ടാനുള്ള ഉദ്യോഗാർത്ഥികളുടെ സമരങ്ങൾക്ക് പ്രതിപക്ഷം നൽകുന്ന പിന്തുണ കുളം കലക്കി മീൻ പിടിക്കാനുള്ള തന്ത്രത്തിന്റെ ഭാഗം കൂടിയാണ്.

പിഎസ്്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരു വർഷമാണ്. പലപ്പോഴും റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാറുമുണ്ട്. അത്തരത്തിലുള്ള ആവശ്യവുമായാണ് പിഎസ്്സി റാങ്ക് ലിസ്റ്റിലുള്ളവർ സമരരംഗത്തുള്ളത്. സമരം നടത്തുന്നവരോട് സംസ്ഥാന സർക്കാർ അനുഭാവ പൂർണ്ണമായ സമീപനം സ്വീകരിച്ചുവെന്ന് പറയാനാകില്ല. താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ സർക്കാർ പിഎസ്്സി റാങ്ക് ലിസ്റ്റിലുള്ളവരുടെ കാര്യം കൂടി അനുഭാവപൂർവ്വം പരിഗണിക്കേണ്ടിയിരിക്കുന്നു.

പിഎസ്്സി നിയമനത്തെക്കുറിച്ചും റാങ്ക് ലിസ്റ്റ് നീട്ടുന്നതിനെക്കുറിച്ചുമുള്ള ചർച്ചകൾ ഇപ്പോഴും പുകമറയ്ക്കുള്ളിലാണുള്ളത്. ആര് പറയുന്നതാണ് ശരിയെന്ന് വ്യക്തവുമല്ല. കേരളം മാറിമാറി ഭരിച്ച ഇടതുവലതുമുന്നണികൾ കാലാകാലങ്ങളിൽ തങ്ങളുടെ ഭണവാഴ്ചക്കാലത്ത് ആശ്രിതരെ പിൻവാതിലിൽക്കൂടി കയറ്റിവിട്ടിട്ടുണ്ടെന്നുള്ളത് രഹസ്യമൊന്നുമല്ല.  പിഎസ്്സി റാങ്ക് ലിസ്റ്റിൽ ഉദ്യോഗാർത്ഥികൾ ജോലിക്കായി കാത്തിരിക്കുമ്പോഴാണ് സർക്കാരുകളുടെ ഈ അന്യായ പ്രവൃത്തി. പിൻവാതിൽ നിയമനത്തിന്റെ കാര്യത്തിൽ എൽഡിഎഫായാലും യുഡിഎഫായാലും പുണ്യവാളൻ ചമയുകയും വേണ്ട.

ജോലി കിട്ടാത്ത പരശ്ശതം ചെറുപ്പക്കാർ പുറത്തു നിൽക്കുമ്പോൾ ചുരുക്കം ചില ഉദ്യോഗാർത്ഥികൾക്ക് വേണ്ടി റാങ്ക് ലിസ്റ്റ് നീട്ടേണ്ടതുണ്ടോയെന്ന ചോദ്യത്തെയും അവഗണിക്കാൻ കഴിയില്ല. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ പേർക്കും ജോലി നൽകുകയെന്നത് പ്രായോഗികവുമല്ല. അതാത് വകുപ്പുകളിൽ ആവശ്യമുള്ള പോസ്റ്റുകളിൽ നിയമനം നടന്നാൽ പ്രസ്തുത റാങ്ക് ലിസ്റ്റ് അപ്രസക്തമാകുക തന്നെ ചെയ്യും. വർഷത്തിൽ ചുരുക്കം നിയമനങ്ങൾ മാത്രം നടക്കുമ്പോൾ റാങ്ക് ലിസ്റ്റിലുൾപ്പെട്ട മുഴുവൻ പേർക്കും ജോലി നൽകണമെങ്കിൽ വർഷങ്ങൾ കവിയേണ്ടി വരും. അതുവരെ റാങ്ക് ലിസ്റ്റ് നീട്ടുകയെന്നത് പരീക്ഷയെഴുതാൻ കാത്തു നിൽക്കുന്ന ഉദ്യോഗാർത്ഥികളോടുള്ള അനീതി തന്നെയാണ്.

പിഎസ്്സി നിയമനകാര്യത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ ഉദ്യോഗാർത്ഥികളെ കബളിപ്പിക്കുകയാണെന്ന് തന്നെ പറയാം. ഒരിക്കലും നടക്കാൻ സാധ്യതയില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് പ്രതിപക്ഷരാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് രംഗത്തുള്ളത്. സിക്രട്ടറിയേറ്റ് ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ നിയമിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ഉയർത്തി താഴ്ന്ന ക്ലാസ്സുകളിലുള്ള ഉദ്യോഗാർത്ഥികളുടെ ജോലി സാധ്യത ഇല്ലാതാക്കിയ പ്രതിപക്ഷമാണ് തൊഴിൽ രഹിതരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കുന്നതെന്നും വിരോധാഭാസമാണ്.

സമരം നടത്തുന്നവരോട് സംസ്ഥാന സർക്കാരും നിഷേധാത്മകമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. തലസ്ഥാനം യുദ്ധക്കളമായിട്ടും സമരം തീർക്കാനുള്ള നീക്കങ്ങൾ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്നത് ഖേദകരമാണ്. വിഷയത്തിൽ പിടിവാശി കാണിക്കുന്നതിന് പകരം ആശങ്കയുടെ മഞ്ഞുരുക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്. അഭിമാനം വെടിഞ്ഞ് ഉദ്യോഗാർത്ഥികളുമായി തുറന്ന ചർച്ചകൾ നടത്താൻ സർക്കാർ തയ്യാറാകുക തന്നെ വേണം. പ്രതിപക്ഷവും രാഷ്ട്രീയം മാറ്റി വെച്ച് ഇതിൽ പങ്കാളികളാകണം.

LatestDaily

Read Previous

ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിൽ മദ്യപശല്യം സുരക്ഷാ സംവിധാനങ്ങൾ അവതാളത്തിൽ

Read Next

ജ്വല്ലറിപ്പണം തട്ടിയെടുത്ത പർദ്ദധാരിണി കാഞ്ഞങ്ങാട്ട് ക്വാർട്ടേഴ്സിൽ താമസക്കാരി, ഡിസയർ കാറിൻെറ ദൃശ്യം ലഭിച്ചു ∙ കേസ്സ് ഒതുക്കിത്തീർക്കാൻ ജ്വല്ലറിയുടമയ്ക്ക് ഗൾഫിൽ നിന്ന് ഫോൺ കോൾ