ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മടിക്കൈ: 220 കെ.വി. അമ്പലത്തറ സോളാര്‍ സബ്സ്റ്റേഷന്‍ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവ്വഹിച്ചു
കേരളത്തിലെ ആദ്യ സോളാര്‍ പാര്‍ക്ക് അമ്പലത്തറയില്‍ പൂര്‍ത്തിയായി.
വര്‍ധിച്ചുവരുന്ന വൈദ്യുത ആവശ്യകത നേരിടുന്നതിന് പുനരുപയോഗ ഊര്‍ജ്ജസ്‌ത്രോതസ്സുകളില്‍ നിന്നുള്ള ഉത്പാദനം പരമാവധി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ജവഹര്‍ലാല്‍ നെഹറു നാഷ്ണല്‍ സോളാര്‍ മിഷനില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച അമ്പലത്തറ സോളാര്‍ പാര്‍ക്കില്‍ നിന്നും 50 മെഗാ വാട്ട് വൈദ്യുതിയാണ് ലഭ്യമാകുക.
ഇവിടെ നിന്നും ഉല്പാദിപ്പിക്കുന്ന വൈദ്യുതി നീക്കം ചെയ്യുന്നതിനായി കെ.എസ്.ഇ.ബി. ലിമിറ്റഡ് അമ്പലത്തറയില്‍ ഒരു 33/220 കെ.വി. സബ്‌സ്റ്റേഷന്‍ നിര്‍മ്മിക്കുകയായിരുന്നു
സോളാര്‍ പ്ലാന്റില്‍ നിന്നും ഉല്പാദിപ്പിക്കുന്ന 50 മെഗാ വാട്ട് വൈദ്യുതി അഞ്ചു 33 കെ.വി. ഫീഡറുകള്‍ വഴി അമ്പലത്തറ സബ്‌സ്റ്റേഷനില്‍ എത്തുന്നു.
100 എം.വി.എ. ശേഷിയുള്ള രണ്ട് 33/220 കെ.വി. ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിച്ചും, കാഞ്ഞിരോട് നിന്ന് മൈലാട്ടിയിലേക്ക് പോകുന്ന 220 കെ.വി. ലൈന്‍ അമ്പലത്തറ സബ്‌സ്റ്റേഷനുമായ് ബന്ധിപ്പിച്ചും, അമ്പലത്തറയില്‍ നിന്ന് കാഞ്ഞങ്ങാടേക്ക് 6.2 കി.മീ. ദൈര്‍ഘ്യമുള്ള ഒരു 33 കെ.വി. ഡബ്ബിള്‍ സര്‍ക്യൂട്ട് ലൈന്‍ വലിച്ചുമാണ് പവര്‍ ഇവാക്കുവേഷന്‍ നടത്തുന്നത്.
അമ്പലത്തറ നിന്നും കാഞ്ഞങ്ങാടേക്കുള്ള 33 കെ.വി. ലൈന്‍ സ്ഥാപിക്കുന്നതിന് മുമ്പ് മൈലാട്ടിയില്‍ നിന്ന് 110 കെ.വി. ഫീഡര്‍ വഴിയാണ് കാഞ്ഞങ്ങാട് സബ്‌സ്റ്റേഷനില്‍ വൈദ്യുതി എത്തിച്ചിരുന്നത്.
ചെറുവത്തൂരില്‍ റെയിൽവെ ട്രാക്ഷന്‍ വന്നതോടുകൂടി മൈലാട്ടി – കാഞ്ഞങ്ങാട് ലൈന്‍ ഓവർലോഡ് ആവുകയും വൈദ്യുതി പ്രസരണത്തില്‍ പലപ്പോഴും തടസ്സം ഉണ്ടാവുന്നതും പതിവായിരുന്നു.
ഇത് കാഞ്ഞങ്ങാട്, നീലേശ്വരം, ബേളൂര്‍, രാജപുരം എന്നീ സബ് സ്റ്റേഷന്‍ പരിധിയിലുള്ള ഉപഭോക്താക്കളെ ബാധിച്ചിരുന്നു.അമ്പലത്തറയില്‍ നിന്നുള്ള ഈ 33 കെ.വി. പവര്‍ ഇവാക്കുവേഷന്‍ ഡബിള്‍ സര്‍ക്യൂട്ട് ലൈന്‍ വന്നത് കാരണം മൈലാട്ടി നിന്നുള്ള ലൈനില്‍ ലോഡ് കുറക്കാനും അത് വഴി വൈദ്യുതി തടസ്സ സാധ്യത കുറക്കാനും കഴിഞ്ഞു.
ഇത് കൂടാതെ, മൈലാട്ടിയില്‍ നിന്നുള്ള 110 കെ.വി. വൈദ്യുതിയില്‍ തടസ്സം നേരിട്ടാല്‍ ഈ 33 കെ.വി. ലൈന്‍ വഴി കാഞ്ഞങ്ങാട്, നീലേശ്വരം, ബേളൂര്‍, രാജപുരം എന്നീ സബ് സ്റ്റേഷന്‍ പരിധിയിലുള്ള ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാതെ വൈദ്യുതി നല്‍കാനും സാധിക്കും.
അമ്പലത്തറ സബ്‌സ്റ്റേഷന്റെ രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി മൂന്ന് കിലോ മിറ്റര്‍ ദൈര്‍ഘ്യമുള്ള ഒരു മള്‍ട്ടി സര്‍ക്യൂട്ട് ലൈന്‍ വലിച്ചും, 100 എം.വി.എ. ശേഷിയുള്ള ഒരു 220 /110 കെ.വി. ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചും നിലവിലുള്ള 110 കെ.വി. കാഞ്ഞങ്ങാട് – ചെറുവത്തൂര്‍ ലൈനിനെ അമ്പലത്തറയുമായി ബന്ധിപ്പിച്ചും അത് വഴി കാഞ്ഞങ്ങാട്, ചെറുവത്തൂര്‍ എന്നീ സബ്സ്റ്റേഷനുകളിലേക്ക് വ്യത്യസ്ത 110 കെ.വി. ഫീഡറുകള്‍ സ്ഥാപിക്കാനും സാധിച്ചു.
ഈ സബ്സ്റ്റേഷനുകളിലേക്ക് അമ്പലത്തറയില്‍ നിന്ന് 110 കെ.വി. ഫീഡര്‍ നിര്‍മ്മിച്ചത് വഴി കാഞ്ഞങ്ങാട്, നീലേശ്വരം, ബേളൂര്‍, രാജപുരം, ചെറുവത്തൂര്‍, വെസ്റ്റ് എളേരി, തൃക്കരിപ്പൂര്‍ എന്നീ സബ് സ്റ്റേഷന്‍ പരിധിയിലുള്ള ഉപഭോക്താക്കള്‍ക്ക് രാത്രികാലങ്ങളിലും തടസ്സമില്ലാതെ വൈദ്യുതി വിതരണം ചെയ്യാന്‍ സാധിക്കും.
ഭാവിയില്‍ ട്രാന്‍സ്ഗ്രിഡിന്റെ ലൈന്‍ യാഥാര്‍ഥ്യമായാല്‍ അമ്പലത്തറ സബ്സ്റ്റേഷനില്‍ നിന്നും പയ്യന്നൂര്‍, മൈലാട്ടി എന്നീ സബ് സ്റ്റേഷനുകളിലേക്കും 110 കെ.വി. യില്‍ വൈദ്യുതി നല്‍കാാനാകും.
സബ്സ്റ്റേഷന്റെയും അനുബന്ധ ലൈനുകളുടെയും നിര്‍മാണത്തിനായി 39 കോടി രൂപയാണ് ചിലവായത്.
വീഡിയോ കോണ്‍ഫറന്‍സില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി അധ്യക്ഷനായി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശിലാഫലകങ്ങളുടെ അനാച്ഛാദനം റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിർവ്വഹിച്ചു.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയായി.ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പി സുരേന്ദ്ര എന്നിവര്‍ സംബന്ധിച്ചു.
കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് എം ഗൗരി, മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് സി പ്രഭാകരന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് അംഗം എം കുഞ്ഞമ്പു എന്നിവര്‍ സംസാരിച്ചു.
കെ എസ് ഇ ബി എല്‍ ചെയര്‍മാന്‍ എന്‍ എസ് പിള്ള സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ കണ്ണൂര്‍ കെ എസ് ഇ ബി എല്‍ സന്തോഷ്‌കുമാര്‍ വി എന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാഞ്ഞങ്ങാട് എ ഇ ഇ സന്തോഷ്‌കുമാര്‍ കെ നന്ദി പറഞ്ഞു.