പോളിംഗ് ബൂത്തിൽ കോൺഗ്രസ് നേതാക്കളെ മർദ്ദിച്ചു യുഡിഎഫ് ബൂത്ത് ഏജന്റുമാരായ കോൺഗ്രസ് നേതാക്കളെ വീട്ടിലെത്തിച്ചത് പോലീസ്

കാഞ്ഞങ്ങാട്: പള്ളിക്കര കൂട്ടക്കനിയിൽ പോളിംഗ് ഏജന്റുമാരായ കോൺഗ്രസ് നേതാക്കളെ പോളിംഗ് ബൂത്തിനകത്തിട്ട് മർദ്ദിച്ച ശേഷം, ബൂത്തിൽ നിന്നും പുറത്താക്കി. സിപിഎം ആക്രമണത്തിനിരയായ മഹിളാ കോൺഗ്രസ്  നേതാക്കൾ ഉൾപ്പടെ നാല് പ്രാദേശിക കോൺഗ്രസ് നേതാക്കളെ സുരക്ഷിതമായി വീട്ടിലെത്തിച്ചത് ബേക്കൽ പോലീസ്. കൂട്ടക്കനി ജിഎൽപി സ്കൂളിലെ 134, 134 ഏ എന്നീ പോളിംഗ് ബൂത്തുകളിലെ യുഡിഎഫ് ബൂത്ത് ഏജന്റുമാരായ കോൺഗ്രസ് പള്ളിക്കര മണ്ഡലം വൈസ് പ്രസിഡണ്ട് പാക്കം കണ്ണംവയലിലെ എം. രത്നാകരൻ നമ്പ്യാർ 60, മണ്ഡലം സിക്രട്ടറി കൂട്ടക്കനിയിലെ പ്രമോദ് കുമാർ 42, എന്നിവർക്കാണ് പോളിംഗ് ബൂത്തിൽ മർദ്ദനമേറ്റത്.

134–ാം നമ്പർ ബൂത്തിൽ രത്നാകരൻ നമ്പ്യാരും, മഹിളാ കോൺഗ്രസ് നേതാവ് മലയടുക്കത്തെ അനിത കുമാരിയും, 134 ഏ നമ്പർ ബൂത്തിൽ പ്രമോദ് കുമാറും, മഹിളാ കോൺഗ്രസ് നേതാവ് കൂട്ടക്കനിയിലെ സുജയുമായിരുന്നു യുഡിഎഫിന്റെ പോളിംഗ് ഏജന്റുമാർ. സിപിഎം പ്രവർത്തകർ കള്ളവോട്ടിന് ശ്രമിച്ചത് ചോദ്യം ചെയ്തതിന് വൈകീട്ട് 4 മണിയോടെ 30 ഒാളം വരുന്ന സിപിഎം പ്രവർത്തകർ മർദ്ദിച്ചതായാണ് ആരോപണം.

പോളിംഗ് ബൂത്തിൽ കയറിയ സിപിഎം പ്രവർത്തകർ യുഡിഎഫ് ഏജന്റുമാരുടെ കൈവശമുണ്ടായിരുന്ന വോട്ടർ പട്ടിക തട്ടിയെടുത്ത് കീറി നശിപ്പിച്ച ശേഷം ജനാല വഴി പുറത്തേക്കെറിയുകയായിരുന്നു. പോളിംഗ് ബൂത്തിൽ നിന്നും പുറത്താക്കിയ കോൺഗ്രസ് നേതാക്കൾക്ക് നേരെ കൂടുതൽ ആക്രമമുണ്ടാകുമെന്നുറപ്പായതോടെ പോലീസ് ഇടപ്പെട്ട് സിപിഎം ശക്തി കേന്ദ്രമായ കൂട്ടക്കനി പോളിംഗ് ബൂത്തിൽ നിന്നും 4 പേരെയും സ്വന്തം വീടുകളിലെത്തിക്കുകയായിരുന്നു.

വനിതാ കോൺഗ്രസ് നേതാക്കളെ അസഭ്യം പറഞ്ഞ് അപമാനിച്ചതായും പരാതിയുണ്ട്. പോലീസിനോട് പരാതിപ്പെട്ടുവെങ്കിലും, പോളിംഗ് ബൂത്തിനകത്ത് കയറി ഇടപ്പെടാനാകില്ലെന്ന് പോലീസ് അറിയിക്കുകയായിരുന്നു. പോളിംഗ് ഉദ്യോഗസ്ഥർ ഇടപെടാൻ തയ്യാറായില്ലെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ഉദരത്തിൽ ചവിട്ടേറ്റ് പരിക്കുകളോടെ രത്നാകരൻ നമ്പ്യാരെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. 

LatestDaily

Read Previous

ഡിവൈഎഫ്ഐ സംഘം ആക്രമിച്ചത് പേര് ചോദിച്ച ശേഷമെന്ന് മന്‍സൂറിന്‍റെ സഹോദരന്‍

Read Next

വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു