കേരളം ഇടതു തുടർ ഭരണത്തിലേക്ക് കാസർകോട് ജില്ലയിൽ തൽസ്ഥിതി തുടരും

കാഞ്ഞങ്ങാട്: മൂന്നാഴ്ചത്തെ പ്രചാരണ കോലാഹലങ്ങൾ അവസാനിച്ചപ്പോൾ, മാറിയും മറിഞ്ഞും വന്ന അടിയൊഴുക്കുകൾക്കും ആരോപണ പ്രത്യാരോപണങ്ങൾക്കും ശേഷം കേരളത്തിൽ ഇടതുമുന്നണിക്ക് തുടർ ഭരണത്തിന് സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകർ. ഇടതു- വലതു മുന്നണികൾക്കും ബിജെപി നേതൃത്വത്തിലുള്ള എൻഡിഏക്കും സ്വാധീനമുള്ള കാസർകോട് ജില്ലയിൽ നിലവിലെ സ്ഥിതി തുടരാനാണ് സാധ്യതയെന്നാണ് മണ്ഡലത്തിലൂടെയുള്ള അവസാനവട്ട ഓട്ടപ്രദിക്ഷണത്തിലൂടെ മനസ്സിലാക്കാൻ കഴിയുന്നത്.

നിലവിൽ കാസർകോട്ടും മഞ്ചേശ്വരത്തും യുഡിഎഫിലെ മുസ്്ലീം ലീഗ് പ്രതിനിധികളും ഉദുമയിലും തൃക്കരിപ്പൂരിലും ഇടതുമുന്നണിയിലെ സിപിഎം പ്രതിനിധികളും കാഞ്ഞങ്ങാട്ട് സിപിഐ പ്രതിനിധിയുമാണ് നിയമസഭാ സാമാജികർ. ഇതിന് മാറ്റം വരാനുള്ള സാധ്യതയില്ലെന്ന് പറയാം. സംസ്ഥാനത്തൊട്ടാകെ നോക്കുമ്പോൾ, ഇടതുമുന്നണിക്ക് 52ഉം വലതുമുന്നണിക്ക് 48ഉം സീറ്റുകളാണ് ഉറപ്പിക്കാൻ കഴിയുന്നത്. 40 മണ്ഡലങ്ങളിൽ ഇരുമുന്നണികളും ബലാബലത്തിലാണ്. വോട്ടെടുപ്പിന് മണിക്കൂറുകൾ ബാക്കിയിരിക്കെയുള്ള ചിത്രമാണിത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോഴുണ്ടായതിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് പ്രചാരണം അവസാനിക്കുമ്പോഴുള്ള സ്ഥിതി.

പ്രചാരണ വിഷയങ്ങൾ മാറിമറിയുകയും കൊണ്ടും കൊടുത്തും മുന്നേറുകയായിരുന്നു ഇരുമുന്നണികളും ബിജെപിയും. അനായാസ വിജയവും തുടർ ഭരണവും പ്രതീക്ഷിച്ച ഇടതു മുന്നണി കടുത്ത മത്സരമാണ് നേടുന്നതെങ്കിലും, അവസാന ലാപ്പിലും ഇടതുമുന്നണിക്ക് തന്നെയാണ് നേരിയ മുൻതൂക്കം. ആരോപിക്കപ്പെട്ട ഡീൽ നടപ്പിലായാൽ മാത്രമെ ബിജെപിക്ക് എന്തെങ്കിലും നേട്ടമുണ്ടാക്കാൻ കഴിയുകയുള്ളു. മറിച്ചാണ് യാഥാർത്ഥ്യമെങ്കിൽ കഴിഞ്ഞ തവണ തുറന്ന അക്കൗണ്ട്പോലും നിലനിർത്താൻ ബിജെപിക്ക് പ്രയാസമായിരിക്കും. തുടക്കത്തിൽ 35 ഇടങ്ങളിൽ മാത്രമായിരുന്ന ബലാബലം ഇപ്പോൾ കൂടുതൽ മണ്ഡലത്തിലേക്ക് വ്യാപിച്ചിട്ടുണ്ട്. ഇതിനകം 52 മണ്ഡലങ്ങളിൽ ഇടതുമുന്നണിക്ക് വിജയം ഉറപ്പാക്കാനായിട്ടുണ്ട്. 49 ഇടങ്ങളിൽ വലതുമുന്നണിയും വിജയം ഉറപ്പാക്കുന്നു.

ലീഗ് കോട്ടയായ മലപ്പുറം ജില്ലയുൾപ്പെടെ മലബാറിലും മധ്യകേരളത്തിലും യുഡിഎഫിന് മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞപ്പോൾ മലബാറിലെയും തിരുവിതാംകൂറിലെയും പരമ്പരാഗത മണ്ഡലങ്ങൾ ഉറപ്പിക്കാൻ ഇടതുമുന്നണിക്കും സ്ധായമായിട്ടുണ്ട്. കോൺഗ്രസ് അവതരിപ്പിച്ച യുവ സ്ഥാനാർത്ഥികൾക്ക് മത്സരം കടുപ്പിക്കാൻ കഴിഞ്ഞെങ്കിലും, അതൊക്കെ എത്ര കണ്ട് വോട്ടായി മാറുമെന്ന് കരുതാനാവില്ല. വികസനത്തുടർച്ചയ്ക്ക് ഇടതുമുന്നണി അധികാരത്തിൽ തുടരണമെന്ന് ഇടതുമുന്നണി തുടക്കത്തിൽ ഉന്നയിച്ച നിലപാടിനോട് നല്ല അനുകൂല പ്രതികരണമാണ് ആദ്യംതൊട്ടേ ഉണ്ടായത്. ഇപ്രകാരം ക്ഷേമ പെൻഷനുകളും ഭക്ഷ്യകിറ്റും വോട്ടായി മാറുമെന്ന പ്രതീക്ഷയ്ക്കും വലിയ തോതിൽ മങ്ങലേൽപ്പിക്കാൻ വലതുമുന്നണിക്ക് സാധ്യമായിട്ടില്ല. ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ കേരളം കൈവരിച്ച നേട്ടവും ഇടതു മുന്നണിക്കനുകൂലമാണ്.

തദ്ദേശ തെരഞ്ഞെടുപ്പിൽ ഏശാതെ പോയ സ്വർണ്ണക്കടത്ത് വിവാദം നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് ആവർത്തിക്കുകയും ആഴക്കടൽ ട്രോളർ വിവാദവും വോട്ടർപ്പട്ടിക ക്രമക്കേടും പ്രചാരണായുധമാക്കുകയും ചെയ്യുന്നുണ്ടെങ്കിലും അതൊക്കെയും എത്ര കണ്ട് വോട്ടർമാകെ സ്വാധീനിച്ചിട്ടുണ്ടെന്നതിന് വ്യക്തതയില്ല. പ്രധാനമന്ത്രിയുടെയും അമിത് ഷായുടെയും വരവും ബിജെപി കേന്ദ്ര നേതാക്കളുടെ സാന്നിധ്യവും ബിജെപി അണികൾക്കിടയിൽ വലിയ ആവേശമുണ്ടാക്കിയിട്ടുണ്ട്.  എന്നാൽ മതേതര വോട്ടുകളുടെയും ന്യൂനപക്ഷ വിഭാഗങ്ങളുടെയും വോട്ട് ഏകീകരണത്തിന് ബിജെപി യുടെ അമിതാവേശം സഹായകരമായിട്ടുണ്ടെന്ന വിലയിരുത്തലാണ് ഇടതു-വലതു മുന്നണികൾക്കുള്ളത്.

LatestDaily

Read Previous

വധശ്രമക്കേസ്സിൽ യുവാവ് അറസ്റ്റിൽ

Read Next

കണ്ടെയ്നർ ലോറി മറിഞ്ഞു