ദുരാചാരത്തിന്റെ ഇരകൾ

സംസ്ക്കാര സമ്പന്നരും, വിദ്യാസമ്പന്നരും സഹൃദയരുമാണ് കേരളീയരെന്ന പൊങ്ങച്ച പ്രകടനങ്ങളുടെ ഊതിവീർപ്പിച്ച പെരുമയിൽ സൂചിക്കുത്തേൽപ്പിച്ച്  കേരളം തുടർച്ചയായി സ്ത്രീധന പീഡന മരണങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താൻ മത്സരിക്കുകയാണെന്നാണ് അടുത്ത കാലത്ത് നടന്ന സംഭവങ്ങൾ വഴി വ്യക്തമാകുന്നത്.

കൊല്ലത്ത് വിസ്മയ എന്ന പെൺകുട്ടിയുടെ ജീവനെടുത്തതും സ്ത്രീധന സമ്പ്രദായമാണ്. സ്ത്രീധനമെന്ന ദുരാചാരം നിയമം മൂലം നിരോധിച്ച നാട്ടിലാണ് തുടർച്ചയായി സ്ത്രീധന മരണങ്ങൾ നടക്കുന്നതെന്നതാണ് വിരോധാഭാസം. കുടുംബമുണ്ടാക്കാൻ പെൺമക്കളുടെ മാതാപിതാക്കൾ യുവാക്കളെ വിലയ്ക്കെടുക്കേണ്ടി വരുന്ന ദുരവസ്ഥയാണ് സ്ത്രീധന സമ്പ്രദായം.

കിലോക്കണക്കിന് സ്വർണ്ണവും, പണവും, കാറും, ഭൂമിയും സ്ത്രീധനമായി വാങ്ങിയ ശേഷം അത് തികയാതെ ആർത്തി മുഴുത്ത് സ്വന്തം ജീവിത പങ്കാളിയെ കൊലയ്ക്ക് കൊടുത്ത ക്രൂരതയാണ് വിസ്മയയുടെ മരണത്തിന് കാരണമായിരിക്കുന്നത്. സ്ത്രീകളെ കിടപ്പറയിലെ ഭോഗ വസ്തുവായി മാത്രം പരിഗണിക്കുന്ന മനോവൈകല്യമുള്ള യുവാക്കളുടെ സമൂഹമായി കേരളം ദിനംപ്രതി തരംതാഴ്ന്ന്കൊണ്ടിരിക്കുകയാണെന്നതിന്റെ ആപത് സൂചനകളാണ് അടിക്കടിയുണ്ടായിക്കൊണ്ടിരിക്കുന്ന സ്ത്രീധന പീഡന മരണങ്ങൾ.

ഇത്തരം മനോവൈകല്യമുള്ള സമൂഹത്തിന്റെ പ്രതിനിധി കൂടിയാണ് കൊല്ലത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച വിസ്മയയുടെ ഭർത്താവ്. ഭാര്യയെന്നാൽ എന്തും സഹിക്കാൻ വിധിക്കപ്പെട്ടവരാണെന്ന പുരാണ സങ്കൽപത്തിലൂന്നിയാണ് ഒാരോ ഭർത്താക്കൻമാരും സ്വന്തം ഭാര്യമാരെ കൈകാര്യം ചെയ്തു കൊണ്ടിരിക്കുന്നത്. വിവാഹക്കമ്പോളത്തിൽ വിലയില്ലാത്ത ചരക്കായി സ്ത്രീ സമൂഹം അധഃപതിക്കുന്നതിന്റെ ദൃഷ്ടാന്തമാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലും കേരളത്തിൽ നടക്കുന്ന സ്ത്രീധനമെന്ന ദുരാചാരം.

ദുരാചാരങ്ങളെ പുറം കാൽകൊണ്ട് തൊഴിച്ചെറിഞ്ഞ നവോത്ഥാന പാരമ്പര്യമുള്ള കേരളത്തിലാണ് സ്ത്രീധനത്തിന്റെ പേരിൽ അടിക്കടി യുവതികളുടെ പടുമരണങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സ്ത്രീധനമായി കിട്ടിയ കാറിന് ഭംഗി പോരെന്ന് പറഞ്ഞാണ് വിസ്മയയുടെ ഭർത്താവ് വിസ്മയയെ ഉപദ്രവിച്ചുകൊണ്ടിരുന്നതെന്നതാണ് സങ്കടം.

സ്ത്രീധനത്തിന്റെ ബലിയാടായി സ്ത്രീ സമൂഹം ഒരു മുഴം കയർത്തുമ്പിൽ കുരുങ്ങി ഒടുങ്ങിക്കൊണ്ടിരിക്കുമ്പോഴും രാഷ്ട്രീയ സംഘടനകളോ മതസംഘടനകളോ ഇതിനെതിരെ പ്രതികരിക്കാത്തത് ക്രൂരതയാണ്. തനിക്ക് കുടുംബമുണ്ടാക്കാൻ പെൺമക്കളുടെ പിതാക്കൻമാരിൽ നിന്ന് സ്ത്രീധനം കണക്ക് പറഞ്ഞ് വാങ്ങിക്കുന്ന വകയ്ക്ക് കൊള്ളാത്ത പുരുഷനാമധാരികളെ മടൽവെട്ടി അടിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. പുരുഷ കേന്ദ്രീകൃതമായ കുടുംബവ്യവസ്ഥ നില നിൽക്കുന്ന കാലത്തോളം നിലവിലെ സ്ത്രീധന സമ്പ്രദായവും, സ്ത്രീധനപീഡന മരണങ്ങളും അവസാനിക്കുമെന്ന് കരുതുക വയ്യ.

തന്റെ ജീവിത പങ്കാളി തന്നെപ്പോലെ തന്നെ ജീവനും രക്തവും ഉള്ളയാളാണെന്നും, അവൾക്കും തുല്യ സ്ഥാനം അവകാശപ്പെട്ടതാണെന്നും പുരുഷ വർഗം തിരിച്ചറിയാത്തിടത്തോളം നിലവിലെ അവസ്ഥ തുടരുക തന്നെ ചെയ്യും. വിസ്മയയുടെ മരണത്തെത്തുടർന്ന് നവമാധ്യമങ്ങളിൽ തിളയ്ക്കുന്ന പ്രതിഷേധം  ചായക്കോപ്പയിലെ കൊടുങ്കാറ്റായി ഒടുങ്ങും. വീണ്ടും വിസ്മയമാർ ഉണ്ടാകാതിരിക്കാൻ സ്ത്രീധനം ചോദിച്ചെത്തുന്നവരെ നിലയ്ക്ക് നിർത്തുകയാണ് വേണ്ടത്.

സ്ത്രീധന സമ്പ്രദായത്തിനെതിരെ ശക്തമായ നിയമനിർമ്മാണം നടത്തേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. വധുവിന്റെ പിതാവിന്റെ സമ്പാദ്യത്തിൽ മാത്രം ലക്ഷ്യമിട്ടെത്തുന്ന നിർഗുണൻമാരെ ചൂലെടുത്ത് അടിച്ചോടിക്കാൻ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സ്ത്രീശക്തി മുന്നോട്ട് വരുന്ന കാലവും വിദൂരമല്ല. 

LatestDaily

Read Previous

കാഞ്ഞങ്ങാട്- പാണത്തൂർ പാത: കിഫ്ബി പരിശോധിച്ചു

Read Next

പാർട്ടി നടപടിക്ക് വിധേയായ സ്ത്രീക്ക് മുൻഎംപിയുടെ ഫേസ്ബുക്ക് കമന്റ്